വണക്കമാസം ഏഴാം ദിവസം മരിയന്‍ പത്രത്തോടൊപ്പം

പരിശുദ്ധ കന്യകയുടെ വരപ്രസാദ യോഗ്യത

ദൈവം ഒരു വ്യക്തിയെ പ്രത്യേക ജോലിക്കോ, ദൗത്യനിര്‍വഹണത്തിനോ, ജീവിതാന്തസ്സിലേക്കോ തെരഞ്ഞെടുത്താല്‍ അതിനാവശ്യമായ ആധ്യാത്മികവും, മാനസികവും, ശാരീരികവുമായ ദാനങ്ങളാല്‍ ആ വ്യക്തിയെ സമലങ്കരിക്കുമെന്ന് വി. തോമസ്‌ അക്വിനാസ് പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ ദൈവമാതാവ് എന്ന ഉന്നത സ്ഥാനത്താല്‍ സമലംകൃതയായ പ. കന്യകാമറിയത്തിനു ദൈവം എത്ര അസാധാരണമായ ദാനങ്ങള്‍ നല്‍കപ്പെട്ടിരിന്നുവെന്ന് ചിന്തിച്ചു നോക്കൂ.

അമലോത്ഭവയായ പരിശുദ്ധ കന്യകയ്ക്കു സകല‍ വിശുദ്ധരെയും മാലാഖമാരെയേക്കാള്‍ അവര്‍ണ്ണനീയമായ യോഗ്യത ലഭിച്ചു. പ്രകൃത്യാതീതവും പ്രകൃത്യേതരമായ ദാനങ്ങളും പരിശുദ്ധാരൂപിയുടെ ദാനങ്ങളും ഫലങ്ങളും എല്ലാം പരിശുദ്ധ കന്യകയില്‍ അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. പരിശുദ്ധ കന്യക സകല സ്ത്രീകളിലും ഏറ്റവും അനുഗൃഹീതയാണ്. ഈ ലോകത്തില്‍ ജനിച്ചിട്ടുള്ള മറ്റു വ്യക്തികള്‍ക്ക് സ്വമാതാവിനെ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ ഈശോമിശിഹായ്ക്കു മാത്രമേ സ്വമാതാവിനെ തെരഞ്ഞെടുക്കാന്‍ സാധിക്കൂ.

മിശിഹാനാഥന്‍ മറിയത്തെ തെരഞ്ഞെടുത്തപ്പോള്‍ അവള്‍ സകല‍ സ്ത്രീകളിലും അനുഗൃഹീതയായിത്തീര്‍ന്നു. ദൈവത്തിന് ഈ ലോകം പോലെ മറ്റനേകം ലോകങ്ങളെ സൃഷ്ടിക്കുവാന്‍ സാധിക്കും. എന്നാല്‍ പരിശുദ്ധ കന്യകയേക്കാള്‍ പരിപൂര്‍ണയായ ഒരു മാതാവിനെ സൃഷ്ടിക്കുവാന്‍ സാധിക്കയില്ലയെന്ന്‍ വി. ബൊനവന്തുര പ്രസ്താവിക്കുന്നു. സകല ഗുണങ്ങളും നല്കി കൊണ്ട് ദൈവം കൊടുത്ത പേരാണ് മേരി. ക്രിസ്തീയ സുകൃതങ്ങളുടെ അനുഷ്ഠാനത്തിലൂടെ നമുക്ക് അനുഗൃഹീതരാകുവാന്‍ പരിശ്രമിക്കാം. അതിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമ്മുക്ക് തേടാം.

സംഭവം

ഒരിക്കല്‍ കുറെ ആള്‍ക്കാര്‍ വി.അല്‍ഫോന്‍സ് ലിഗോരിയുടെ അടുക്കല്‍ ഒരു മൃതശരീരം കൊണ്ടുവന്നു. ആ മരിച്ച മനുഷ്യനെ ജീവിപ്പിക്കണമെന്ന് അവര്‍ അല്‍ഫോന്‍സ് ലിഗോരിയോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍, പരിശുദ്ധ കന്യകയോടുള്ള അദ്ദേഹത്തിന്‍റെ സുദൃഢമായ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അനേകം ആളുകള്‍ നോക്കി നില്‍ക്കെ അത്ഭുതം നടന്നു. മരിച്ചുവെന്ന് അവര്‍ വിധിയെഴുതിയ ആള്‍ കണ്ണു തുറന്നു. അയാള്‍ ശ്വാസോച്ഛ്വാസം നടത്താന്‍ തുടങ്ങി. കാഴ്ച കണ്ടവരെല്ലാം പകച്ചു നിന്നു പോയി. ഈ സംഭവം വി. ലിഗോരി തന്നെ ജീവിതകഥയായി വിവരിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥന

ദൈവമേ, അവിടുന്ന്‍ സകല‍ വിശുദ്ധരുടെയും വിശുദ്ധിയെ അതിലംഘിക്കുന്ന വിശുദ്ധിയുടെ പരിവേഷത്താല്‍ പരിശുദ്ധ കന്യകയെ അലങ്കരിച്ചുവല്ലോ. ജ്ഞാനസ്നാന സ്വീകരണത്തില്‍ ലഭിച്ച പ്രസാദവരത്തെ കളങ്കപ്പെടുത്താതെ നിര്‍മ്മലമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അനുദിനം ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകള്‍ യഥാവിധി നിര്‍വഹിച്ചുകൊണ്ട് ഉത്തരോത്തരം വിശുദ്ധിയില്‍ പുരോഗമിച്ചു കൊണ്ട് അങ്ങേ ദിവ്യജനനിയെ ഞങ്ങള്‍ അനുഗമിക്കട്ടെ.

എത്രയും ദയയുള്ള മാതാവേ!

ലുത്തിനിയ

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഭൂവാസികളായ ഞങ്ങള്‍ക്കും നീ രാജ്ഞിയായിരിക്കേണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.