പാപം ചെയ്യാനുളള പ്രേരണ ശക്തമാണോ, എങ്കില്‍ ഈ മരിയരൂപത്തിലേക്ക് നോക്കിയാല്‍ മതി

മനുഷ്യന്‍ പാപപ്രകൃതമുള്ളവനാണ്. ജീവിതത്തില്‍ ചെറുതും വലുതുമായ അനേകം പാപങ്ങള്‍ ചെയ്തിട്ടുള്ളവരാണ് നാം ഓരോരുത്തരും. ലഘുപാപം പോലെയല്ല മാരകപാപം.നരകത്തിന് നമ്മെ അര്‍ഹരാക്കി മാറ്റുന്നതാണ് അത്തരം പാപങ്ങള്‍. എന്നാല്‍ അത്തരംപാപങ്ങള്‍ പോലും ചെയ്യാനുള്ള ആസക്തി ചില നേരങ്ങളില്‍ നമ്മില്‍ തല ഉയര്‍ത്തും. ഈ നിമിഷങ്ങളെ അതിജീവിക്കാന്‍ നമുക്ക് എളുപ്പത്തില്‍ കഴിയുന്ന ഒരു ആത്മീയ പരിശീലനത്തെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.


ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍പാപം ചെയ്യാനായി തന്റെ മുറിയില്‍ നിന്ന് തിടുക്കപ്പെട്ട് പുറത്തേക്ക് ഇറങ്ങി. ആ നിമിഷം അവന്റെ കാതില്‍ ഒരു ശബ്ദം മുഴങ്ങി. നില്ക്കൂ, നീ എവിടേയ്ക്കാണ് പോകുന്നത്? അവന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് വ്യാകുല മാതാവിന്റെ രൂപമാണ്. വാള്‍ തുളച്ചുകയറിയിരിക്കുന്ന മരിയരൂപം തന്നെ. മാതാവ് തന്നോട് ഇപ്രകാരം പറയുന്നതുപോലെ ആ ചെറുപ്പക്കാരന് അനുഭവപ്പെട്ടു. എന്റെ മകന് സംഭവിച്ച ആഴമേറിയ മുറിവിനെക്കാള്‍ എന്നെ തുളച്ചുകയറുന്നത് നീ ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന പാപമാണ്. ഈ വാള്‍ കൊണ്ട് എന്റെ ഹൃദയംതുളയ്ക്കുന്നതാണ് ഇതിനെക്കാള്‍ ഭേദം.


ഈ വാക്കുകള്‍ കേട്ടപ്പോള്‍ ചെറുപ്പക്കാരന്റെ മനസ്സ പശ്ചാത്താപവിവശമായി. അവന്‍ വേഗം മാതാവിനോട് മാപ്പ് ചോദിക്കുകയും പിന്നീട് പാപപ്രവൃത്തിയില്‍ നിന്ന് പിന്തിരിയുകയും ചെയ്തു.


അതുകൊണ്ട് പാപം ചെയ്യാനുള്ള പ്രലോഭനമുണ്ടാകുമ്പോള്‍ വ്യാകുലമാതാവിന്റെ രൂപത്തിലേക്ക് നോക്കുക. ആ വാളിലേക്ക് നോക്കുക. അമ്മയുടെ ഹൃദയത്തിലേക്ക് വാള്‍ കുത്തിയിറക്കുന്നതിനെക്കാള്‍ ഭയാനകമാണ് നാം ചെയ്യാന്‍ പോകുന്ന പാപം.ഈ തിരിച്ചറിവ് പാപത്തില്‍ നിന്നും പാപചിന്തയില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.