നരകം എങ്ങനെയായിരിക്കും? നമുക്കാര്‍ക്കും നരകം എങ്ങനെയുള്ളതാണ് എന്നറിയില്ല. കാരണം നമ്മളാരും മരിച്ചിട്ടില്ല. നരകത്തില്‍ പോയിട്ടുമില്ല. പക്ഷേ നരകം എന്താണെന്ന് ഏറെക്കുറെ നമുക്കറിയാം. അതിന് കാരണം നരകത്തെക്കുറിച്ച് വിശുദ്ധര്‍ക്ക് വെളിപ്പെട്ടുകിട്ടിയ ചില ദര്‍ശനങ്ങളാണ്,വെളിപാടുകളാണ്. അങ്ങനെയാണ് നരകത്തെക്കുറിച്ച് നമുക്ക് ഒരു ഏകദേശ ധാരണ ലഭിച്ചത്.
ആവിലായിലെ വിശുദ്ധ തെരേസ, റോമിലെ വിശുദ്ധ ഫ്രാന്‍സിസ്, വാഴ്്ത്തപ്പെട്ട അന്ന കാതറിന്‍, വിശുദ്ധ ഫൗസ്റ്റീന ,സിയന്നയിലെ വിശുദ്ധ കാതറിന്‍ എന്നിങ്ങനെ എണ്ണമറ്റ വിശുദ്ധര്‍ക്ക് നരകദര്‍ശനം ലഭിച്ചിട്ടുണ്ട്. അവരുടെ വെളിപാടുകളിലൂടെ,ദര്‍ശനങ്ങളിലൂടെയാണ് നരകത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക് ലഭ്യമായിരിക്കുന്നത്.
നീളമേറിയതും ഇടുങ്ങിയതുമായവഴിത്താരകള്‍, ഇരുട്ട്, ചെളിപ്പോലെ തോന്നിക്കുന്ന നിലം,അസഹനീയമായ രൂക്ഷഗന്ധം, സഹിക്കാനാവാത്ത ചൂട് എന്നിങ്ങനെ പോകുന്നു ഇവരുടെ വിവരണങ്ങളില്‍ നിന്ന് നരകത്തെക്കുറിച്ച് ലഭിക്കുന്ന ഏകദേശ ധാരണകള്‍.
ശാരീരികമായി അനുഭവിക്കുന്ന വേദനകളെക്കാള്‍ അവിടം പ്രതീക്ഷ നശിച്ചസ്ഥലമാണ് എന്നതാണ് ഏറെ പരിതാപകരം. ദൈവസാന്നിധ്യവും അവിടെയില്ല. ഇങ്ങനെയാണ് നരകം നമുക്ക് അസഹനീയമാകുന്നത്.
നരകത്തില്‍ പതിച്ചാല്‍ അവിടെ നിന്ന് മോചനമില്ല. അതുകൊണ്ട് നരകത്തില്‍ അകപ്പെട്ടാല്‍ നമുക്ക് രക്ഷയുമില്ല. നരകത്തില്‍ നിന്ന് എങ്ങനെയാണ് മനുഷ്യര്‍ക്ക് രക്ഷപ്പെടാനാവുക?
ജീവിച്ചിരിക്കുന്ന കാലത്ത് പാപങ്ങളെയോര്‍ത്ത് മനസ്തപിക്കുക, പാപങ്ങളില്‍ നിന്ന് അകന്നുജീവിക്കുക. സല്‍പ്രവൃത്തികള്‍ ചെയ്യുക. നമുക്കൊരു മരണമുണ്ടെന്നും വിധിയുണ്ടെന്നും മറന്നുപോകാതിരിക്കുക. വിശുദ്ധിയില്‍ ജീവിക്കുക. നരകത്തില്‍ പോകാതിരിക്കാനുള്ള എളുപ്പമാര്‍്ഗ്ഗങ്ങളാണ് ഇവയെല്ലാം.