ബംഗ്ലാദേശില്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ദരിദ്രര്‍ക്കായി ആശുപത്രി ആരംഭിക്കുന്നു


ധാക്ക: ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായവര്‍ക്കു വേണ്ടി കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ആശുപത്രി ആരംഭിക്കുന്നു. 20 കിടക്കകളുള്ള സെന്റ് ജോണ്‍ വിയാനി ഹോസ്പിറ്റല്‍ നവംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഹോളി റോസറി കാത്തലിക് ചര്‍ച്ചിന് സമീപമാണ് ആശുപത്രി.

നിലവില്‍ സഭയുടെ നേതൃത്വത്തിലുള്ള ഒരു ആശുപത്രി പോലും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. തന്മൂലം ദരിദ്രരായവര്‍ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്യപ്പെടുകയും സമ്മര്‍ദ്ദംഅനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് സഭ ആശുപത്രി ആരംഭിക്കുന്നത്. ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. കാമല്‍ കോറിയാ മാധ്യമങ്ങളോട് പറഞ്ഞു.

ധാക്ക അതിരൂപതയുടെ സാമ്പത്തിക സഹായത്താലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ഏറ്റവും ദരിദ്രരായവര്‍ക്കാണ് ചികിത്സ നല്കുന്നത് എന്നതിനാല്‍ പൂര്‍ണ്ണമായും സൗജന്യചികിത്സയാണ് നല്കുന്നത്.പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സെന്റ് ജോണ്‍ വിയാനി ആശുപത്രി ടീം ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയിരുന്നു.

1953 ല്‍ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ ആശുപത്രി നടത്തിയിരുന്നു. എന്നാല്‍ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് 1971 ല്‍ കന്യാസ്ത്രീകള്‍ പ്രാദേശികസഭയ്ക്ക് ആശുപത്രി കൈമാറി നാടുവിടുകയായിരുന്നു. പക്ഷേ സാമ്പത്തികപരാധീനതയും വിദഗ്ദരുടെ അഭാവവും മൂലം യുദ്ധാനനന്തരം സഭ ഗവണ്‍മെന്റിന് ആശുപത്രി കൈമാറുകയായിരുന്നു.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ ആറുലക്ഷത്തോളം ക്രൈസ്തവരുണ്ട് അതില്‍ ഭൂരിപക്ഷവും കത്തോലിക്കരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.