ജര്‍മ്മനിയില്‍ ക്രൈസ്തവ വിശ്വാസം പ്രതിസന്ധിയിലേക്കോ? കഴിഞ്ഞ വര്‍ഷം സഭ വിട്ടുപോയത് രണ്ടുലക്ഷത്തിലേറെ പേര്‍

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ക്രൈസ്തവവിശ്വാസം പ്രതിസന്ധിയിലേക്ക് എന്നതിന്റ അപകടകരമായ മുന്നറിയിപ്പുമായി ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രണ്ടുലക്ഷത്തിലേറെ വിശ്വാസികള്‍ സഭ വിട്ടുപോയെന്നാണ് ബിഷപസ് കോണ്‍ഫ്രന്‍സ് വ്യക്തമാക്കിയത്.

സ്വയം വിമര്‍ശനത്തിനും പുനരുദ്ധാരണത്തിനും ജര്‍മ്മനിയിലെ സഭയെ ഇത് പ്രേരിപ്പിക്കുന്നുവെന്ന് ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി ഫാ. ഹാന്‍സ് അഭിപ്രായപ്പെട്ടു. അടുത്തയിടെയുണ്ടായ ലൈംഗികാപവാദങ്ങള്‍ ജര്‍മ്മന്‍ സഭയെ പിടിച്ചുകുലുക്കിയെന്നും അത് വിശ്വാസികളുടെ കൊഴിഞ്ഞുപോക്കലിന് കാരണമായിട്ടുണ്ടെന്നും ജര്‍മ്മന്‍ ബ്രോഡ്കാസ്റ്റര്‍ DW വ്യക്തമാക്കി.

എങ്കിലും കഴിഞ്ഞവര്‍ഷങ്ങളായി ജര്‍മ്മനിയിലെ സഭ പ്രതിസന്ധികളിലൂടെ കടന്നുപോകുകയായിരുന്നു. 2005 ല്‍ ആകെ 122 നവാഭിക്ഷതരാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷമാകട്ടെ വെറും 58 പേരും. രാജ്യത്തെ ജനസംഖ്യയില്‍ 53 ശതമാനവും കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമാണ്.

കത്തോലിക്കാസഭയിലെന്നതുപോലെ പ്രൊട്ടസ്റ്റന്റ് സഭയിലും വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക് ശക്തമാണ്. രണ്ടു സഭയിലൂം കൂടി 20 മില്യന്‍ അംഗങ്ങളാണുള്ളത്.

ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലേക്ക് അധികദൂരമില്ലെന്നു കൂടി സമീപകാല വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ജര്‍മ്മന്‍ സഭയിലെന്നതുപോലെ നമ്മുടെ സഭയിലും ആത്മവിമര്‍ശനത്തിന്റെയും പുനരുദ്ധരിക്കലിന്റെയും സമയം അതിക്രമിച്ചിരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.