ഭീകരാക്രമണം, സ്വതന്ത്രമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ മെത്രാന്മാര്‍


കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അടിയന്തിരവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നും ഇതിനായി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാവണമെന്നും ശ്രീലങ്കയിലെ കാത്തലിക്ബിഷപ്‌സ് കോണ്‍ഫ്രന്‍സ്. ഓഗസ്റ്റ് 13 ന് ഇതു സംബന്ധിച്ച് പതിനാല് മെത്രാന്മാര്‍ പ്രസ്താവന പുറപ്പെടുവിച്ചു.

ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുമ്പോഴും ഇപ്പോഴും ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രസ്താവന കുറ്റപ്പെടുത്തി. ഇരകള്‍ക്ക് നീതി ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സ്വതന്ത്ര്യമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയണം. സുരക്ഷാസംബന്ധമായ കാര്യങ്ങളിലുണ്ടായ വീഴ്ചകളെക്കുറിച്ചും അന്വേഷിക്കണം. ഇവയുടെയെല്ലാം യഥാര്‍ത്ഥകാരണം അറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. പ്രസ്താവനയില്‍ പറയുന്നു.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 250 പേരാണ് ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.