സന്യാസചിന്തകള്‍- പോള്‍ കൊട്ടാരം കപ്പൂച്ചിന്‍ എഴുതിയ ലേഖനം


എന്താണ് ക്രിസ്തീയ സന്യാസം? എന്തിനാണ് ക്രിസ്തീയ സന്യാസം? ആരാണ് ക്രിസ്തീയ സന്യാസി? ആർക്കൊക്കെ ക്രിസ്തീയ സന്യാസിയാകാം? ക്രിസ്തീയ സന്യാസത്തിൽ കാലികമായ മാറ്റങ്ങൾക്ക് എന്തെങ്കിലും സാധ്യതയുണ്ടോ? തുടങ്ങിയ പ്രസക്തവും അപ്രസക്തവുമായ കാര്യങ്ങളെക്കുറിച്ച്, സന്യാസികളും സന്യാസികളല്ലാത്തവരും, ക്രൈസ്തവരും, അക്രൈസ്തവരും, വിശ്വാസിയും അവിശ്വാസിയും തുടങ്ങി ഏതാണ്ടെല്ലാവരും തന്നെ സാമൂഹിക മാധ്യമങ്ങളിലൂടേയും മറ്റ് പത്ര മാധ്യമങ്ങളിലൂടേയും ആവേശത്തോടെ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഇവയെല്ലാം കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നവർക്കും ഇവയെക്കുറിച്ചെല്ലാം പറഞ്ഞറിയുന്നവർക്കും ഇതിലടങ്ങിയിരിക്കുന്ന സത്യമെന്താണ്, യാഥാർത്ഥ്യമെന്താന്നെന്ന്, തെറ്റെന്താണ് എന്നൊക്കെ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികമാണ്, കാരണം ഇവരെല്ലാവരും പറയുന്നത് അക്ഷരംപ്രതി സത്യമത്രേ! 

ഇത്തരം “സത്യങ്ങളിൽ” സന്യാസത്തെയും സന്യാസിയേയും ബഹുമാനിക്കുന്നതും പുകഴ്ത്തി പറയുന്നതും സന്തോഷിപ്പിക്കുന്നതും എന്നാൽ ഒരു വാക്കിനാൽ പോലും അസ്വസ്ഥപ്പെടുത്താത്തതുമായത് ആരുടെ ഭാഗത്തുനിന്നും വരുന്നതുമാകട്ടെ അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുക എന്നതാണ് പൊതുരീതി. എഴുതുകയോ പറയുകയോ ചെയ്ത വ്യക്തിയുടെ ജനകീയത നോക്കിയും ആ വ്യക്തിയോടുള്ള ഇഷ്ടം കൊണ്ടും ഇപ്പറഞ്ഞതാണ് ശരിയായത് എന്ന് കുറേയധികം പേരെങ്കിലും നിലപാടെടുക്കുന്നു. ഇവിടെ ആശയത്തിലൂടെ പ്രകടമാകുന്ന  ശ്രേഷ്ഠതയോ ആധികാരികതയോ അല്ല മാനദണ്ഡമാക്കപ്പെടുന്നത്. അതിനാൽത്തന്നെ ഇതിന്  വിപരീതമെന്ന്  തോന്നുന്ന ആശയങ്ങൾ ഉയർത്തുന്നവരെ പ്രഥമദൃഷ്ടിയിൽ തന്നെ മോശക്കാരായി കാണുന്നു, അവർക്കെതിരെ പല വിധത്തിൽ ശബ്ദമുയർത്തുന്നു. 

ഞാനൊരു സന്യാസിയാണ്, ആയതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന ചോദ്യങ്ങളെല്ലാം എന്റെ സന്യാസജീവിതത്തിനും വളരെ പ്രസക്തമാണ് എന്നതുമാത്രമല്ല, ഇവയെല്ലാം ഞാൻ എന്നോട് തന്നെ  നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കണം എന്നുമാണ് ഞാൻ മനസിലാക്കുന്നത്. ഇത്തരത്തിൽ ഒരുവൻ സ്വയം നടത്തുന്ന ചോദ്യംചെയ്യലുകൾ മാത്രമേ ഞാനെന്ന സന്യാസിയുടെ വഴിതെറ്റാതിരിക്കാനും ന? നഷ്ടപ്പെടാതിരിക്കനുമൊക്കെ സഹായിക്കുകയുള്ളൂ. എന്തെന്നാൽ ആത്മവിമർശനമില്ലാത്ത ആത്മീയത ആഴമില്ലാത്തതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈശോ അപ്പം വർദ്ധിപ്പിക്കുന്നതിന് മുൻപായി ശിഷ്യൻമാരോട് ചോദിക്കുന്ന ചോദ്യം – നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? – (മർക്കോ 6 : 38) ഇവിടെ ചേർത്ത് വായിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. സന്യാസത്തെക്കുറിച്ചുള്ള ചോദ്യങ്ങളേയും ആകുലതകളേയും ഒറ്റ കാര്യത്തിലേക്ക് സംഗ്രഹിച്ചാൽ ഇപ്രകാരമായിരിക്കുമത്:

ഇതുവരെയുള്ള നിന്റെ സന്യാസ ജീവിതത്തിലൂടെ ആത്മീയമായി സായത്തമാക്കിയതായി എന്തുണ്ട് എന്നതാണാ ചോദ്യം. (നിന്റെ പക്കൽ എന്തുണ്ട്?) പലതരത്തിലും രീതിയിലുമായിട്ടായിരിക്കും ഈ ചോദ്യത്തിന് ഓരോരുത്തരം ഉത്തരം നൽകുക. എങ്കിലും ഇവിടെ ഓരോ സന്യാസിയും ആത്മാർത്ഥമായി ഹൃദയം തുറന്ന്  ഉത്തരം കൊടുക്കാൻ ശ്രമിക്കുമ്പോൾ തന്നെ സഭയിൽ നവീകരണത്തിന്റേയും വിശുദ്ധിയുടേയും വാതായനങ്ങൾ തുറക്കപ്പെടും എന്നതുറപ്പാണ്.

ഇതിന് ഉത്തരമായി ഗലാത്തിയർക്കുള്ള ലേഖനത്തിലൂടെ പൗലോസ് അപ്പസ്തോലൻ വെളിപ്പെടുത്തുന്നതുപോലെ പറയാനും ജീവിക്കാനുമാകുക എന്നതാണ് പ്രധാനം. “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്ത ദൈവപുത്രനിൽ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്. (ഗലാ. 2.20) ഇതാണെന്റെ സന്യാസം എന്ന് ഞാൻ വിശ്വസിക്കുന്നു.

ക്രിസ്തുവിലുള്ള ആഴമേറിയ സ്നേഹത്തിലാണ് ക്രിസ്തീയ സന്യാസം കെട്ടിപ്പടുത്തിരിക്കുന്നത്. സന്യാസത്തിന്റെ പാലനത്തിനും പരിപോഷണത്തിനുമായി രൂപപ്പെടുത്തിയിട്ടുള്ള ഓരോ നിയമങ്ങളും അതെത്രമാത്രം ചെറുതും വലുതുമായിക്കൊള്ളട്ടെ, ഈ സ്നേഹത്തിലാണ് വായിക്കപ്പെടേണ്ടതും മനസിലാക്കപ്പെടേണ്ടതും വ്യാഖ്യാനിക്കപ്പെടേണ്ടതും. സ്നേഹത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായ കർത്താവ് എപ്പോഴും നമുക്കൊപ്പമുണ്ട്. എന്തെല്ലാമാണ് ക്രിസ്തുവിലൂടെ കൈമാറിക്കിട്ടിയ ഈ സ്നേഹത്തിന്റെ പ്രത്യേകതകൾ എന്നത് കോറിന്തോസുകാർക്കുള്ള ഒന്നാമത്തെ ലേഖനത്തിലെ പതിമൂന്നാം അധ്യായത്തിൽ വി.പൗലോസ് വ്യക്തതയോടെ പറഞ്ഞുതരുന്നുണ്ട്.

ഈശോ തന്റെ ജീവിതംകൊണ്ട് കാണിച്ചുതന്നതും പിന്നീട് വചനങ്ങളിലൂടെത്തന്നെ വ്യക്തമാക്കപ്പെട്ടതുമായ സ്നേഹത്തിന്റെ ജീവിതംതന്നെയാണ് സന്യാസം, അല്ലാതെ മറ്റൊന്നുമല്ല. 
സന്യാസത്തിന് അകത്തുള്ളവരും, സന്യാസത്തെക്കുറിച്ച് കേട്ടറിവുള്ളവരും, സന്യാസത്തെയും സന്യാസികളേയും സ്നേഹിക്കുന്നവരും അതുപോലെ എതിർക്കുന്നവരും, നിത്യേനയെന്നോണം നടത്തുന്ന സംവാദങ്ങളെ തുറന്ന മനസോടെ സമീപിക്കുന്നത് നല്ലതെന്നാണ് വ്യക്തിപരമായി ഞാനെടുക്കുന്ന നിലപാട്. ചിലതെല്ലാം, ഞാനുൾപ്പെടെ അനേകർ സ്വീകരിച്ചിട്ടുള്ള സന്യാസത്തെ ഏറ്റവും മോശമായ വാക്കുകളാലും രീതികളാലും അപമാനിക്കാനും വികൃതമാക്കാനും ജനമധ്യത്തിൽ അവഹേളിക്കുവാനും മാത്രമായി  മാറുമ്പോഴും സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചുള്ള വ്യക്തത സാമുവൽ പ്രവാചകന്റെ രണ്ടാം പുസ്തകം തരുന്നുണ്ട്.

ദാവീദ് രാജാവ് ബഹൂറിമിൽ എത്തിയപ്പോൾ സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകൻ ഷിമെയി ശാപം ചൊരിഞ്ഞുകൊണ്ട് പുറപ്പെട്ടു വന്നു. രാജാവിനെതിരെ ശാപം ചൊരിഞ്ഞ ഷിമെയിയെ കൊല്ലാനായി ദാവീദിന്റെ കൽപനയ്ക്കായി കൂടെയുള്ളവർ ആവശ്യപ്പെടുമ്പോൾ രാജാവു പറഞ്ഞതിപ്രകാരമാണ്: സെരൂയപുത്രൻമാരേ നിങ്ങൾക്ക് എന്തുകാര്യം? ദാവീദിനെ ശപിക്കുക എന്നു കർത്താവ് കൽപിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കിൽ അരുതെന്നു പറയുവാൻ ആർക്കു കഴിയും? (2 സാമുവൽ 16:5,10) 

സന്യസ്തരെക്കുറിച്ചും സന്യാസത്തെക്കുറിച്ചും മോശം പറയുന്നവർ അവരുടെ രീതി അഭംഗുരം തുടർന്നോട്ടെ. അവരെ തിരുത്തലല്ല എന്റെ സന്യാസം, അതിനെക്കുറിച്ചധികം അസ്വസ്ഥതകളും വേണ്ട. ആകെ ആവശ്യമായുള്ളത് ദാവീദ് രാജാവ് പറഞ്ഞതുപോലെ ചിന്തിക്കാനും പ്രവർത്തിക്കുവാനും കഴിയുന്ന ഒരു മനസാണ്. പ്രകോപിതമാകാൻ സാധ്യത ഉള്ളപ്പോഴും ശാന്തത കൈവിടാത്തതും സൗമ്യത നഷ്ടമാകാത്തതുമായ ഒരു മനസ് വളർത്തിയെടുക്കാൻ സാധിക്കുക എന്നതാണ് പ്രധാനം. എനിക്ക് മാത്രമല്ല കർത്താവ് കാര്യങ്ങൾ കൃത്യമായി വെളിപ്പെടുത്തിത്തരിക എന്ന ബോധമുള്ളതും നല്ലതാണ്.

ക്രൈസ്തവ സന്യാസത്തിനെതിരെ എന്ന് തോന്നിപ്പിക്കുന്ന വിധമുള്ള കാര്യങ്ങൾ ഉയർന്നുവരുമ്പോൾ, അതിനെതിരെ സന്യാസത്തിന്റെ കാവൽക്കാരും സംരക്ഷകരും എന്നവിധത്തിൽ സന്യസ്തരുൾപ്പെടെ നടത്തുന്ന പ്രതികരണങ്ങളിൽ മിക്കപ്പോഴും ക്രിസ്തീയമല്ലാത്ത ശൈലി കടന്നുകൂടുന്നു എന്നത് ഇക്കാലഘട്ടത്തിന്റെ പ്രത്യേകതയാകാം. എങ്കിലും അത് തിരുത്തിയേ മതിയാകൂ. ക്രിസ്തുവിന്റെ പാതയിൽ അവന്റെ രീതികളുമായി, കാലത്തിന്റെ പ്രത്യേകതകൾ മനസിലാക്കി മാത്രമേ സന്യാസിക്ക് ജീവിക്കാനാകൂ.

അല്ലാതെ സന്യാസത്തെ ഒരു മായിക ലോകത്തിലുള്ള ജീവിതരീതിയായി അവതരിപ്പിച്ച്, ആർക്കും മനസിലാകാത്ത വിധമുള്ള വാക്കുകൾ ഉപയോഗിച്ച് വിശദീകരിച്ച് വൃത്തികേടാക്കേണ്ട ഒന്നല്ല ഈ ക്രൈസ്തവ സന്യാസം.

സന്യാസി തന്റെ മുഴുജീവിതത്താൽ – വാക്ക്, ചിന്ത, പ്രവൃത്തി – ക്രിസ്തുവിനൊപ്പമാകണം. അതാണീ വിളിയുടെയും ജീവിതത്തിന്റേയും അന്തസത്ത. അപ്പോൾ അവനെപ്പോലെ നന്മചെയ്ത് കടന്നുപോകാനുള്ള കൃപയുടെ വാതിൽ തുറക്കപ്പെടും സമാധാനപ്പിറവുകൾ വീണ്ടും പറന്നണയും.

പോൾ കൊട്ടാരം കപ്പൂച്ചിൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.