എല്ലാ ദിവസവും മക്കളോട് ഈ രണ്ടു ചോദ്യങ്ങള്‍ ചോദിക്കാന്‍ മറക്കരുതേ

മക്കളോട് പഠിക്കുന്ന കാര്യത്തിലും ഭക്ഷണം കഴിക്കുന്ന കാര്യത്തിലും നിര്‍ദ്ദേശം നല്കുന്നവരും കാര്‍ക്കശ്യം പുലര്‍ത്തുന്നവരുമാണ് ഭൂരിപക്ഷം മാതാപിതാക്കളും. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയാലോ ഭക്ഷണം മുഴുവന്‍ കഴിക്കാതിരുന്നാലോ മക്കളെ ശാസിക്കുന്നവര്‍ ധാരാളം. എന്നാല്‍ മക്കളുടെ ആത്മീയകാര്യങ്ങളില്‍ വേണ്ടത്ര ഗൗരവം കൊടുക്കുന്ന മാതാപിതാക്കന്മാര്‍ എത്രപേരുണ്ട്?
മക്കളുടെ ഭൗതികശ്രേയസ് മാത്രമായിരിക്കരുത് മാതാപിതാക്കളുടെ ലക്ഷ്യം. കുട്ടികളുടെ കണ്ണുകളെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുക എന്നത് അവരുടെ കടമയാണ്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും മക്കളോട് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാതാപിതാക്കന്മാര്‍ക്ക് കടമയുണ്ട്.

ഇന്ന് ചെയ്ത നന്മ പ്രവൃത്തികള്‍ ഏതൊക്കെ, എത്രയെണ്ണം?

മക്കളോട് ദിവസവും ചോദിക്കേണ്ട ഒരു ചോദ്യമാണ് ഇത്. ഒരു ദിവസത്തിലെ എത്ര മണിക്കൂര്‍ മറ്റുള്ളവരെ സഹായിക്കാനും സേവിക്കാനും ശുശ്രൂഷിക്കാനുമായി നീക്കിവച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ എത്രയധികം ചെയ്തിട്ടുണ്ട്? വീട്ടിനുള്ളിലോ പുറത്തോ എത്രപേരെ സഹായിക്കാനായി സമയം കണ്ടെത്തിയിട്ടുണ്ട് ഇങ്ങനെയൊരു ചോദ്യം കുട്ടികളെ മറ്റുള്ളവരെ സഹായിക്കാനുള്ള പ്രേരണയുള്ളവരാക്കും.

ഇന്നേ ദിവസം ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടോ

ഇതാണ് രണ്ടാമത്തെ ചോദ്യം. ഓരോ ദിവസവും എത്രയധികം നന്മകളാണ് നാം ദൈവത്തില്‍ നിന്ന് സ്വീകരിക്കുന്നത്. എന്നാല്‍ അതില്‍ എത്രയെണ്ണത്തിന് നാം നന്ദി പറഞ്ഞിട്ടുണ്ട്? ദിവസവും സ്വീകരിക്കുന്ന നന്മകളെ പ്രതി ദൈവത്തിന് നന്ദി പറയാന്‍ മക്കളെ ശീലിപ്പിക്കുക. ഇത് ദൈവത്തോടുള്ള സ്‌നേഹത്തിലേക്ക് അവരെ അടുപ്പിക്കും, നന്ദിയുള്ളവരാക്കി മാറ്റുകയും ചെയ്യും. അങ്ങനെ മെച്ചപ്പെട്ട ആത്മീയനന്മകളിലേക്ക് നമ്മുടെ മക്കള്‍ വളര്‍ന്നുതുടങ്ങും.

എന്താ ഇനിമുതല്‍ ഈ രണ്ടു ചോദ്യങ്ങളും ചോദിക്കില്ലേ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.