യഥാര്‍ത്ഥ സന്തോഷം ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ കണ്ടെത്തുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകം ചിന്തിക്കുന്നതുപോലെ യുവാവ് ആയിരിക്കുന്നതോ സമ്പന്നനോ വിജയിയോ ആയിരിക്കുന്നതിലോ അല്ല യഥാര്‍ത്ഥ സന്തോഷമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറിച്ച് ക്രിസ്തുവിനെ പിന്തുടരുന്നതിലാണ് യഥാര്‍ത്ഥസന്തോഷം.

ലോകം നമ്മോട് പറയുന്നത് നീ സമ്പന്നനായിരിക്കണം,ശക്തിമാനായിരിക്കണം,കരുത്തനായിരിക്കണം, പേരും പ്രശസ്തിയും ഉണ്ടായിരിക്കണം എങ്കില്‍ മാത്രമേ നിനക്ക് സന്തോഷം കണ്ടെത്താന്‍ കഴിയൂ എന്നാണ്. എന്നാല്‍ ലോകത്തിന്റെ ഈ മാനദണ്ഡങ്ങളെയെല്ലാം ക്രിസ്തു വഴിതിരിച്ചുവിട്ടു. ജീവിതത്തിന്റെ സമ്പൂര്‍ണ്ണത എന്നുപറയുന്നത് അവിടുത്തെ അനുഗമിക്കുന്നതിലാണ്. അവിടുത്തെ വാക്കുകള്‍ നടപ്പിലാക്കുന്നതിലൂടെയാണ്.

സുവിശേഷഭാഗ്യങ്ങളില്‍ പറയുന്നത് എളിമയിലൂടെയും അനുകമ്പയിലൂടെയും ശാന്തതയിലൂടെയും നീതിയിലൂടെയും സമാധാനത്തിലൂടെയും മാത്രമേ സന്തോഷവും ദൈവരാജ്യവും അനുഭവിക്കാന്‍ കഴിയൂ എന്നാണ്. ക്രിസ്തീയ സന്തോഷം എന്ന് പറയുന്നത് ഒരിക്കലും മാനുഷികമായ ശുഭാപ്തിവിശ്വാസമല്ല. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ഏതൊരു സാഹചര്യത്തെയും ദൈവത്തിന്റെ സ്‌നേഹപൂര്‍വ്വമായ കടാക്ഷമായി കാണാന്‍ കഴിയുന്നതാണ്. ശക്തിയോടും കരുത്തോടും കൂടി അവിടുന്നില്‍ നിന്ന് സ്വീകരിക്കുന്നതാണ്.

വിശുദ്ധര്‍ ഇങ്ങനെയൊരു സന്തോഷത്തിന്റെ സാക്ഷികളായിരുന്നു. പരീക്ഷണങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും നടുവിലും സന്തോഷം അനുഭവിക്കാന്‍ കഴിഞ്ഞവരായിരുന്നു. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.