ഫാ. മാത്യു ചൂരപൊയ്കയുടെ സേവനങ്ങൾ രൂപതയുടെ വളര്‍ച്ചയില്‍ വിലമതിക്കാനാവാത്തത്: മാർ ജോസഫ് സ്രാമ്പിക്കൽ


                                             
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ സ്ഥാപനത്തിലും   രൂപതയുടെ ആരംഭ ദിശയിലുള്ള വളർച്ചയിലും ഫാ മാത്യു ചൂരപ്പൊയ്കയിൻറെ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് മാര്‍ ജോസഫ് സ്രാന്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ വികാരി, രൂപത ഫിനാൻസ് ഓഫീസർ എന്നീ നിലകളിൽ ശുശ്രുഷ ചെയ്തുവരികയായിരുന്ന റെവ. ഡോ. മാത്യു ചൂരപൊയ്കയ്ക്ക് കത്തീഡ്രൽ ദേവാലയത്തിൽ നല്കിയ യാത്രയയപ്പു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ സ്രാന്പിക്കല്‍.

രൂപതാപ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ ശക്തമായ അടിത്തറ ഇടുന്നതിലും രൂപതയുടെ പ്രധാനപ്പെട്ട പല ശുശ്രുഷകൾ ഏറ്റെടുക്കുന്നതിലും രൂപതയെ വളർത്തുന്നതിലും ചൂരപൊയ്കയിലച്ചന്റെ സാന്നിധ്യം നിർണ്ണായകമായിരുന്നു.  ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരും കേരളത്തിലുള്ള മറ്റേതെങ്കിലും രൂപതകളിൽ നിന്നോ സന്യാസസഭകളിൽനിന്നോ വന്നവരാണ്. ഈ വൈദികരുടെ നിയമന കാര്യങ്ങളിൽ ഇപ്പോഴും അതാത് രൂപതാധ്യക്ഷന്മാരോ സന്യാസസഭകളുടെ സുപ്പീരിയർമാരോ ആണോ തീരുമാനമെടുക്കുന്നത്. മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ചൂരപ്പൊയ്കയിലച്ചന്റെ സ്ഥലം മാറ്റത്തിലും അദ്ദേഹത്തിന്റെ രൂപതാധ്യക്ഷന്റെ തീരുമാനമാണ് നടപ്പായിരിക്കുന്നതെന്നും മാർ സ്രാമ്പിക്കൽ അറിയിച്ചു. 

രാവിലെ പതിനൊന്നു മണിക്ക് നടന്ന വി. കുർബാനയിൽ ഫാ. മാത്യു ചൂരപൊയ്കയിൽ കാർമ്മികത്വം വഹിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, അല്മായ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. വിശ്വാസിസമൂഹത്തിന്റെ ഉപഹാരവും ഫാ. മാത്യു ചൂരപൊയ്കയ്ക്കു കൈമാറി. 

പുതിയ ശുശ്രുഷാമേഖലയിൽ എല്ലാ ദൈവാനുഗ്രഹങ്ങളും പ്രാർത്ഥനകളും നേരുന്നതായി, ആശംസകളർപ്പിച്ചു സംസാരിച്ച രൂപത ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, ജോബി ജേക്കബ്, ജെഫ്രിൻ സാജു, ജോഷ്വാ ജോജി, അലീന റെജി, മി. സോജി എന്നിവർ പറഞ്ഞു. തുടർന്ന് ഫാ. മാത്യു ചൂരപ്പൊയ്കയിൽ മറുപടി പ്രസംഗം നടത്തി.

പുതിയ ശുശ്രുഷ രംഗമായ ലങ്കാസ്റ്റർ രൂപതയിൽ സേവനം ചെയ്യുമ്പോഴും സീറോ മലബാർ വി. കുർബാനയ്ക്കും മറ്റു ശുശ്രുഷകൾക്കും  ഫാ. ചൂരപ്പൊയ്കയിലിന്റെ സേവനങ്ങൾ തുടർന്നും ലഭ്യമായിരിക്കും.

ഫാ. ബിജു കുന്നയ്ക്കാട്ട്  PRO മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.