വൈദികനെ തള്ളിയിട്ട സംഭവം, ആഘോഷമാക്കി സോഷ്യല്‍ മീഡിയായിലെ സ്വവര്‍ഗ്ഗാനുരാഗികള്‍, വാര്‍ത്ത വളച്ചൊടിച്ച് മലയാള മാധ്യമങ്ങളും

ബ്രസീല്‍: സെലിബ്രിറ്റി വൈദികന്‍ ഫാ. മാഴ്‌സലോ റോസിയെ പ്രസംഗമധ്യേ ഒരു സ്ത്രീ തള്ളിയിട്ട വാര്‍ത്ത വൈറലായിരുന്നു. ഞായറാഴ്ച ബ്രസീലിലെ യൂത്ത് കോണ്‍ഫ്രന്‍സ് വേദിയിലായിരുന്നു സംഭവം. ഈ സ്ത്രീയെ ഇതിന് പ്രേരിപ്പിച്ചതെന്ത് എന്ന കാര്യം അജ്ഞാതമായിരുന്നു. അവര്‍ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാണെന്ന് പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി. ഫാ. റോസിക്ക് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നുമില്ല.

എന്നാല്‍ ഈ സംഭവം പുറംലോകം അറിഞ്ഞതോടെ സോഷ്യല്‍ മീഡിയായിലെ ചില പ്രതികരണങ്ങള്‍ വിചിത്രമായിരുന്നു. ഗേ വിരുദ്ധനായ അച്ചനെ തള്ളിയിട്ട സ്ത്രീയെ രാജ്ഞിയെന്ന് വിശേഷിപ്പിക്കുന്നതായിരുന്നു ചില ട്വീറ്റുകള്‍.

ഇതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തടിച്ച സ്ത്രീകള്‍ സ്വര്‍ഗ്ഗത്തില്‍ പോവുകയില്ലെന്ന് വൈദികന്‍ പറഞ്ഞതിനാണ് തടിച്ച സ്ത്രീ അദ്ദേഹത്തെ തള്ളിയിട്ടത് എന്നായിരുന്നു മലയാള മാധ്യമങ്ങള്‍ അടിച്ചുവിട്ടത്. ഇതിനെതിരെ ബ്രസീലില്‍ എട്ടുവര്‍ഷമായി സേവനം ചെയ്യുന്ന ഫാ. അലക്‌സ് ഒഴുകയില്‍ രംഗത്തെത്തിയതോടെയാണ് സത്യാവസ്ഥ വെളിച്ചത്തുവന്നത്.

ബലഹീനരും പാപികളുമായിട്ടുള്ളവര്‍ ദൈവവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഫാ. റോസി പറഞ്ഞതെന്നും ആ സമയത്ത് സ്ത്രീ തള്ളിയിടുകയായിരുന്നുവെന്നുമാണ് ഫാ. അലക്‌സിന്റെ വെളിപ്പെടുത്തല്‍. അച്ചന്റെ വീഡിയോ സന്ദേശം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ആടിനെ പട്ടിയാക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. അത് എന്നെങ്കിലും ഒരിക്കല്‍ പുറത്തുവരിക തന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.