മക്കളുടെ മുമ്പില്‍ ഞാന്‍ കരഞ്ഞിട്ടില്ല, പക്ഷേ അവര്‍ പോയിക്കഴിയുമ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞിരുന്നു. ദൈവനിന്ദാക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ട പാക്കിസ്ഥാനിലെ ആസിയാബിയുടെ ആദ്യത്തെ അഭിമുഖത്തില്‍ നിന്ന്

.

കാനഡ: എന്റെ മക്കള്‍ എന്നെ ജയിലില്‍ സന്ദര്‍ശിക്കാന്‍ വരുമായിരുന്നു. അവരുടെ മുമ്പില്‍ ഒരിക്കല്‍ പോലും ഞാന്‍ കരഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ പോയിക്കഴിയുമ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞിരുന്നു. തനിച്ചായ വേളയില്‍ ഏകാന്തതയും വേദനയും എന്നെ അത്രമേല്‍ മഥിച്ചിരുന്നു. ഞാന്‍ എന്റെ മക്കളെയോര്‍ത്തു, അവരെങ്ങനെ ജീവിക്കുമെന്നോര്‍ത്തു.ചിലനേരങ്ങളില്‍ എനിക്ക് എല്ലാ പ്രത്യാശയും നഷ്ടമായിട്ടുണ്ട്. മനസ്സ് നിരാശപ്പെട്ടിട്ടുമുണ്ട്.

പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി ജയില്‍ ശിക്ഷയും പിന്നെവധശിക്ഷയും വിധിക്കപ്പെട്ട, ഒടുവില്‍ കോടതി വിട്ടയച്ച ക്രൈസ്തവ വനിത അസിയാബിയുടെ വാക്കുകളാണ് ഇത്. വധശിക്ഷയില്‍ നിന്ന് മോചിതയായി കാനഡായില്‍ കഴിയുന്ന അസിയാബി മോചനത്തിന് ശേഷം ആദ്യമായി നല്കുന്ന അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ദ സണ്‍ഡേ ടെലിഗ്രാഫിനോടായിരുന്നു അസിയാബി ഹൃദയം തുറന്നത്.

തന്റെ മോചനത്തിനായുള്ള അന്താരാഷ്ട്രശ്രമങ്ങള്‍ക്ക് അവര്‍ നന്ദി പറഞ്ഞു. പാക്കിസ്ഥാനിലെ ഈ കിരാതനിയമത്തെക്കുറിച്ച് ലോകം മുഴുവന്‍ അറിയാന്‍ അത് ഇടയാക്കി. ഈ നിയമത്തിനെതിരെ ലോകം മുഴുവന്‍ പ്രതികരിക്കണം. ജീവിതം മുഴുവന്‍ ഞാന്‍ സഹിച്ചു. എന്റെ മക്കള്‍ സഹിച്ചു. ദൈവനിന്ദാക്കുറ്റം ചുമത്തിയുള്ള മതപീഡനങ്ങളെക്കുറിച്ച് ലോകം മുഴുവന്‍ ജാഗ്രത പുലര്‍ത്തണം. കൃത്യമായ അന്വേഷണമോ തെളിവോ കൂടാതെയാണ് ശിക്ഷ. 54 കാരിയായ അസിയാബി പറഞ്ഞു.

2009 ലാണ് അസിയാബി ജയിലില്‍ ആയത്. 2010 ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എട്ടുവര്‍ഷം മരണശിക്ഷയുടെ വിധിയില്‍ കഴിഞ്ഞു. ഒടുവില്‍ അന്താരാഷ്ട്ര ഇടപെടല്‍ മൂലം കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി അവരെ വിട്ടയ്ക്കുകയായിരുന്നു.

എന്നിട്ടും ഇമ്രാന്‍ഖാന്റെ ഭരണകൂടം ഏഴുമാസത്തോളം അവരെ തടവില്‍ സൂക്ഷിച്ചു. മതതീവ്രവാദികളുടെ ഭീഷണി അപ്പോഴും നിലവിലുണ്ടായിരുന്നു.പിന്നീട് അതീവരഹസ്യമായി അവര്‍ കാനഡയിലേക്ക് കടക്കുകയായിരുന്നു.

പാക്കിസ്ഥാന്‍ എന്റെ രാജ്യമാണ്. എന്റെ മണ്ണാണ്. ഞാന്‍ അതിനെ സ്‌നേഹിക്കുന്നു. അസിയാബി പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.