അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ യൂദാശ്ലീഹായുടെ അത്ഭുതങ്ങള്‍ക്ക് തുടക്കമായ സംഭവം കേള്‍ക്കണോ?

ഈശോയുടെ പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളായിരുന്നു വിശുദ്ധ യൂദാ തദേവൂസ് എന്ന് നമുക്കറിയാം. യോഹന്നാന്‍ എഴുതിയ സുവിശേഷം 14:22 ല്‍ മാത്രമാണ് യൂദായുടേതായ സംസാരം രേഖപ്പെടുത്തിയിരിക്കുന്നതും. അസാധ്യകാര്യങ്ങളുടെ പ്രത്യേക മധ്യസ്ഥനായിട്ടാണ് യൂദാശ്ലീഹായെ സഭ വണങ്ങുന്നത്.വിശുദ്ധനോടുള്ള മാധ്യസ്ഥ ശക്തി സ്വജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുള്ളവരുമാണ് നമ്മള്‍.

ഇങ്ങനെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി യൂദാ ശ്ലീഹായെ വണങ്ങാന്‍ തക്ക ഒരു പ്രത്യേക കാരണമുണ്ടെന്നാണ് ചരിത്രകാരനായ എവുസേബിയൂസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈശോ ജീവിച്ചിരിക്കുമ്പോഴാണ് ഈ സംഭവം. എദേസയിലെ അബ്ഗാര്‍ അഞ്ചാമന് ഗുരുതരമായ രോഗം പിടിപ്പെട്ടു. മാറാരോഗം. ഈശോയെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം തന്നെ വന്നുസുഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഈശോയ്ക്ക് കത്തെഴുതി. താന്‍ തന്റെ ഒരു അപ്പസ്‌തോലനെ പറഞ്ഞയ്ക്കാമെന്നായിരുന്നുവത്രെ ഈശോയുടെ മറുപടി.

ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തുകഴിഞ്ഞപ്പോള്‍ സുവിശേഷപ്രഘോഷണത്തിനായി യൂദാശ്ലീഹാ എദേസയിലേക്ക് യാത്രയാകുകയും അബ്ഗാറിനെ സന്ദര്‍ശിക്കുകയും ചെയ്തു.യൂദാ അദ്ദേഹത്തിന് മേല്‍ കൈകള്‍ വച്ച നിമിഷം രോഗശമനം അസാധ്യമെന്ന് കരുതിയിരുന്നരോഗം അപ്രത്യക്ഷമാകുകയും രാജാവ് സുഖം പ്രാപിക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണത്രെ യൂദാശ്ലീഹായെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി വണങ്ങാനാരംഭിച്ചത്.

ഒക്ടോബര്‍ 28 നാണ് വിശുദ്ധന്റെ തിരുനാള്‍.

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായേ എന്റെ ജീവിതത്തിലെ ഈ അസാധ്യകാര്യത്തിന്റെ മേല്‍ അങ്ങയുടെ ശക്തി പ്രയോഗിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.