ആത്മാക്കളെ നേടിയെടുക്കാന്‍ കഴിയുന്നവയായിരിക്കണം സുവിശേഷവല്‍ക്കരണം: ബ്ര. ജോസഫ് സ്റ്റാന്‍ലി

മാനസാന്തരം എന്നത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. ഒരു വ്യക്തിയില്‍ മാനസാന്തരം ഉണ്ടാവണമെങ്കില്‍ ആ വ്യക്തിയില്‍ വചനം കടന്നുവരണം. പ്രഘോഷിക്കപ്പെടണം. സുവിശേഷം ആ വ്യക്തി അറിയണം. ഒരു വ്യക്തി സുവിശേഷം അറിയണമെങ്കില്‍ കര്‍ത്താവ് പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട നാം ആ വ്യക്തിയോട് സുവിശേഷം പറയണം.

ഇന്ന് സുവിശേഷവല്‍ക്കരണത്തിന് ഏറ്റവും തടസമായി നില്ക്കുന്നത് നമ്മുടെ ഉള്ളിലുളള ചില പരിമിതികളാണ് പലപ്പോഴും പരിശുദ്ധാത്മാവ് നിറയാത്ത ശുശ്രൂഷ ചെയ്യുന്നതുകൊണ്ട് അതിന് ഫലം ഉണ്ടാകുന്നില്ല. റിസള്‍ട്ട് ഉണ്ടാകുന്നില്ല.

പലപ്പോഴും സുവിശേഷത്തിലൂടെ കടന്നുപോകുമ്പോള്‍ നാം നേരിടുന്നത് എതിര്‍പ്പുകളാണ്. നിരുത്സാഹപ്പെടുത്തലുകളാണ്. പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മനസ്സ് മടുത്ത് നാം അവിടെ നിന്ന് പിന്തിരിയാറുണ്ട്. മൈന്‍ഡ് അറ്റാക്ക്, മൈന്‍ഡ് ബ്ലെന്‍ഡിംങ് സ്പിരിറ്റുകളെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ബന്ധിച്ച് ബഹിഷ്‌ക്കരിക്കാതെ ഈ അന്ധകാര ശക്തികളുടെ സ്വാധീനത്തിലായിരിക്കുന്നവരുടെ അടുക്കല്‍ സുവിശേഷം എത്തിക്കുക സാധ്യമല്ല. മനസ്സുകളെ അന്ധമാക്കിയിരിക്കുന്ന സാത്താന്റെ സ്ട്രാറ്റജികളെ അന്ധകാരശക്തികളെ യേശുവിന്റെ തിരുരക്തത്താല്‍, തിരുവചനത്തിന്റെ ശക്തിയാല്‍, വിശുദ്ധ കുര്‍ബാനയുടെ ശക്തിയാല്‍ ബന്ധിച്ച് ബഹിഷ്‌ക്കരിക്കുമ്പോള്‍ അവിടെ വചനത്തിന്റെ പ്രകാശം കടന്നുവരും.

ബന്ധനപ്രാര്ത്ഥനകളും ഡെലിവറന്‍സ് പ്രയറുകളും സുവിശേഷവല്‍ക്കരണത്തില്‍ പ്രധാനപ്പെട്ടതാണ്. ഇന്ന് പല ലോകനേതാക്കന്മാരും സുവിശേഷവല്‍ക്കരണത്തിന് പുറംതിരിഞ്ഞുനില്ക്കുന്നവരാണ്. സാത്താന്‍ ഇന്ന് അനേകരുടെ മനസ്സുകളില്‍ സുവിശേഷത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരണ നല്കിക്കൊണ്ടിരിക്കുകയാണ്.

സമൃദ്ധിയുടെ സുവിശേഷമായിരിക്കരുത് നാം പ്രസംഗിക്കേണ്ടത്. അനുഗ്രഹം മാത്രം മതിയെന്ന സുവിശേഷമായിരിക്കരുത്. മറിച്ച് ആത്മാക്കളെ നേടിയെടുക്കേണ്ട സുവിശേഷമായിരിക്കണം. മാനസാന്തരത്തിന്റെ സുവിശേഷമായിരിക്കണം. സുവിശേഷം പ്രഘോഷിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങളോടു ചേര്‍ന്ന് പ്രഘോഷിക്കണം. സുവിശേഷതിരുവചനം എന്നത് ദൈവരാജ്യത്തിന്റെ വിത്തുകളാണെങ്കിലും അവ വിതയ്‌ക്കേണ്ടത് ആത്മാവിന്റെ ഫലങ്ങള്‍ എന്ന പ്ലാറ്റ്‌ഫോമിലായിരിക്കണം. എങ്കില്‍ പ്രവൃത്തിയും പ്രസംഗവും ഒരുപോലെയാകുകയും കൂടുതല്‍ വിളവെടുപ്പ് സാധ്യമാകുകയും ചെയ്യും. ദൈവനാമത്തിന് അവിടെ മഹത്വമുണ്ടാവുകയും ചെയ്യും.

ആത്മാക്കളെ നേടിയെടുക്കാനായിരിക്കണം നാം സുവിശേഷം പ്രഘോഷിക്കേണ്ടത്. ആത്മാക്കളെ നേടാത്ത സുവിശേഷവല്‍ക്കരണപ്രവര്‍ത്തനം നിഷ്പ്രയോജനകരമാണ്. ഒരു വ്യക്തിയെ പാപമോചനത്തിലേക്കും മാനസാന്തരത്തിലേക്കും പശ്ചാത്താപത്തിലേക്കും നിത്യജീവിതത്തിലേക്കും കൊണ്ടുവന്ന് ഒരു വ്യക്തിയെ ദൈവഭവനത്തിലെ അംഗമാക്കിമാറ്റിയെടുക്കുക. ആത്മാക്കളെ നേടിയെടുക്കാത്ത ശുശ്രൂഷയ്ക്ക് ഭാവിയില്ല.

യേശു ക്രിസ്തുവാണ് സത്യദൈവമെന്നും നിത്യജീവനെന്നും നാം പ്രഘോഷിച്ചിരിക്കണം. സഹനം സ്വീകരിക്കാന്‍ മടിക്കരുത്. സഹനം ദൈവം തരുമ്പോള്‍ അത് സ്വീകരിക്കാന്‍ മടികാണിക്കരുത്.

( സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.