കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമായ ഈ മൂന്നു കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടോ?

ദൈവത്തെക്കാള്‍ കൂടുതല്‍ മനുഷ്യരെ ഭയപ്പെടുകയും ദൈവത്തിന്റെ പ്രീതിയെക്കാള്‍ മനുഷ്യരുടെ പ്രീതി നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ ചെയ്തികള്‍ പലതും മനുഷ്യരുടെ കൈയടി നേടാനുളളവയാണ്. മനുഷ്യര്‍ നമ്മെക്കുറിച്ച് നല്ലതു സംസാരിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. നമ്മുടെ പ്രവൃത്തികള്‍ അംഗീകരിക്കണം, നമ്മെക്കുറിച്ച് നല്ലതു പറയണം..ഇതൊക്കെയാണ് നമ്മുടെ ആഗ്രഹങ്ങള്‍. ഇതിന് വേണ്ടിയാണ് നാം ശ്രമിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ ഇതിനിടയില്‍ ദൈവം നമ്മെക്കുറിച്ച് എന്താണ് ആഗ്രഹിക്കുന്നത്, ദൈവത്തിന് നമ്മെക്കുറിച്ചുള്ള അഭിപ്രായം എന്താണ്..ഇതൊന്നും നാം ആലോചിക്കുന്നതേയില്ല.
ഇങ്ങനെയൊക്കെ ആകുമ്പോഴും ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ ഒന്നുപോലെ സ്വീകാര്യമായ ചില കാര്യങ്ങളുണ്ട്. പ്രഭാഷകന്റെ പുസ്തകം 25:1 ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ ആനന്ദം കൊള്ളുന്നു. അവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമാണ്. സഹോദരന്മാര്‍ തമ്മിലുള്ള യോജിപ്പ്, അയല്‍ക്കാര്‍ തമ്മിലുളള സൗഹൃദം, ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരമുള്ള ലയം.

ഇക്കാര്യങ്ങളെക്കുറിച്ച് നമുക്ക് ആലോചിക്കാം. ഒരുപക്ഷേ നാം ആത്മീയമായ ജീവിതം നയിക്കുന്നവരാണെന്ന് അഭിമാനിക്കുന്നവരായിരിക്കാം. അതായത് ഭക്തകൃത്യങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍. ദശാംശം കൊടുക്കുന്നവര്‍, കൊന്ത ചൊല്ലുന്നവര്‍, നിത്യവും പള്ളിയില്‍ പോകുന്നവര്‍. പക്ഷേ നമ്മുടെ മറ്റ് ബന്ധങ്ങള്‍ എപ്രകാരമുളളവയാണ്?
സഹോദരങ്ങളോടും അയല്‍ക്കാരോടും നാം രമ്യതയിലാണോ.. അവരെ ആവശ്യങ്ങളില്‍ സഹായിക്കാന്‍ നാം തയ്യാറായിട്ടുണ്ടോ.

അതുപോലെ ജീവിതപങ്കാളിയുമായി നാം സ്‌നേഹത്തിലാണോ.. പുറമേയ്ക്ക് ഒരേ പോലത്തെ നിറത്തിലുള്ള ഡ്രസ് ധരിച്ചും ചിരിച്ചും മാതൃകാദമ്പതികളെപോലെ പ്രത്യക്ഷപ്പെടുമ്പോഴും ജീവിതപങ്കാളിയുമായി ഹൃദയൈക്യം ഉണ്ടോ..

ഈ മൂന്നുകാര്യങ്ങളിലും യേസ് എന്നാണ് ആത്മാര്‍ത്ഥമായ മറുപടിയെങ്കില്‍ ദൈവം നമ്മെയോര്‍ത്ത് ആനന്ദം കൊള്ളുന്നുണ്ട്. നോ എന്നാണെങ്കില്‍ നമുക്ക് തിരുത്താന്‍ ഇതാ അവസരം ലഭിച്ചിരിക്കുന്നു.

അങ്ങനെ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായി മാറാന്‍ നമുക്ക് ശ്രമിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.