ദിവ്യകാരുണ്യാരാധനയ്ക്ക് പരിശുദ്ധ അമ്മയെ കൂടി വിളിക്കൂ, അത്ഭുതം കാണാം

ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുക്കുന്നവരാണ് നാം എല്ലാവരും. സത്യമായും ദിവ്യകാരുണ്യത്തില്‍ ഈശോ സന്നിഹിതനാണെന്നും നമുക്കറിയാം. എന്നിട്ടും നാം ആഗ്രഹിക്കുന്നതുപോലെയോ അല്ലെങ്കില്‍ ഈശോ ആഗ്രഹിക്കുന്നതുപോലെയോ നമുക്ക് ഈശോയെ ആരാധിക്കാന്‍ കഴിയുന്നുണ്ടോ?

ഇല്ല എന്നുതന്നെയാണ് ഉത്തരം. മാനുഷികമായ നമ്മുടെ ബലഹീനതകള്‍ ആരാധനയ്ക്ക് പലപ്പോഴും കുറവുകള്‍ വരുത്തുന്നുണ്ട്. ഇത്തരം കുറവുകളെ പരിഹരിക്കുന്നതിന് നമ്മെ സഹായിക്കാന്‍ ഏറ്റവും ശക്തിയുള്ള മാധ്യസ്ഥമാണ് പരിശുദ്ധ അമ്മയുടേത്. മറ്റെല്ലാ വിശുദ്ധരെക്കാളും പരിശുദ്ധ അമ്മയ്ക്ക് ഈശോയുടെ ജീവിതത്തില്‍ പ്രത്യേക ആനുകൂല്യമുണ്ട്.കാരണം ഈശോയെ ഉദരത്തില്‍ സംവഹിച്ചവളാണല്ലോ പരിശുദ്ധ അമ്മ?

വിശുദ്ധ പീറ്റര്‍ജൂലിയന്‍ എയ്മാര്‍ഡ് ദിവ്യകാരുണ്യാരാധന നടത്തുമ്പോള്‍ പരിശുദ്ധ അമ്മയെ ഇക്കാരണത്താല്‍ കൂട്ടുവിളിക്കുമായിരുന്നുവെന്നും അമ്മയോട് പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും ജീവചരിത്രം രേഖപ്പെടുത്തുന്നു. വിശുദ്ധന്‍ ആരാധനയ്ക്കായി പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥന ഏറെ ശക്തിയുള്ളതാണ്. ആ പ്രാര്‍ത്ഥന നമുക്കും ഇനിമുതല്‍ ഏറ്റുചൊല്ലാം. നമ്മുടെ ജീവിതങ്ങള്‍ ദിവ്യകാരുണ്യകേന്ദ്രീകൃതമായി മുന്നോട്ടുപോകുമ്പോള്‍ പല അത്ഭുതങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യും.

ഓ പരിശുദ്ധ മറിയമേ, ആരാധനയുടെ ഒരു ജീവിതം ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങ് കണ്ടതുപോലെ എല്ലാ കൃപകളുടെയും രഹസ്യങ്ങളുടെയും ഉറവിടമായി ദിവ്യകാരുണ്യത്തെ കാണാന്‍ അമ്മ പഠിപ്പിക്കണമേ. എല്ലാത്തിനുമുപരിയായി സുവിശേഷം ജീവിക്കാന്‍ സഹായിക്കണമേ. ദിവ്യകാരുണ്യത്തില്‍ ഈശോയുടെ ജീവിതം വായിക്കാന്‍ പഠിപ്പിക്കണമേ. ഓ ദിവ്യസക്രാരിയായിരിക്കുന്നവളേ അമ്മയോടൊപ്പം ദിവ്യകാരുണ്യത്തെ ആരാധിക്കാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.