പരിശുദ്ധ അമ്മയിലൂടെ നിരീശ്വരവാദി കത്തോലിക്കാസഭയിലേക്ക്

നിരിശ്വരവാദിയായി ജീവിച്ച ഒരുകാലത്ത് നിന്ന് ഒക്കള്‍ട്ട് വിദ്യയിലേക്ക് ആകര്‍ഷിതനായ മറ്റൊരു കാലം. ഏറ്റവും ഒടുവില്‍ മരിയഭക്തനായി കത്തോലിക്കാസഭയിലേക്ക്… വില്യം ടോറോ എന്ന വ്യക്തിയുടെ ജീവിതകഥ ഇങ്ങനെയാണ് ചുരുക്കിപ്പറയേണ്ടത്.

നിരീശ്വരവാദപ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ഒരുകാലത്ത് അദ്ദേഹം, ദൈവം തിന്മയാണെന്നായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നതും. അങ്ങനെയിരിക്കെയാണ് ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ കാരണമായത്. അതിന് നിമിത്തമായതാവട്ടെ കാമുകിയും.

കാമുകിയിലൂടെയാണ് താന്‍ ദൈവത്തെ അറിഞ്ഞതെന്നാണ് വില്യമിന്റെ സാക്ഷ്യം. തന്നെ വിശ്വാസിയാക്കാന്‍ ദൈവം കൂട്ടിയോജിപ്പിച്ചുതന്നവള്‍ എന്നാണ് ഇപ്പോള്‍ ഭാര്യയായി മാറിയ അവളെക്കുറിച്ച് വില്യംപറയുന്നതും. വിവാഹം കഴിക്കാതെ ഒരുമിച്ചുള്ളജീവിതത്തിനിടയില്‍ അവള്‍ ഗര്‍ഭിണിയുമായി.

അപ്പോഴേയ്ക്കും മന്ത്രവിദ്യകളൊക്കെയായി വില്യമിന്റെ ജീവിതം മുന്നോട്ടുപോകുകയായിരുന്നു. പക്ഷേ കാമുകിയാകട്ടെ വീട്ടിലൊരു പ്രാര്‍ത്ഥനാമുറിയും പിന്നീടൊരു പ്രാര്‍ത്ഥനാക്കൂട്ടായ്മയുമൊക്കെയുണ്ടാക്കി ദൈവപാതയില്‍ സഞ്ചരിക്കുകയായിരുന്നു.

നിരന്തരമായി അവള്‍ തന്റെ മാനസാന്തരത്തിന് വേണ്ടി ജപമാല ചൊല്ലിയിരുന്നുവെന്നാണ് വില്യമിന്റെ സ്മരണയും. ഒരുനാള്‍ അവള്‍ അയാളോട് ആവശ്യപ്പെട്ടത് ഒരു ധ്യാനത്തില്‍ പങ്കെടുക്കണമെന്നാണ്. അവളോടുള്ളസ്‌നേഹത്തെ പ്രതി അയാള്‍ അത് അനുസരിച്ചു. ആ തീരുമാനം അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയായിരുന്നു. ധ്യാനത്തില്‍ പങ്കെടുക്കുമ്പോള്‍ അയാള്‍ ദൈവത്തെ വെല്ലുവിളിച്ചു. ദൈവമേ നീയുണ്ടെങ്കില്‍.. നീ നിലനില്ക്കുന്നുണ്ടെങ്കില്‍..

അങ്ങനെയൊരു വെല്ലുവിളിയായിരുന്നു അയാള്‍ നടത്തിയത്. ഒരിക്കല്‍പോലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. മാതാവ് തനിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായിട്ടാണ് വില്യം അടുത്ത നിമിഷം കണ്ടത്. അപ്രതീക്ഷിതമായ ആ ദര്‍ശനത്തിന്റെ നടുക്കത്തില്‍ അയാള്‍ പേടിച്ചുപോയി.ശരീരമാകെ വിയര്‍ത്തു. തണുത്തു.

മകനേ നിന്നെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. മാതാവ് അയാളോട് പറഞ്ഞു. ഈ മിസ്റ്റിക്കല്‍ അനുഭവം വില്യമിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. അയാള്‍ പിന്നീട് കത്തോലിക്കാസഭയിലേക്ക് കടന്നുവന്നു. ഇന്ന് അടിയുറച്ച ദൈവവിശ്വാസിയായി അയാള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.