കാത്തിരിപ്പ്


എന്തിനും ഏതിനും ഉടനടി പരിഹാരം കിട്ടണമെന്നാഗ്രഹിക്കുന്നവരാണ് നാമെല്ലാവരും തന്നെ. കാത്തിരിക്കാൻ നമുക്കാർക്കും തന്നെ തീരെ താല്പര്യം ഇല്ല. പ്രാർത്ഥനയുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് നമുക്ക്. പ്രാർത്ഥിച്ച ഉടൻ ഉത്തരം കിട്ടിയിരിക്കണം.

ചിലപ്പോഴൊക്കെ ഏറ്റവും ശ്രഷ്‌ഠമായത് ലഭിക്കാൻ കുറെയേറെ കാത്തിരിക്കേണ്ടതായി വരാം. കാത്തിരിപ്പ് തുടരാൻ താല്പര്യം ഇല്ലാത്തവർ പിറുപിറുത്തുകൊണ്ട് ദൈവത്തിനെതിരെ തിരിയാൻ വെമ്പൽ കൊള്ളുമ്പോൾ യഥാർത്ഥ വിശ്വസ ചൈതന്യമുള്ളവർ, വിശ്വസ ദൃഢതയുള്ളവർ ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ, പ്രതീക്ഷ കൈവിടാതെ നോക്കിയിരിക്കും.

ജീവിതത്തിൽ വിഷമതയുടെ പരമകോടിയിൽ എത്തി നില്ക്കുന്ന മനുഷ്യൻ ആഗ്രഹിക്കുക ഒരിറ്റ് സന്തോഷവും മനഃശാന്തിയുമാണ്. എന്നാൽ പലപ്പോഴും അവയുടെ ആയുസ്സ് നീർകുമിളക്ക് സമമാണ് എന്ന് തിരിച്ചറിയുമ്പോൾ വീണ്ടും നിരാശയിലേക്ക് നാം വഴുതി വീഴാറുണ്ട് എന്നതാണ് പരമമായ യാഥാർഥ്യം. 

ദൈവസന്നിധിയിൽ എനിക്കും കാത്തിരിക്കാൻ സാധിക്കണം. ഇന്നല്ലെങ്കിൽ നാളെ എന്റെ പ്രാർത്ഥനകൾക്കും ദൈവത്തിൽ നിന്നും ഉത്തരം ലഭിക്കുമെന്ന ശുഭാപ്തി വിശ്വസത്തോടെ ! ഞാൻ എന്തോരം തവണ ഒരു പ്രേത്യക കാര്യത്തിനായി പ്രാർത്ഥിച്ചു, ത്യാഗം അനുഷ്ഠിച്ചു, അനുദിനം വിശുദ്ധ ബലിയിൽ പങ്കുചേർന്നു, ധ്യാനകേന്ദ്രങ്ങളിൽ പോയി ധ്യാനിച്ചു, ഒരുപാട് പ്രാർത്ഥനാ ഗ്രൂപ്പുകളിൽ എന്റെ ആവശ്യം പറഞ്ഞു, ആരൊക്കെ എന്തൊക്കെ പ്രാർത്ഥനകൾ പറഞ്ഞുതന്നുവോ അതെല്ലാം വിശ്വസപൂർവ്വം ചൊല്ലി നോക്കി, ഒരുപാട് തീർത്ഥാടന കേന്ദ്രങ്ങളിൽ പോയി പ്രാർത്ഥിച്ചു നോക്കി,നേർച്ച കാഴ്ച്ചകൾ നിറവേറ്റി. എന്നിട്ടും എന്തേ മറ്റു പലർക്കും അവരാഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചുകിട്ടുമ്പോൾ എനിക്ക് മാത്രം യാതൊരു മാറ്റവും സംഭവിക്കുന്നില്ല ?

നമ്മിൽ പലരും പലപ്പോഴായി സ്വയം ചോദിച്ച ചോദ്യങ്ങളിൽ ചിലത് മാത്രം ഇവിടെ കുറിച്ചുവെന്നേ ഉള്ളൂ.
എന്തേ എന്നോട് മാത്രം ദൈവം അനീതി കാണിക്കുന്നു ? എന്തേ എന്റെ പ്രാർത്ഥനക്ക് നേരെ മാത്രം കണ്ണുകൾ അടയ്ക്കുന്നു ? ഇനി പ്രാർത്ഥിക്കുന്നില്ല  ! ഇനി പള്ളിയിൽ പോകുന്നില്ല ! ഇതൊന്നും എനിക്ക് പറഞ്ഞിട്ടുള്ള പണിയൊന്നുമല്ല !  ഇങ്ങനൊയൊക്കെ അങ്ങ് ജീവിച്ചുപോയേക്കാം ! ദൈവത്തിന് അല്ലേലും എന്നോട് മാത്രമാണല്ലോ ഒരു ചിറ്റപ്പൻ മനോഭാവം ! എന്റെ കണ്ണുനീരിന് മാത്രം എന്തേ ദൈവസന്നിധിയിൽ വിലയില്ലാണ്ട് പോകുന്നു ? ദൈവം ശരിക്കും സ്വർത്ഥനാണോ ?

ഓരോ സാധാരണ വിശ്വസികളും ജീവിതത്തിന്റെ ദുരിതക്കയത്തിൽ നില്ക്കുമ്പോൾ അറിയാതെ ദൈവത്തോട് ചോദിച്ചു പോകുന്ന ഏതാനും ചില ചോദ്യങ്ങളിൽ ചിലത് മാത്രം. 

കാത്തിരിപ്പ് വളരെയേറെ പ്രയാസം നിറഞ്ഞത് തന്നെയാണ് എന്നതിൽ രണ്ടഭിപ്രായം ഇല്ല. എന്നാൽ കാത്തിരിപ്പില്ലാതെ ഒന്നും നേടിയെടുക്കാനാവില്ല എന്നതാണ് യാഥാർഥ്യം. 

വയലിൽ വിത്ത് വിതയ്ക്കുന്ന കർഷകൻ വിതച്ച ഉടനെ ഫലം ലഭിക്കാൻ പിടിവാശി കാണിക്കാറില്ല. മറിച്ചു വിത്ത് നാമ്പിട്ട്, ചെടിയായി, വളർന്ന്, ഫലം പുറപ്പെടിക്കുവോളം കാത്തിരിക്കാറില്ലേ ?
കല്ലിൽനിന്നും ശിൽപ്പത്തെ കൊത്തിയെടുക്കുന്ന ശില്പി എത്രയേറെ കരുതലോടെയും ശ്രദ്ധയോടെയും സമയമെടുത്താണ് തന്റെ സൃഷ്ടി കർമ്മം പൂർത്തിയാക്കുക ?

ചേറിൽ വളരുന്ന താമരച്ചെടി എത്രത്തോളം ചെറിനോടും വെള്ളത്തോടും പടവെട്ടിയാണ് ജലത്തിനുമുകളിൽ മനോഹരമായ താമര പൂവായി വിടരുക ?
തീരെ ചെറിയ ഒരു ഉറവയായി ഉത്ഭവിക്കുന്ന നദി എന്തുമാത്രം ദൂരം സഞ്ചരിച്ചുകഴിയുമ്പോൾ ആണ് വലിയൊരു ജലവാഹികയായും ജലപ്രവാഹമായും മാറുക ?
സൂര്യന്റെ രശ്മികൾ എന്തുമാത്രം പ്രകാശദൂരം സഞ്ചരിച്ചാണ് ഭൂമിക്കുമേൽ വന്ന് പതിക്കുന്നത് ?

പകലിന്റെ കാഠിന്യവും ചൂടും സഹിച്ചു പകലന്തിയോളം പലദിനങ്ങൾ മണ്ണിനോട് പടവെട്ടിക്കഴിയുമ്പോൾ അല്ലേ കൃഷിക്ക് പാകമായും ഫലഭുയിഷ്ടവുമായ നല്ല നിലമായി  സാദാ നിലങ്ങൾ രൂപാന്തരം പ്രാപിക്കുക ?

ഗോതമ്പും മുന്തിരിയും ഒരുപാട് പ്രാവശ്യം അരയപ്പെടുകയും, പൊടിക്കപ്പെടുകയും, ചതയ്ക്കപ്പെടുകയും ചെയ്യപ്പെടുമ്പോൾ അല്ലേ പരിശുദ്ധ അൾത്താരയിൽ ഈശോയുടെ തിരു ശരീരവും തിരു രക്തവുമായി മാറാനുള്ള യോഗ്യത അത് നേടുക ?
ഒരു സ്ത്രീ പത്തുമാസങ്ങൾ പ്രതീക്ഷയോടെ ദിനരാത്രങ്ങൾ എണ്ണി കാത്തിരിക്കുമ്പോൾ അല്ലേ ഒരു കുഞ്ഞിന് ജന്മം നല്കാനും അമ്മയാകാനും അവൾ പ്രാപ്തയാകുക ?

ഒരുപാട് വർഷങ്ങൾ കഠിനമായി രാത്രിയും പകലും കഷ്ടപ്പെട്ട് പഠിക്കുമ്പോഴാണലോ നല്ല ഒരു ജോലി നമുക്ക് ലഭിക്കുക ?
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും, കഷ്ടപ്പാടുകൾക്കും, നിലവിളിക്കും ഉത്തരമായല്ലേ ഈജിപ്റ്റിൽ അടിമകളായിരുന്ന ഇസ്രായേൽ ജനത്തെ രക്ഷിക്കാനായി ദൈവം മോശയെ തിരഞ്ഞെടുത്തത് ?
അബ്രാഹത്തിന്റെയും സാറായുടെയും ദീർഘ കാലത്തെ കനവല്ലേ ഇസഹാക്കിലൂടെ ദൈവം നിറവേറ്റിയത് ?
ഹന്നയുടെ ദൈവസന്നിധിയിലെ നിരന്തരമായ നിലവിളിക്കുള്ള പ്രത്യുത്തരമല്ലേ സാമുവേൽ ?
സഖറിയായുടെയും എലിസബത്തിന്റെയും കാത്തിരിപ്പിന് ദൈവം നല്കിയ ഉത്തരമല്ലേ സ്നാപക യോഹന്നാൻ ?
ഇരുളിലും തിന്മയുടെ നിഴലിലും വസിച്ചിരുന്ന ഒരു ജനതയുടെ വിമോചനത്തിനുവേണ്ടിയുള്ള നിലവിളിക്കും രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിനും സ്വർഗം കൊടുത്ത നിത്യസമ്മാനമല്ലേ രക്ഷകനായ യേശു ?
38 വർഷത്തെ തളർവാത രോഗത്തിന്റെ അടിമത്തത്തിന് യേശുവിന്റെ മൊഴികളിൽ തെളിഞ്ഞ മോചനമല്ലേ ബേത്‌സൈഥയിലെ രോഗശാന്തി ?
12 വർഷങ്ങളുടെ നിരന്തരമായ ചികിത്സകൾക്കല്ല മറിച്ചു രക്ഷകന്റെ സാന്നിധ്യമാണ് സുഖം തരുന്നതെന്ന എന്ന തിരിച്ചറിവല്ലേ രക്തസ്രാവക്കാരിയായിരുന്ന സ്ത്രീയുടെ സാക്ഷ്യം ?
കണ്ണുനീരോടെ പ്രാർത്ഥിച്ചു കാത്തിരുന്ന സ്നേഹനിധിയായ പിതാവിനു ലഭിച്ച സമ്മാനമല്ലേ ധൂർത്ത പുത്രന്റെ മടങ്ങി വരവ് ?
33 വർഷങ്ങൾ മോണിക്ക പുണ്ണ്യവതി ഒഴുക്കിയ കണ്ണുനീരിന്റെ ഫലമല്ലേ വിശുദ്ധനായി മാറിയ അഗസ്റ്റിൻ ?

കാത്തിരിക്കാം സഹോദരങ്ങളെ നമുക്കും വിശ്വസത്തോടെ ! ദൈവത്തിന്റെ ഇടപെടലിനായി …… ദൈവീക സ്വരം ശ്രവിക്കാനായി ……… ദൈവത്തിന്റെ കരസ്പർശം ഏല്ക്കാനായി ….. നിന്റെ കണ്ണുനീരും, നിന്റെ യാചനകളും, നിന്റെ പ്രാർത്ഥനകളും, നിന്റെ ത്യാഗവും, നിന്റെ അലച്ചിലും, നിന്റെ വിശുദ്ധ ബലിയിലുള്ള പങ്കുചേരലും വെറുതെയായിരുന്നില്ല എന്ന് നാളെ നീ തിരിച്ചറിയും.
പ്രിയ സഹോദരങ്ങളെ ആ നല്ല നാളേയ്ക്കുവേണ്ടി നമുക്ക് കുറച്ചുനേരം കൂടെ കാത്തിരുന്നുകൂടെ ?

ഫാ. സാജന്‍ ജോസഫ്, തക്കല



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.