ജീവജലം നമ്മിൽ നിന്ന് പ്രവഹിക്കുമോ..?


“കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്‍റെ കരവേലയാണ്‌. ഇവയെല്ലാം എന്‍റേതുതന്നെ. ആത്‌മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്‍റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്‌ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്‌ഷിക്കുക.”(ഏശയ്യാ 66 : 2)
 

നമ്മോടുള്ള സ്നേഹത്തിന്റെ പ്രതീകമായി  യേശുനാഥൻ എന്നും നമ്മോടൊപ്പം വസിക്കുന്നതിനായി പരിശുദ്ധാത്മാവിനെ സഹായകനായി നൽകി.
 

ഇപ്രകാരം നമുക്ക് നൽകപ്പെട്ട ദൈവത്തിന്റെ  അരൂപിയായ പരിശുദ്ധാത്മാവ്  നമ്മിൽ നിരന്തരം വസിക്കാൻ ആഗ്രഹിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അതിനുതക്ക രീതിയിൽ നാം നമ്മെ ഒരുക്കാറുണ്ടോ എന്നതാണ് ചിന്തിക്കേണ്ടത് .
 

ശാരീരികമായും മാനസികമായും ആത്മീയമായും  ശുദ്ധിയുള്ള ഒരു അവസ്ഥ  സംജാതമാകുമ്പോൾ മാത്രമാണ് പരിശുദ്ധാത്മാവിന് സ്വതന്ത്രമായി നമ്മുടെ ജീവിതത്തിൽ ഇടപെടാൻ സാധിക്കുകയുള്ളൂ.
 എളിമയും വിനയവും  വചനത്തോട് വിധേയത്വമുള്ള വ്യക്തികളിലാണ് പരിശുദ്ധാത്മാവ് നിരന്തരം സജീവമാകുന്നത്. ഇപ്രകാരം ദൈവീക പദ്ധതിയോട് പൂർണമായി വിധേയപ്പെട്ടുമ്പോൾ വചനം പറയുന്നതുപോലെ അവരുടെ ഹൃദയത്തിൽ നിന്ന് ജീവജലത്തിന് അരുവികൾ ഒഴുകും.

നമുക്കറിയാം നമ്മുടെയൊക്കെ പ്രദേശത്ത്  ചെറിയ അരുവികളും തോടുകളും ഉണ്ട്. നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ഒന്നാണ് ജലത്തിന്റെ ഈ പ്രവാഹം. നമ്മൾ ടാപ്പ് തുറന്ന്  ബക്കറ്റിലോ  പാത്രത്തിലോ കുറച്ചു വെള്ളം എടുക്കുന്നത് പോലെ വല്ലപ്പോഴും സംഭവിക്കുന്ന ഒഴുക്കല്ല ഇത്.
 

നല്ല ഒരു അരുവിയുടെ പ്രവാഹം എന്നു പറയുന്നത് അത് നിരന്തരം ഒഴുകി കൊണ്ടിരിക്കുകയാണ്. ദൈവവചനത്തിൽ ആയിരിക്കുന്ന വ്യക്തികളിൽ നിന്ന് ഇപ്രകാരമുള്ള ഒരു ആത്മീയ ഉണർവും പ്രവാഹവും ആണ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിവഴി ഉണ്ടാകുന്നത്.

ആത്മീയ ശുശ്രൂഷ മേഖലയിലുള്ള നിരവധി ആളുകളെ നാം വീക്ഷിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കും. മനുഷ്യരുടെ മുൻപിൽ  വലിയ മഹത്വമൊന്നും അവകാശപ്പെടാനില്ലാത്ത വിദ്യാഭ്യാസ യോഗ്യതയുടെ മേന്മകൾ അവകാശപ്പെടാനില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ വ്യക്തികളെ.. (പലരും നിത്യവൃത്തിക്കുപോലും പ്രയാസപ്പെടുന്നവരുമാണ്)  പരിശുദ്ധാത്മാവ് നിരന്തരം ഉപയോഗിക്കുന്നത്.
 

ദൈവരാജ്യ വ്യാപനത്തിനുവേണ്ടി അനേകം ആത്മാക്കളെ യേശുവിനുവേണ്ടി നേടിയെടുക്കാൻ ഇവർ ഉപയോഗിക്കപ്പെടുന്നു.
 മാമോദിസ വഴി യേശുവാകുന്ന ജീവജലത്തിന്റെ അരുവിയിൽ അംഗമാക്കപ്പെട്ട എല്ലാവരും ഇപ്രകാരം മറ്റുള്ളവർക്ക്  ജീവൻ പകരുന്ന അരുവികൾ ആകാൻ നിയോഗിച്ച പെട്ടവരാണ്. എന്നാൽ ഭൂരിപക്ഷംപേരും ഇതു മനസ്സിലാക്കാതെ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ അവസ്ഥയിൽ ഒഴുക്ക് തടസ്സപ്പെട്ട അരുവികൾക്ക് സമാനം ജീവിക്കുകയാണ്.

നമ്മിലൂടെ ദൈവാരൂപിയുടെ  പ്രവാഹത്തിന് തടസ്സമായി നിൽക്കുന്ന മാലിന്യങ്ങളെ കണ്ടെത്തി കുമ്പസാരം എന്ന കൂദാശയിലൂടെ അവയെല്ലാം  എടുത്തുമാറ്റി ജലധാരയുടെ പ്രവാഹം സുഖമമാക്കുമ്പോൾ നാമെല്ലാം യേശു നൽകുന്ന ജീവൻ പ്രവഹിക്കുന്ന വ്യക്തികളായി മാറും.

ഈ ദിവസങ്ങളിൽ  നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ട പന്തക്കുസ്ത അനുഭവം ഇതാകണം. ഇനിയുള്ള ദിവസങ്ങൾ തീവ്രമായ അഭിലാഷത്തോടെ അതിനുവേണ്ടി നമുക്ക് നമ്മെതന്നെ ഒരുക്കാനും ശുദ്ധീകരിക്കാനും കഴിയുമെങ്കിൽ വലിയ അത്ഭുതം നമ്മിലും  നാമായിരിക്കുന്ന ഇടത്തും കാണുവാൻ സാധിക്കും.  നമുക്കും മറ്റുള്ളവരുടെ മുൻപിൽ ഒരു അനുഗ്രഹവും അത്ഭുതവും ആയിത്തീരാൻ പരിശുദ്ധാത്മാവിന്റെ നിറവുവഴി സാധ്യമാകും.

പ്രേംജി മുണ്ടിയാങ്കൽ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.