കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗ്ലോബല്‍ ടെക് കമ്പനികളോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: എല്ലാവിധ തിന്മകളില്‍ നിന്നും പ്രത്യേകിച്ച് പോണോഗ്രഫി, മനുഷ്യക്കടത്ത് തുടങ്ങിയ തിന്മകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കണമെന്ന് ഗ്ലോബല്‍ ടെക് കമ്പനികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

കുട്ടികള്‍ക്ക് നേരെ ക്രിമിനല്‍ കുറ്റങ്ങളൊന്നും നടക്കുന്നില്ലെന്ന് ഡിജിറ്റല്‍ ലോകം ഉറപ്പുവരുത്തണം. ഡിജിറ്റല്‍ സാങ്കേതികത ഒരുപാട് സാധ്യതകള്‍ നമുക്ക് മുന്നില്‍ തുറന്നുതരുന്നുണ്ടെങ്കിലും അതോടൊപ്പം നെഗറ്റീവുകളും സമ്മാനിക്കുന്നുണ്ട്. കുട്ടികള്‍ ആശയതലത്തിലും മറ്റ് തലങ്ങളിലും ദുരുപയോഗിക്കപ്പെടുന്ന നിരവധി മണ്ഡലങ്ങള്‍ ഡിജിറ്റല്‍ മേഖലയിലുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. മനുഷ്യക്കടത്ത്, ഭീകരപ്രവര്‍ത്തനം, തീവ്രവാദത്തിന്റെ വ്യാപനം, ഇവിടെയെല്ലാം കുട്ടികള്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട്.

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ പലരും പോണോഗ്രഫിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആദ്യമായി പോണോഗ്രഫിയ്ക്ക് അടിമകളാകുന്നത് പതിനൊന്ന് വയസിലോ അതിന് താഴെയോ ആണ് എന്നാണ് പുതിയ കണക്കുകള്‍ പറയുന്നതെന്നും പാപ്പ വ്യക്തമാക്കി. ഇതൊരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ല. പാപ്പ തറപ്പിച്ചുപറഞ്ഞു.

ചൈല്‍ഡ് ഡിഗിനിറ്റി ഓണ്‍ലൈന്‍ എന്ന വിഷയത്തെക്കുറിച്ച് നടന്ന മീറ്റിംങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പാപ്പ. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, ഫെസ്ബുക്ക്, പാരാമൗണ്ട് പിക്‌ചേഴ്‌സ് തുടങ്ങിയ ഉന്നതതല കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

കമ്പനികള്‍ വെറും സപ്ലൈയേഴ്‌സ് ആകാതെ ധാര്‍മ്മിക ഉത്തരവാദിത്തത്തോടെ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.