ഓമനപ്പേരിട്ട് കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ മാര്‍ പാംപ്ലാനി

ഇരിട്ടി: കുടിയേറ്റ ജനതയ്ക്ക്, മലയോരകര്‍ഷകര്‍ക്ക് ഒരു വാക്കേ പറയാനുള്ളൂ ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങിയത് സത്യമാണെങ്കില്‍ ആ അവകാശം നേടിയെടുക്കാതെ വച്ചകാല്‍ പിന്നോട്ട് വയ്ക്കില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം മനസ്സിലാക്കിയാല്‍ നന്നായിരിക്കും.

ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഇവിടുത്തെ കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കുന്നതിന് ഓരോരോ നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്.ഇഎസ്എ, ബഫര്‍ സോണ്‍,.. ഇങ്ങനെ പലതരത്തിലുള്ള ഓമനപ്പേരിട്ടുകൊണ്ട് കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കര്‍ഷകന് കൃഷിഭൂമിയെന്നത് അവന്റെ പ്രാണനോളം വിലപ്പെട്ടതാണ്. ഞങ്ങളുടെ നെഞ്ചില്‍ ശ്വാസത്തിന്റെ കണിക ശേഷിക്കുന്നിടത്തോളം നിങ്ങള്‍ എന്തു ഓമനപ്പേരിട്ട് വിളിച്ചാലും ഒരു സെന്റ് സ്ഥലം പോലും ജപ്തി ചെയ്തുകൊണ്ടുപോകാമെന്ന് വിചാരിക്കരുത്.

കടുവകള്‍ എങ്ങനെ ഗ്രാമങ്ങളിലെത്തി എന്നത് നമുക്കൊരു ചോദ്യമാണ്. സംശയമാണ്. വയനാട്ടിലെ കര്‍ഷകരൊരു സങ്കടം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവകളെ കാട്ടില്‍ നിന്ന് ലോറിക്ക് കയറ്റി സാധാരണ മനുഷ്യരുടെ കൃഷിഭൂമിയില്‍ ഇറക്കിവിടുന്നുണ്ടെന്ന്. വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ വനപാലകരേ ഞങ്ങളുടെ സംശയം കൂടുതല്‍ കൂടുതല്‍ ബലപ്പെടുകയാണ്.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക അതിജീവനയാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ പാംപ്ലാനി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.