എഴാം ദിവസം-26-02-2022-വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

.

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

==========================================================================

എഴാം ദിവസം

ആദ്യഘട്ടം – ലോകാരൂപിയെ ഉപേക്ഷിക്കുക

താഴെ നൽകിയിരിക്കുന്ന വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക വായനകളും വിചിന്തനവും (ഓരോരുത്തരും തങ്ങളുടെ സമയലഭ്യതയും സാഹചര്യവുമനുസരിച്ച് ഒരുമിച്ചോ വിഭജിച്ചോ വായിക്കുക)

1. ക്രിസ്താനുകരണ വായന

ആത്മപരിശോധന.

 1. നാം നമ്മിൽത്തന്നെ കണക്കിലേറെ ആശ്രയിക്കരുത്.
  പലപ്പോഴും നമുക്കു ദൈവപ്രസാദവും വിവേകവുമില്ല.
  നമ്മിലുള്ള വെളിച്ചം തുച്ഛമാണ്. അതു നമ്മുടെ ഉദാസീനതയാൽ വേഗം നഷ്ടപ്പെടുന്നു. ആന്തരികമായി നമ്മുടെ അന്ധത എത്രമാത്രമെന്നു
  സാധാരണയായി നാം നിനയ്ക്കാറില്ല.

നാം പലപ്പോഴും തെറ്റു ചെയ്യുന്നു; അതുപോരാഞ്ഞിട്ട് ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ടുമിരിക്കുന്നു. ദുരാശകൾ പലപ്പോഴും നമ്മെ വ്യതിചലിപ്പിക്കുന്നുണ്ട്.
നാം അതിനെ തീഷ്ണതയായി വീക്ഷിക്കുന്നു. അന്യരിലുള്ള നിസ്സാര കുററങ്ങൾ നാം കാണുന്നു എന്നാൽ നമ്മിലുള്ള വലിയ കുററങ്ങൾ നാം ഗൗനിക്കുന്നില്ല.

അന്യരിൽ നിന്നു നാം അനുഭവിക്കുന്ന അനർത്ഥങ്ങൾ എന്തെല്ലാമെന്ന് അതിവേഗം മനസ്സിലാക്കി, അവയെപ്പററിചിന്തിക്കുന്നു. എന്നാൽ, നാം മുലം അന്യർ സഹിക്കുന്ന അനർത്ഥങ്ങൾ നാം ചിന്തിക്കുന്നതേയില്ല. – സ്വന്തം കാര്യങ്ങളെപ്പററി നന്നായും പൂർണ്ണമായും ചിന്തിക്കുന്നവൻ അന്യരെ അതികഠിനമായി വിധിക്കയില്ല.

 1. ആന്തരിക മനുഷ്യൻ സർവ്വകാര്യങ്ങൾക്കും ഉപരിയായി തന്റെ കാര്യങ്ങളെപ്പററി ചിന്തിക്കുന്നു. തന്നെത്തന്നെ – സൂക്ഷ്മമായി പരിശോധിക്കുന്നവൻ അന്യരെപ്പററി മൗനം
  ദീക്ഷിക്കുകയേയുള്ളു. അന്യരെ സംബന്ധിക്കുന്നവയൊക്കെ മൗനത്തിൽ തള്ളി വിട്ട് നിന്നെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ പതിക്കാത്ത പക്ഷം, നീ ഒരിക്കലും ഭക്തനോ ആദ്ധ്യാത്മിക മനുഷ്യനോ ആയിത്തീരുകയില്ല.

നിന്റെ ശ്രദ്ധമുഴുവനും നിന്നിലും ദൈവത്തിലും കേന്ദ്രീകൃതമാണെങ്കിൽ, നിനക്കു പുറമേയുള്ളവ നിന്നെ ഒട്ടും
ഇളക്കാനിടയില്ല. എന്നാൽ, നിന്നെ ഉപേക്ഷിച്ചുകൊണ്ടു
മറെറാല്ലാ കാര്യങ്ങളും ജാഗ്രതയോടെ ചിന്തിച്ചിരുന്നാൽ
നിനക്കെന്തു പ്രയോജനം?

പൂർണ്ണമായ സമാധാനവും യഥാർത്ഥമായ ഐക്യവു മുണ്ടാകണമെങ്കിൽ സമസ്തവും ഉപേക്ഷിച്ച് നിന്റെ നേത്രങ്ങളെ നിന്റെ നേർക്കുതന്നെ തിരിക്കുക.

 1. സകല ഭൗതീകതാല്പര്യങ്ങളിൽ നിന്നും ഒഴിഞ്ഞിരി ക്കുകയാണെങ്കിൽ നിനക്കു പുണ്യാഭിവൃദ്ധിയുണ്ടാകും.
  വല്ല ലൗകിക വസ്തുക്കളിലേയ്ക്കും നിന്റെ ശ്രദ്ധ തിരി ഞ്ഞുപോയാൽ നിനക്കു വലിയ വീഴ്ചയുണ്ടാകും.

ദൈവമോ,ദിവ്യമോ അല്ലാതെ മറ്റെന്തങ്കിലും
വലുതോ ശ്രേഷ്ടമോ മധുരമോ പ്രിയംകരമോ ആയി
നിനക്കുണ്ടാകരുത്.

 • സ്രഷ്ടവസ്തുക്കളിൽ നിന്നു ലഭിക്കുന്ന സുഖങ്ങ് ളെല്ലാം വ്യർത്ഥമാണെന്നു കരുതിക്കൊള്ളുക. ദൈവത്തെസ്നേഹിക്കുന്ന ആത്മാവ് ദൈവത്തിനു താഴെയുളള സർവ്വത്തെയും വെറുക്കുന്നു.

നിത്യനും അപരിമേയനും സർവ്വവ്യാപിയുമായ ദൈവം മാത്രമാണ് ആത്മാവിന്റെ ആശ്വാസവും ഹൃദയ
ത്തിന്റെ പരമാർത്ഥമായ ആനന്ദവും.

വിചിന്തനം.

ദൈവത്തെ നമ്മിലും നമ്മെ ദൈവത്തിലും കാണുന്നതും ഏകാഗ്രതവഴി ഈശോയുടെ ദൃഷ്ടിയിൽ ജീവിക്കുന്നതും എളിമവഴി അവിടുത്തെ കാൽക്കൽ ഇരിക്കുന്നതും ദൈവഹിതത്തിനു കീഴ്പ്പെട്ട് അവിടുത്തെ കര ങ്ങളിൽ വർത്തിക്കുന്നതുമാണ് ക്രിസ്തീയ ജീവിതം. ഈശോയോടുള്ള നമ്മുടെ ഭക്തിയനുസരിച്ചായിരിക്കും ക്രിസ്തീയ ജീവിതത്തിന്റെ പുരോഗതി.

പ്രാർത്ഥിക്കാം.

കർത്താവേ, നിസ്സാരകാര്യങ്ങളിൽ സമയം നഷ്ടപ്പെടു ത്തിക്കൊണ്ടിരിക്കുന്ന എന്റെ മാനസികാലസതയെ അങ്ങു തിരുത്തുക. വ്യർത്ഥചിന്തകൾ അങ്ങയുടെ സാന്നിദ്ധ്യത്തി ലുള്ള മാധുര്യം അപഹരിച്ചുകളയുന്നു; എന്റെ പ്രാർത്ഥനകളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. അങ്ങയുടെ സാന്നി ദ്ധ്യത്തെപ്പററി ബോധവാനായും എന്റെ പ്രാർത്ഥനാവിഷയം കൺമുമ്പിൽവച്ചും അങ്ങയെ പ്രീതിപ്പെടുത്തുവാനുള്ള ലക്ഷ്യത്തോടുകൂടെ പ്രാർത്ഥനയ്ക്ക് ഒരുങ്ങുവാൻ കർത്താവേ! എന്നോടു കനിയണമേ!

ആമ്മേൻ.

2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.


പുണ്യപൂര്‍ണതയിലേക്ക് വിളിക്കപ്പെട്ടവര്‍ക്ക് മരിയഭക്തി കൂടുതല്‍ ആവശ്യമാണ്.

ആത്മരക്ഷ സാധിക്കുന്നതിനു മരിയഭക്തി ഏവനും ആവശ്യമെങ്കില്‍, പ്രത്യേകമാം വിധം പുണ്യപൂര്‍ണതയിലേക്ക് വിളിക്കപ്പെട്ടവര്‍ക്ക് മരിയഭക്തി അത്യാവശ്യമാണ്. നിത്യകന്യകയായ മറിയത്തോട് വലിയ ഐക്യവും അവളോട് വലിയ ആശ്രയബോധവും കൂടാതെ ഒരുവനും ക്രിസ്തുവുമായി ഐക്യം പ്രാപിക്കുവാനോ പരിശുദ്ധാത്മാവിനോട് പരിപൂര്‍ണ വിശ്വസ്തത പാലിക്കുവാനോ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

മറിയം മാത്രമേ മറ്റൊരു സൃഷ്ടിയുടെയും സഹായം കൂടാതെ ദൈവസമക്ഷം കാരുണ്യം കണ്ടെത്തിയിട്ടുള്ളൂ. (ലൂക്ക 1. 30). അന്നു മുതല്‍ അവള്‍ വഴി മാത്രമാണ് മറ്റു സൃഷ്ടികള്‍ ദൈവതിരുമുമ്പില്‍ കാരുണ്യം കണ്ടെത്തുന്നതും. ഭാവിയിലും എല്ലാവരും അവള്‍ വഴി തന്നെ വേണം അത് സാധിക്കുവാന്‍. മുഖ്യദൂതനായ ഗബ്രിയേല്‍ അഭിവാദനം അര്‍പ്പിച്ചപ്പോള്‍ അവള്‍ കൃപാവരപൂര്‍ണയായിരുന്നു (ലൂക്ക 1. 28). അതിന് ശേഷം പരിശുദ്ധാത്മാവ് അവളുടെ മേല്‍ വസിച്ചു കൊണ്ട് അവളെ പൂര്‍വാധികം കൃപാവരപൂരിതയാക്കി(ലൂക്ക 1. 35).

ഈ ദ്വിവിധപൂര്‍ണതയും അവള്‍ ദൈനം ദിനം എന്നല്ല, അനുനിമിഷം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ അവള്‍ അഗ്രാഹ്യമാം വിധം കൃപാവരപൂര്‍ണയായി തീര്‍ന്നു. തന്നിമിത്തം, അത്യുന്നതന്‍ അവളെ കൃപാവരങ്ങളുടെ ഏക കാവല്‍ക്കാരിയും വിതരണക്കാരിയുമായി നിയോഗിച്ചു. തനിക്കിഷ്ടമുളളവരെ അവള്‍ ശക്തരും ധന്യരും ശ്രേഷ്ഠരുമാക്കുന്നു. സ്വര്‍ഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ അവള്‍ തന്നെയാണ് അവരെ നയിക്കുക. പ്രതിബന്ധങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ വാതായനങ്ങളിലൂടെ കടത്തി അവര്‍ക്ക് രാജകീയ സിംഹാസനവും കിരീടവും ചെങ്കോലും അവള്‍ നല്‍കുന്നു. ക്രിസ്തു എന്നും എവിടെയും മറിയത്തിന്റെ ഫലവും മകനുമാണ്. മറിയം എല്ലായിടത്തും ജീവന്റെ ഫലം പുറപ്പെടുവിക്കുന്ന യഥാര്‍ത്ഥ ജീവന്റെ വൃക്ഷവും ജീവന്റെ മാതാവുമാണ്.

ദിവ്യസനേഹം നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കനകക്കലവറയുടെ താക്കോല്‍ (ഉത്തമഗീതം 1.3) മറിയത്തെ മാത്രമാണ് ദൈവം ഏല്‍പിച്ചിരിക്കുന്നത്. പുണ്യപൂര്‍ണതയുടെ ഏറ്റവും നിഗൂഢവും വിശിഷ്ടവുമായ മാര്‍ഗത്തില്‍ പ്രവേശിക്കുവാനും മറ്റുള്ളവരെ ഈ മാര്‍ഗത്തിലേക്ക് നയിക്കുവാനുമുള്ള അധികാരം മറിയത്തിന് മാത്രമാണ് നല്‍കപ്പെട്ടിരിക്കുന്നത്.അവിശ്വസ്തയായ ഹവ്വായുടെ ഹതഭാഗ്യരായ മക്കള്‍ക്ക് ഭൗമികപറുദീസായില്‍ പ്രവേശനം നേടിക്കൊടുത്തത് മറിയമാണ്. അവര്‍ സായാഹ്നങ്ങളില്‍ ദൈവത്തോടൊത്ത് ഉലാത്തുകയും ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതരായി കഴിയുകയും ചെയ്യുന്നു. മരണഭീതി ഇല്ലാതെ അവര്‍ക്കവിടെ ജീവന്റെയും നന്മതിന്മകളുടെയും വൃക്ഷങ്ങളില്‍ നിന്ന് മതിവരെ ഭുജിച്ച് ആനന്ദിക്കാം. നിറഞ്ഞു കവിഞ്ഞു കുതിച്ചു പായുന്ന ആ രമണീയമായ സ്വര്‍ഗീയ നദിയില്‍ നിന്ന് ആവോളം അവര്‍ പാനം ചെയ്യുന്നു. മറിയമാണ് ആ ഭൗമിക പറുദീസാ, ആ ഭൗമിക പറൂദീസയില്‍ നിന്നാണ് പാപികളായ ആദവും ഹവ്വയും പുറംതള്ളപ്പെട്ടത്. വിശുദ്ധിയിലേക്ക് ഉയര്‍ത്തുവാന്‍ അവള്‍ അഭിലഷിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശനം ഉണ്ടായിരിക്കുകയില്ല.

സകല സമ്പന്നരും (സങ്കീ 44. 13) നിന്നില്‍ അഭയം തേടും. വി. ബര്‍ണാര്‍ദിന്റെ അഭിപ്രായം അനുസരിച്ച് സകല സമ്പന്നരും എല്ലാക്കാലങ്ങളിലും പ്രത്യേകിച്ച് ലോകാവസാനം അടുക്കുമ്പോള്‍ നിന്നില്‍ ആശ്രയം തേടും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ കൃപാവരത്തിലും സുകൃതത്തിലും സമ്പന്നരായ വലിയ വിശുദ്ധര്‍, തങ്ങള്‍ അനുകരിക്കേണ്ട ഏറ്റവും സമ്പൂര്‍ണമായ മാതൃകയായും ആവശ്യത്തില്‍ സഹായകയായും മറിയത്തെ ദര്‍ശിക്കുവാനും അവളോടൊത്ത് നിരന്തരം പ്രാര്‍ത്ഥിക്കുവാനും കഠിനമായി യത്‌നിക്കും.


.3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.


ധ്യാനവിഷയവും, പ്രാർത്ഥനയും

പാപത്തെ തുടക്കത്തിൽത്തന്നെ എതിർക്കണം

“സർപ്പത്തിൽ നിന്നെന്നപോലെ പാപത്തിൽനിന്ന് ഓടിയകലുക; അടുത്തു ചെന്നാൽ അത് കടിക്കും; അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകളാണ്; അത് ജീവൻ അപഹരിക്കും” (പ്രഭാ 21:2).

ആമുഖം

ഏതുകാര്യത്തിന്റെയും തുടക്കം നിർണായകമാണ്. പാപം തുടങ്ങിവയ്ക്കുന്ന മനുഷ്യന്റെ അന്ത്യസ്ഥിതി ഭയാനകമാംവിധം ദയനീയമായിരിക്കും. “ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂർണ വളർച്ച പ്രാപിക്കുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു” (വി. യാക്കോ 1:15) എന്ന തിരുവചനത്തിൽ നിന്ന് ഇക്കാര്യം വളരെ വ്യക്തമാണ്.

പ്രലോഭനങ്ങളെ അതിജീവിക്കുക സാധ്യമാണ്

പാപം തുടക്കത്തിൽത്തന്നെ ഉപേക്ഷിക്കാൻ കഴിയണമെങ്കിൽ പാപത്തിന്റെ അടുത്ത കാരണമായ പ്രലോഭനങ്ങളെ ശരിയായി മനസ്സിലാക്കുകയും എങ്ങനെ തരണം ചെയ്യണമെന്ന് അറിയുകയും ആവശ്യമാണ്. തിരുസഭയുടെ വേദപാരംഗതരിൽ ഒരുവനായ വിശുദ്ധ ഫ്രാൻസിസ് സാലസിന്റെ പ്രബോധനം ഇപ്രകാരമാണ്. “പാപത്തിലേക്ക് ഒരാത്മാവിനെ നയിക്കുന്ന മൂന്നു പടികൾ ഇവയാണ്: പ്രലോഭനം, സന്തോഷം, സമ്മതം. ജീവിതകാലം മുഴുവൻ എതെങ്കിലും പാപത്തിലേക്കുള്ള ഒരു പ്രലോഭനം നീണ്ടുനിന്നുവെന്നു വന്നേക്കാം. എന്നുവരുകിലും അതിൽ സന്തോഷിക്കുകയോ അതിന് കീഴടങ്ങുകയോ ചെയ്യാതിരിക്കുന്നിടത്തോളം കാലം ദൈവത്തിന് അത് അപ്രീതികരമല്ല” (‘ഭക്തജിവിത പ്രവേശിക’, 4 -ാം ഭാഗം, അധ്യായം- 3).

ചില അവസരങ്ങളിൽ പ്രലോഭനജന്യമായ സന്തോഷം അവയെക്കുറിച്ച് ബോധവാന്മാരാകുന്നതിനു മുമ്പുതന്നെ വളരെ വേഗത്തിൽ നമുക്കനുഭവപ്പെട്ടേക്കാം. ഇത് ഏറ്റവും കൂടിയാൽ വളരെ ലഘുവായ പാപമാകാനേ ഇടയുള്ളു. എന്നാൽ പ്രലോഭനങ്ങളിൽ നിന്നുണ്ടാകുന്ന സന്തോഷം ഒരുവൻ അറിവോടും സമ്മതത്തോടുംകൂടെ അനുഭവിക്കാൻ തീരുമാനിക്കുന്നുവെങ്കിൽ, ആ വിഷയം ഗുരുതരമായതാണെങ്കിൽ ആ തീരുമാനം മാരകപാപമാണ് (“ഭക്തജീവിതപ്രവേശിക’, 4 -ാം ഭാഗം, അധ്യായം – 6).

ഗുരുതരമായ പ്രലോഭനങ്ങൾക്കുള്ള പ്രതിവിധികൾ

“നിന്റെ മുമ്പിൽ ക്രൂശിതനായ മിശിഹായെ കണ്ടുകൊണ്ട് ആത്മനാ വിശുദ്ധ കുരിശിനെ ആലിംഗനം ചെയ്യുക, പ്രലോഭനങ്ങളെ ചെറുത്തു നില്ക്കാൻ സഹായം അപേക്ഷിക്കുക, നല്ലതും പ്രശംസാർഹവുമായ ജോലികൾവഴി നിന്റെ മനസ്സിനെ പ്രലോഭനങ്ങളിൽനിന്നു തിരിച്ചുവിടുക, ആത്മീയ ഉപദേഷ്ടാവിന് നമ്മുടെ ഹൃദയം തുറന്ന് നമുക്കുണ്ടാകുന്ന പ്രേരണകൾ, വികാരങ്ങൾ, പ്രതിപത്തികൾ ഇവ വെളിപ്പെടുത്തുക എന്നിവയാണ് പ്രതിവിധികൾ (‘ഭക്തജീവിത പ്രവേശിക’, 4 -ാം ഭാഗം, അധ്യായം – 7)

ഇങ്ങനെയൊക്കെ ചെയ്തിട്ടും പ്രലോഭനം വിട്ടുമാറാതെ നിരന്തരം നമ്മെ ശല്യപ്പെടുത്തുകയും അലട്ടുകയും ചെയ്യുകയാണെങ്കിൽ അവയ്ക്ക് സമ്മതം കൊടുക്കാതെ നിർബന്ധബുദ്ധിയോടെ ഉറച്ചുനിൽക്കുക എന്നതുമാത്രമേ നാം ചെയ്യേണ്ടതുള്ളൂ.

ചെറിയ പ്രലോഭനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം ?

വലിയ പ്രലോഭനങ്ങൾ ചെറിയവയെക്കാൾ ശക്തമാണെങ്കിലും ചെറിയവ വലിയവയെ അപേക്ഷിച്ച് അസംഖ്യമാണ്. അതിനാൽ ചെറിയ പ്രലോഭനങ്ങളുടെമേൽ വരിക്കുന്ന വിജയം വലിയവയെ അതിജീവിക്കുന്നതിനോട് തുലനം ചെയ്യാവുന്നതാണ്.

ഏറെ ഭക്തരായവർക്കുപോലും നിരന്തരം അഭിമുഖീഭവിക്കേണ്ട ചെറിയ പരീക്ഷകളാണ് കോപം, സംശയം, അസൂയ, പക, പ്രേമസല്ലാപം, വഞ്ചന, അശുദ്ധവിചാരങ്ങൾ തുടങ്ങിയവ. അതുകൊണ്ട് ഈ ചെറിയ പ്രലോഭനങ്ങൾക്കെതിരായി സമരം ചെയ്യാൻ വലിയ ശ്രദ്ധയോടും നിഷ്ഠയോടുംകൂടെ നാം നമ്മെത്തന്നെ ഒരുക്കണം (‘ഭക്തജീവിത പ്രവേശിക’ 4 -ാം ഭാഗം, അധ്യായം. 8).

പ്രലോഭനങ്ങൾക്കുള്ള ഏറ്റവും ഫലദായകമായ പ്രതിവിധി

ചെറുതും വലുതുമായ എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കുന്നതിനുള്ള ഉത്തമമായ മാർഗം ക്രൂശിതനായ ഈശോയിലേക്ക് ഹൃദയം തിരിക്കുകയാണ്. എന്തുകൊണ്ടെന്നാൽ എല്ലാ സുകൃതങ്ങളുടെയും പരിപൂർണത ദൈവസ്നേഹത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടും ദൈവസ്നേഹം മറ്റെല്ലാ സുകൃതങ്ങളെക്കാളും ഉത്കൃഷ്ടമായതുകൊണ്ടും എല്ലാ തിന്മകൾക്കുമെതിരായ ഏറ്റവും ഉത്തമമായ പ്രതിവിധിയും അതുതന്നെ. പ്രലോഭനങ്ങൾ ദൈവസ്നേഹത്തിലേക്ക് നമ്മെ നയിക്കുന്നു എന്ന് ദുഷ്ടാരൂപി കാണുമ്പോൾ ഭയാക്രാന്തനായി നമ്മെ ഉപദ്രവിക്കുന്നതിൽനിന്ന് അവൻ പിന്മാറുന്നു (‘ഭക്തജീവിത പ്രവേശിക’, 4 -ാം ഭാഗം, അധ്യായം – 9).

ഹ്യദയത്തിൽ ആരംഭിക്കുമ്പോൾത്തന്നെ പാപത്തെ ഉപേക്ഷിക്കണം

“സർപ്പത്തിൽനിന്നെന്നപോലെ പാപത്തിൽനിന്ന് ഓടിയകലുക, അടുത്തുചെന്നാൽ അതു കടിക്കും” എന്ന ദൈവികതാക്കീത് പാപത്തെ തുടക്കത്തിൽതന്നെ എതിർക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. പാപം ചെയ്യാനുള്ള തീരുമാനം പോലും നമ്മുടെ ആത്മാവിന് എത വലിയ നാശമാണു വരുത്തുന്നത് എന്നതിനെപ്പറ്റിയുള്ള സജീവബോധ്യമാണ് ഇതിന് നമ്മെ നിർബന്ധിക്കുന്നത്. ആഗ്രഹത്തിന്റെ രൂപത്തിലാണ് പാപം ഹൃദയത്തിൽ തുടങ്ങുക. ഇക്കാര്യമാണ്, “ചിന്തയാണ് എല്ലാ പ്രവൃത്തിയുടെയും ആരംഭം, എല്ലാ ഉദ്യമവും ആലോചനയുടെ തുടർച്ചയാണ്” (പ്രഭാ 37:16) എന്ന വചനത്തിലൂടെ വ്യക്തമാക്കപ്പെടുന്നത്. പാപം പ്രവൃത്തിയിലാകുന്നതിനുമുമ്പ് ചിന്തയിൽ പാപം ചെയ്യും. ചിന്തയിലെ പാപമാണ് വളർന്ന് പൂർണത പ്രാപിച്ച് പ്രവൃത്തിയിൽ പ്രകടമാകുന്നത്. പാപം ചെയ്യാനുള്ള ആലോചനയിൽനിന്നാണ് പാപം പ്രവർത്തിക്കാൻ ഒരാൾ പ്രേരിതനാകുന്നത്. പാപകരമായ ചിന്തയും ആലോചനയും പാപപ്രവൃത്തിക്ക് കാരണമാകുന്നതിനാൽ പാപചിന്തയും ആലോചനയും തത്ക്ഷണം ഉപേക്ഷിക്കണം.

നെബുക്കദ്നേസറിന്റെ ഉദാഹരണം

നെബുക്കദ്നേസറിന്റെ മനസ്സിൽ ആരംഭിച്ച പാപം വാക്കുകളായി പുറത്തു വരുന്നതിനു മുമ്പുതന്നെ ശിക്ഷാവിധി ഉണ്ടായി: “ഈ വാക്കുകൾ രാജാവിന്റെ വായിൽനിന്നു വീഴുന്നതിനു മുമ്പുതന്നെ, സ്വർഗത്തിൽനിന്ന് ഒരു സ്വരം കേട്ടു. നബുക്കദ്നേസർ രാജാവേ, നിന്നോടാണു പറയുന്നത്: രാജ്യം നിന്നിൽനിന്ന് വേർപെട്ടിരിക്കുന്നു” (ദാനി 4:31).

പാപത്തിന് അകന്ന ഒരു ഒരുക്കമുണ്ട്. അതിന് ഒരു ആരംഭമുണ്ട്. അത് പൂർണമാകുന്ന ഒരു പ്രക്രിയയുണ്ട്. അതിനൊരു പൂർത്തീകരണവുമുണ്ട്. പാപത്തിന്റെ അകന്ന ഒരുക്കസമയത്തുതന്നെ പാപത്തിന്റെ ദുരന്തഫലങ്ങൾ നമ്മുടെമേൽ വന്നു പതിക്കും എന്നാണ് നബുക്കദ്നേസറിന്റെ ഉദാഹരണം പഠിപ്പിക്കുന്നത്. “പാപം ദൈവത്തിനെതിരേയുള്ള ദ്രോഹമാണ് ” (മതബോധനഗ്രന്ഥം 1850). ദൈവത്തെ ദ്രോഹിക്കുന്നത്
തുടക്കത്തിലായാലും പരിസമാപ്തിയിലായാലും അതീവ ഗുരുതരമാണല്ലോ.

ഒരു പാപം തുടക്കത്തിൽതന്നെ ഉപേക്ഷിക്കുന്നതാണ്, അതിൽ അല്പം മുന്നേറിയിട്ട് നിയന്ത്രിക്കുന്നതിനെക്കാൾ എളുപ്പം. ഉദാഹരണത്തിന്, ദൈവത്തിൽ നിന്നകറ്റുന്ന ഒരു സുഹൃദ്ബന്ധം തുടക്കത്തിൽത്തന്നെ ഉപേക്ഷിക്കുക എന്നത് അതിൽ കുറെക്കൂടി മുമ്പോട്ടു പോയശേഷം ഉപേക്ഷിക്കുന്നതിനെക്കാൾ എത്രയോ എളുപ്പമായിരിക്കും?

അതിനാൽ, പാപം ഉപേക്ഷിക്കാൻ, പാപജീവിതം ത്യജിക്കാൻ തീരുമാനമുള്ള ഏതു വ്യക്തിയും പാപത്തെ അതിന്റെ തുടക്കത്തിൽത്തന്നെ എതിർക്കേണ്ടതുണ്ട്. അടുത്തു ചെന്നാൽപ്പോലും കടിക്കുന്ന സിംഹത്തോട് ദൈവവചനം പാപത്തെ ഉപമിച്ചിരിക്കുന്നത്, പാപവുമായി ഒരു നിമിഷനേരത്തേക്കുള്ള ബന്ധം പോലുമരുത് എന്നു കാണിക്കാനാണ്.

നന്മയുടെ രൂപത്തിൽപ്പോലും പാപം കടന്നുവരും

നന്മയുടെ രൂപത്തിൽപ്പോലും പാപം നമ്മെ ആകർഷിക്കും. ഉദാഹരണത്തിന്, തെറ്റായ പ്രേമബന്ധത്തിൽ വീഴുന്ന എല്ലാവരുംതന്നെ അതിലേക്ക് ആകർഷിക്കപ്പെടുന്നത് അത് സ്നേഹമാണ്, സൗഹൃദമാണ് എന്ന തെറ്റിദ്ധാരണയിലൂടെയാണ്. എന്നാൽ, ‘ഫലത്തിൽനിന്ന് വൃക്ഷത്തെ അറിയാം’ എന്ന തത്ത്വമനുസരിച്ചു നോക്കുമ്പോൾ അത്തരം പ്രമം യഥാർഥ സ്നേഹമല്ല, മറിച്ച് സ്വാർഥത്താൽ പ്രചോദിതമായ ഇഷ്ടം മാത്രമാണ് എന്ന് മനസ്സിലാകും.

അതിരുകവിഞ്ഞ ആത്മവിശ്വാസം തുടക്കത്തിൽത്തന്നെ പാപം ത്യജി ക്കാൻ തടസ്സമാകും.

പാപത്തിലേക്കു വീഴുന്നതിനുമുമ്പ് തനിക്ക് നിയന്ത്രിക്കാനാവുമെന്ന അതിരുകവിഞ്ഞ ആത്മവിശ്വാസവും പാപത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ അതിൽനിന്ന് പിന്മാറാതിരിക്കാൻ ഒരാളെ പ്രേരിപ്പിച്ചേക്കാം. എന്നാൽ വസ്തുത മറിച്ചാണ്. തുടക്കത്തിൽത്തന്നെ പാപം ഉപേക്ഷിക്കാത്തവർ, അവർക്ക് സ്വപ്നം കാണാൻപോലും പറ്റാത്ത പാപഗർത്തത്തിലേക്ക് അതിവേഗം വീഴും. “എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ ഇടറുകയില്ല… നിന്നോടുകൂടെ മരിക്കേണ്ടിവന്നാൽപ്പോലും ഞാൻ നിന്നെ നിഷേധിക്കുകയില്ല” (വി. മത്താ 26:31,35) എന്ന പത്രോസിന്റെ അതിരുകവിഞ്ഞ ആത്മവിശ്വാസം മറ്റ് ഏത് ശിഷ്യനെക്കാളും മുമ്പ് അവനെ പാപത്തിൽ വീഴിച്ച് അധഃപതിപ്പിച്ചു !

പഴയപാപങ്ങളുടെ ഓർമ ഉടൻ തള്ളിക്കളയണം

നാം വെറുത്തുപക്ഷിച്ച പാപം വീണ്ടും നമ്മിലേക്കു പ്രവേശിക്കാൻ നോക്കും. ഓർമയിലൂടെയായിരിക്കും തുടക്കം. അതിനാൽ ആ ഓർമ്മ തുടങ്ങുമ്പോൾതന്നെ എതിർക്കണം. നിമിഷ നേരത്തേക്കുപോലും ആ ദുർമോഹം മനസ്സിൽ തങ്ങാൻ നാം അനുവദിച്ചുപോയാൽ, വളരെ പെട്ടെന്നായിരിക്കും അത് പാപപ്രവൃത്തിയായി പൂർണത പ്രാപിക്കുന്നത്. അത്ര ചെറിയ അകലമേ ചിന്തയും പ്രവൃത്തിയും തമ്മിലുള്ളു. ചിന്തയിൽ ആരംഭിക്കുന്നതെല്ലാം പ്രത്യേകം ശ്രദ്ധിച്ച് ഒഴിവാക്കുന്നില്ലെങ്കിൽ, സാധാരണ ഗതിയിൽ പ്രവൃത്തിയിൽ ചെന്നേ അവസാനിക്കൂ. പാപചിന്തയിൽ ലയിച്ചും ദിവാസ്വപ്നങ്ങളിൽ മുഴുകിയും ഇരിക്കുന്നവരുടെ മനസ്സിന്റെ മേൽ പിശാച് അടയിരുന്ന് പാപപ്രവൃത്തികൾ വിരിയിക്കും.

അതിനാൽ, ഒരു പാപ ആഗ്രഹം മനസ്സിൽ വരുമ്പോൾത്തന്നെ, നാശം തുടങ്ങി എന്ന് തിരിച്ചറിയണം. സർപ്പത്തിൽ നിന്നെന്നപോലെ ആ ദുരാഗ്രഹത്തിൽനിന്ന് ഓടിയകലണം. ഒരു നിമിഷം ആ ആഗ്രഹത്തിന് മനസ്സിൽ തങ്ങാൻ അനുമതി കൊടുത്താൽ മതി, അത് വളരെപ്പെട്ടെന്ന് നമ്മുടെ മനസ്സ് ദുർബലമാക്കുകയും നാം ബോധപൂർവം മുൻകാലത്തുപേക്ഷിച്ച ആ തിന്മ വീണ്ടും ചെയ്യാനിടവരുകയും ചെയ്യും. അപരനോടുള്ള വെറുപ്പിന്റെ കാര്യത്തിൽ ഇത് വളരെ പ്രകടമാണ്. അതിനാലാണ് പരിശുദ്ധാത്മാവ് ഇങ്ങനെ ഉപദേശിക്കുന്നത്: “ഒരാൾക്ക് മറ്റൊരാളോട് പരിഭവമുണ്ടായാൽ പരസ്പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വർത്തിക്കുവിൻ” (കൊളോ 3:13). അശുദ്ധ പാപത്തിന്റെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. അതിനാൽ, പാപം ചെയ്യാനുള്ള ആഗ്രഹം മനസ്സിൽ വരുമ്പോൾത്തന്നെ യേശുരക്തത്താൽ ആ ദുരാഗ്രഹം നശിപ്പിക്കണമേയെന്ന് പ്രാർഥിക്കണം. സന്ദർഭോചിതമായ തിരുവചനങ്ങൾ ആവർത്തിച്ചു പറഞ്ഞ് ഹൃദയം ഉടനടി തിരുവചനത്താൽ നിറയ്ക്കണം.

ഹൃദയം യേശുവിനെക്കൊണ്ട് സദാ നിറയ്ക്കുക: ഉത്തമ പ്രതിവിധി

അമലോദ്ഭവയായ പരിശുദ്ധ കന്യകമറിയം ഇക്കാര്യത്തിൽ അത്യുത്കൃഷ്ട മാതൃകയും മാർഗദർശിയുമാണ്: “മറിയമാകട്ടെ, ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” ( വി. ലൂക്കാ 2:19 ); “അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു” (വി. ലൂക്കാ 2:51). സത്യത്തിന് (യേശുവിനെ സംബന്ധിച്ച കാര്യങ്ങൾ) മാത്രം അവൾ തന്റെ ഹൃദയത്തിൽ ഇടം നല്കിയതിനാൽ, അക്കാര്യത്തെപ്പറ്റി എപ്പോഴും ചിന്തിച്ചുകൊണ്ടു ജീവിച്ചതിനാൽ ചിന്തയിൽപ്പോലും അവൾ പാപം ചെയ്തില്ല.

പാപത്തിനെതിരായുള്ള യുദ്ധത്തിൽ പരിശുദ്ധ കന്യകയുടെ സഹായം തേടേണ്ടത് എങ്ങനെയെന്ന് വിശുദ്ധ ലൂയിസ് ഡി മോൺഫാർട്ട് പഠിപ്പിക്കുന്നുണ്ട്: “മരിയഭക്തർ അവശ്യം അനുഷ്ഠിക്കേണ്ട് ചില കൃത്യങ്ങളുണ്ട്. അവ നന്നായി നാം ഗ്രഹിക്കണം.

 1. ക്രിസ്തു നാഥനെയും ദിവ്യജനനിയെയും കഠിനമായി ദ്രോഹിക്കുന്ന ചാവുദോഷങ്ങൾ ഒരിക്കലും ചെയ്യുകയില്ലെന്ന് ഹൃദയപൂർവം ദൃഢപ്രതിജ്ഞ ചെയ്യുക.
 2. പാപം ഒഴിവാക്കാൻ തന്നാടുതന്നെ കാർക്കശ്യം കാണിക്കുക.
 3. മരിയ സഖ്യത്തിൽ ചേരുക, ജപമാലയോ മറ്റു പ്രാർഥനകളോ ചൊല്ലുക, ശനിയാഴ്ച ഉപവസിക്കുക മുതലായവ. കഠിനഹൃദയരായ പാപികളെപ്പോലും വിസ്മയകരമാംവിധം മാനസാന്തരപ്പെടുത്താൻ കഴിവുള്ളവയാണ് ഇപ്പറഞ്ഞവ” (‘യഥാർഥ മരിയഭക്തി ‘,99).
ബൈബിൾ വായന.

“ചിന്തയാണ് എല്ലാ പ്രവൃത്തിയുടെയും ആരംഭം; എല്ലാ ഉദ്യമവും ആലോചനയുടെ തുടർച്ചയാണ് ” (പ്രഭാഷകൻ 37:16). “ദുർമോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂർണവളർച്ച പ്രാപിക്കുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു. എന്റെ പ്രിയ സഹോദരരേ, നിങ്ങൾക്കു മാർഗഭ്രംശം സംഭവിക്കരുത് ” (വി. യാക്കോ 1:15 – 16).

*******************************************************************************************************************

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

DAY 1 പ്രതിഷ്ഠാ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം

✝️ MARIAN MINISTRY, MARIAN EUCHARISTIC MINISTRY & ROSARY CONFRATERNITY INDIA ✝️മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.