വാല്‍സിംങ്ഹാം മാതാവ് നമ്മുടെ സ്വന്തം അമ്മ, ഓടിയെത്തും അമ്മ

ഒരു കുഞ്ഞ് തന്റെ ആവശ്യനേരങ്ങളില്‍ ആദ്യം വിളിക്കുന്ന പേര് അമ്മേ എന്നായിരിക്കും. കുഞ്ഞിന്റെ ആവശ്യം പലതാവാം. വിശക്കുമ്പോഴും ദാഹിക്കുമ്പോഴും ശാരീരികമായ വല്ലായ്മകള്‍ അനുഭവപ്പെടുമ്പോഴുമെല്ലാം കുഞ്ഞ് അമ്മേ എന്ന് വിളിച്ചു കരയുന്നു.

കുഞ്ഞ് കരയുന്നതു കേള്‍ക്കുമ്പോള്‍ ഏതു തിരക്കുകള്‍ക്കിടയില്‍ നിന്നും അമ്മ ഓടിയെത്തുന്നു. അമ്മ കുഞ്ഞിനെ വാരിയെടുക്കുന്നു. അതിന്റെ ആവശ്യം എന്താണോ അത് ഗ്രഹിച്ച് അമ്മ അത് നിവര്‍ത്തിച്ചുകൊടുക്കുന്നു. പരിശുദ്ധ അമ്മയെന്ന നമ്മുടെ

സ്വര്‍ഗ്ഗത്തിലെ അമ്മയും ഇതുപോലെയാണ്. മക്കളുടെ അമ്മേ എന്ന വിളിയില്‍ അവള്‍ ഓടിയെത്തും. നമ്മുടെ ആവശ്യങ്ങളില്‍ അവള്‍ സഹായഹസ്തം നീട്ടും.ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മാതാവ് വിവിധ രൂപത്തിലും ഭാവത്തിലും പേരുകളിലും പ്രത്യക്ഷപ്പെടുമ്പോഴും അമ്മ നിറവേറ്റുന്ന ദൗത്യം ഒന്നു തന്നെ. മക്കള്‍ക്ക് ആശ്വാസമാകുക..ആശ്വാസമേകുക.

മധ്യയുഗത്തില്‍ യൂറോപ്പിലെ ക്രി,സ്തീയതയില്‍ അവിഭാജ്യഘടകമായി വര്‍ത്തിച്ചവളാണ് വാല്‍സിംങ്ഹാമിലെ മാതാവ്. എന്നെ സമീപിക്കുന്ന യാതൊരാളും വെറും കൈയോടെ മടങ്ങിപ്പോകുകയില്ലെന്ന് ഇവിടെ റിച്ചെല്‍ഡിസിന് അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ നല്കിയ വാഗ്ദാനം ഇന്നും നിറവേറപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ വിവിധ ആവശ്യങ്ങളുമായി വരുന്നവരുടെയെല്ലാം ജീവിതങ്ങളില്‍ അമ്മ ഇടപെട്ടിട്ടുണ്ട്.

പക്ഷേ എല്ലാവര്‍ക്കും ഇവിടെയെത്തിച്ചേരാന്‍ കഴിയില്ലല്ലോ. എങ്കിലും സാരമില്ല ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇരുന്ന് വാല്‍സിംങ്ഹാമ്മിലെ മാതാവിനെ വിളിക്കുമ്പോഴും അമ്മ നമ്മുടെ സഹായത്തിനെത്തും.

ഇതാ അമ്മയോടുള്ള ചെറിയ ഒരു പ്രാര്‍ത്ഥന.

ബദ്‌ലഹേമിലെ മാതാവേ, എല്ലാ അമ്മമാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ
നസ്രത്തിലെ മാതാവേ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി അപേക്ഷിക്കണമേ
കാനായിലെ മാതാവേ എല്ലാ ദമ്പതികള്‍ക്കും വേണ്ടി അപേക്ഷിക്കണമേ
കുരിശിന്‍ ചുവട്ടിലെ അമ്മേ സഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി അപേക്ഷിക്കണമേ
സ്ത്രീത്വത്തിന്റെ മാതൃകയായ മറിയമേ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ
വിശ്വാസത്തിന്റെ നിരകുടമേ ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസം നിറയക്കണമേ
പ്രത്യാശയുടെ വനിതയേ ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രത്യാശ നിറയക്കണമേ
ഉപവിയുടെ സ്ത്രീരത്‌നമേ ഞങ്ങളുടെ ഹൃദയങ്ങളില്‍ കാരുണ്യം നിറയക്കണമേ
സഭയുടെ അമ്മേ ഞങ്ങള്‍ക്കെപ്പോഴും അമ്മയായിരിക്കണമേ
ദൈവത്തിന്റെ മാതാവേ ഞങ്ങളുടെയും അമ്മയായിരിക്കണമേ
അമ്മേ ഞങ്ങള്‍ അമ്മയെ വണങ്ങുന്നു.. അമ്മയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു ഞങ്ങളുടെ വിനീത യാചനകള്‍ ഈശോയ്ക്ക് സമര്‍പ്പിക്കണമേ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.