ഏകീകൃത കുര്‍ബാന: മധ്യസ്ഥത വഹിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സിനഡ് ഏകകണ്ഠമായി തീരുമാനിച്ച സാഹചര്യത്തില്‍ ഏറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരോ ചീഫ് സെക്രട്ടറിയോ മധ്യസ്ഥത വഹിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍സത്യവാങ്മൂലം. സിനഡിന് വേണ്ടി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജി നിലനില്‍ക്കില്ലെന്നും മധ്യസ്ഥതയ്ക്ക് സര്‍ക്കാരിന് നിയമപരമായ ബാധ്യതയില്ലെന്നും സത്യവാങ്മൂലം പറയുന്നു. കുര്‍ബാനത്തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാന്‍ സര്‍ക്കാരിനോട് ഇടപെടാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഇടവകാംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് കര്‍ദിനാളിന്‌റെ സത്യവാങ്മൂലം.

ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഏകീകൃത കുര്‍ബാന വിശ്വാസപരമായ കാര്യമാണെന്നും മധ്യസ്ഥചര്‍ച്ചയ്ക്ക് ചീഫ് സെക്രട്ടറിയെ നിര്‍ബന്ധിക്കാന്‍ ഹൈക്കോടതിക്ക് നിയമപരമായി കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പള്ളിതുറക്കുന്ന കാര്യത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടോയെന്ന് സിംഗില്‍ ബെഞ്ച് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സത്യവാങ് മൂലം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.