ഗാഡ്വെലൂപ്പെ മാതാവിനോട് പ്രാര്‍ത്ഥിക്കാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം

പിതാവായ ദൈവമേ യേശുക്രിസ്തുവിലൂടെ അങ്ങ് സാധിച്ച രക്ഷ എല്ലാവരും സ്വന്തമാക്കേണ്ടതിനായി പരിശുദ്ധ അമ്മയെ ഞങ്ങളുടെ നാഥയും സംരക്ഷകയുമായി നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.

പ്രിയ മാതാവേ അങ്ങേ സ്‌നേഹസുതനായ ഈശോയില്‍ സമാധാനം കണ്ടെത്തുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ ഹൃദയം അങ്ങേ പ്രിയപുത്രന്റെ ആരാധനാലയങ്ങളായി മാറട്ടെ. അങ്ങനെ ഞങ്ങള്‍ യേശുക്രിസ്തുവിനെ ഏകരക്ഷകനും ഏകനാഥനും ഏകദൈവവുമായി സ്വീകരിക്കുന്നതിനും അതുവഴി ദൈവമക്കളായിത്തീരുന്നതിനും ഇടയാകട്ടെ.

പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനങ്ങളില്‍ അങ്ങയെ അമ്മയായി സ്വീകരിക്കുകയും അമ്മയുടെ വിമലഹൃദയത്തിന് ഞങ്ങളെ സമര്‍പ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ദാനമായ കുഞ്ഞുങ്ങളെ നശിപ്പിക്കാതെ അവരെ സ്‌നേഹത്തോടെ സ്വീകരിക്കുവാനും മാതാപിതാക്കള്‍, പ്രായമായവര്‍, വൈകല്യമുള്ളവര്‍ എന്നിവരെ തള്ളിക്കളയാതെ സ്‌നേഹത്തോടെ സംരക്ഷിക്കാനും ഞങ്ങള്‍ക്കിടയാകട്ടെ.

ധാരാളം ദൈവവിളികള്‍ കൊണ്ട് ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. സ്‌നേഹം നിറഞ്ഞ അമ്മേ അങ്ങ് ജൂവാന്‍ ഡിയാഗോയുടെ മേലങ്കിയില്‍ അത്ഭുതകരവും പവിത്രവുമായ ഛായാപടം പതിപ്പിച്ചുകൊണ്ട് ഞങ്ങളോടു കൂടെ ആയിരിക്കുവാന്‍ തിരുമനസ്സായല്ലോ.

ഞങ്ങളുടെ ആവശ്യസമയങ്ങളില്‍ ഞങ്ങളെ സഹായിക്കുമെന്നുള്ള അങ്ങയുടെ വാഗ്ദാനത്തെപ്രതി ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ മാതാവും ചൈതന്യവും സൗഖ്യദായികയുമായ അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥന ശ്രവിച്ച് ഞങ്ങള്‍ക്ക് ഉത്തരം തരണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.