കുരിശൂരൂപവും കാശുരൂപവും ധരിക്കുന്ന ഒരു ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ അത്തരമൊരു ശീലം കൊണ്ട് മറ്റുളളവര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുന്നുണ്ടോ? തീര്‍ച്ചയായും. പ്രത്യേകിച്ച് മാതാപിതാക്കളാണ് കാശുരൂപവും കുരിശുരൂപവും ധരിക്കുന്നതെങ്കില്‍.
കാരണം ഒരു കുഞ്ഞിന്റെ കണ്‍മുമ്പിലെ ആദ്യത്തെ മാതൃകയും പാഠപുസ്തവും അവരുടെ മാതാപിതാക്കളാണ്. മാതാപിതാക്കള്‍ ചെയ്യുന്ന നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ കുട്ടികളെയും സ്വാധീനിക്കാറുണ്ട്. മാതാപിതാക്കള്‍ കുരിശുരൂപവും കാശുരൂപവും ധരിക്കുന്നതു കാണുമ്പോള്‍ അതുവഴി ചില ആത്മീയപാഠങ്ങളും വിശ്വാസങ്ങളുമാണ് മക്കളുടെ ഉളളിലേക്ക് കടന്നുചെല്ലുന്നത്.
ഇതുവഴി ലഭിക്കുന്ന ദൈവികസംരക്ഷണം, ദൈവാഭിമുഖ്യം.. അങ്ങനെ പലതിനെക്കുറിച്ചും മക്കള്‍ ബോധവാന്മാരാകും. അതുകൊണ്ട് മതപരമായ ചിഹ്നങ്ങള്‍ പരസ്യമായി ധരിക്കാന്‍ മറക്കാതിരിക്കുക, മടിക്കാതിരിക്കുക, കഴുത്തിലണിയുന്ന ആഭരണങ്ങള്‍ക്കൊപ്പമോ അല്ലെങ്കില്‍ കാര്‍, വീട്, അലമാര എന്നിവയുടെയെല്ലാം കീചെയ്‌നുകളായോ ഇത്തരത്തിലുള്ള കാശുരൂപങ്ങളോ വിശുദ്ധരുടെ ചിത്രങ്ങളോ കുരിശുരൂപമോ ഉപയോഗിക്കുക. അവ നമ്മുടെ വസ്തുവകകള്‍ക്കും നമുക്കും സംരക്ഷണം നല്കും എന്ന് വിശ്വസിക്കുന്നതിനൊപ്പം തന്നെ നമ്മുടെ അത്തരം മാതൃക വഴി മക്കളും വിശ്വാസത്തിലേക്ക് കടന്നുവരികയും അവരിലും വിശ്വാസം ശക്തിപ്രാപിക്കുകയും ചെയ്യും.
ചുരുക്കത്തില്‍ നമ്മള്‍ ചെയ്യുന്ന ഏതു കാര്യവും നമ്മുടെ മക്കളെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കും. അതുകൊണ്ട് അവര്‍ക്ക് മാതൃകയാകത്തക്കവിധത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പരമാവധി ശ്രമിക്കുക, മക്കളുടെയെന്നല്ല ആരുടെയും ഒതപ്പിന് കാരണമാകുന്നതൊന്നും ചെയ്യാതിരിക്കാനും ശ്രമിക്കുക.