തിരുവോസ്തി ഞാന്‍ കത്തിച്ചുകളഞ്ഞു: ബസിലിക്കയിലെ തിരുവോസ്തി സംഭവത്തില്‍ ഫാ. ആന്റണി പൂതവേലിയുടെ ഞെട്ടിക്കുന്ന വെളിപെടുത്തല്‍

കഴിഞ്ഞദിവസങ്ങളിലായി സോഷ്യല്‍ മീഡിയായില്‍ വ്യാപകമായ ഒരു വാര്‍ത്തയും വീഡിയോയുമായിരുന്നു എറണാകുളം സെന്റ് മേരീസ്ബസിലിക്കയില്‍ നിന്ന് ഫാ. പൂതവേലി തിരുവോസ്തി മോഷ്ടിച്ചുവെന്നും അത് സാത്താന്‍ ആരാധകര്‍ക്ക് നല്കിയെന്നും. ഈ വാര്‍ത്തയുടെ പിന്നിലെ യഥാര്‍ത്ഥസംഭവമെന്തെന്ന് അദ്ദേഹം വിശദമാക്കുന്നു. ഷെക്കെയ്‌ന ടെലിവിഷന് നല്കിയ അഭിമുഖത്തില്‍ ന ിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ:

തിരുവോസ്തി സക്രാരിയില്‍ നിന്ന് എടുക്കാനിടയായത് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 24 ാം തീയതിയാണ് ബസിലിക്ക അടയ്ക്കാനിടയായത്. ഇതുവരെയും അത് തുറക്കാനായിട്ട് സാധിച്ചിട്ടില്ല. സിനഡ് പിതാക്കന്മാര്‍ അതിനുള്ള ശ്രമം നടത്തിയെങ്കിലും ബസിലിക്ക വികാരി അതിന് സമ്മതിക്കാത്തതുകൊണ്ട് അതൊന്നും നടന്നിട്ടില്ല. ബസിലിക്കയിലെ സക്രാരിയില്‍ തിരുവോസ്തി ഉണ്ടെന്ന കാര്യം എനിക്കറിയില്ലായിരുന്നു.

2022 ഡിസംബര്‍ 16 ാം തീയതിയാണ് എന്നെ നിയമിച്ചിരുന്നതെങ്കിലും 19 ാംതീയതിയാണ് ചാര്‍ജ്ജെടുത്തത്. അന്നുമുതല്‍ ഇന്നുവരെ എനിക്ക് അവിടെ കുര്‍ബാന അര്‍പ്പിക്കുന്നതിന് സാധിച്ചിട്ടില്ല. സക്രാരിയില്‍ ഓസ്തിയുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല 24 ാം തീയതിയുണ്ടായ അനിഷ്ടസംഭവങ്ങളുടെ വെളിച്ചത്തിലാണ് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സമവായം ഉണ്ടാകുന്നതുവരെ ബസിലിക്ക അടച്ചിടാം എന്ന് തീരുമാനിച്ചത്. അന്നുരാത്രി ഞാനും ദേവാലയശുശ്രൂഷി ജോസും കൂടി ദേവാലയത്തിലേക്ക് ചെല്ലുകയും ദേവാലയം പൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. മദ്ബഹയിലേക്ക കയറാന്‍ ശ്രമിച്ചപ്പോള്‍ അവിടം അലങ്കോലപ്പെട്ടുകിടക്കുകയായിരുന്നു.

അള്‍ത്താരയിലേക്ക് കയറിയപ്പോള്‍ അവിടെ ആദ്യത്തെ വാതില്ക്കല്‍ ഒരു കുസ്‌തോദി കാണാനിടയായി.പക്ഷേ സക്രാരിയുടെ താക്കോലില്ലായിരുന്നു. കുസ്‌തോദി തുറന്നപ്പോള്‍ ഓസ്തി കാണാനിടയായി. എന്നാല്‍ അത് കൂദാശ ചെയ്തതാണോ അല്ലയോ എന്ന് എനിക്ക് ആശങ്കയുണ്ടായി. താക്കോല്‍ കാണാത്തതുകൊണ്ട് ഞാന്‍ ആ ഓസ്തി ഭക്ഷിച്ചു. കുസ്‌തോദി തുടച്ച് സങ്കീര്‍ത്തിയില്‍ കൊണ്ടുപോയിവച്ചു. അവിടെയൊക്കെ താക്കോല്‍ അന്വേഷിച്ചുവെങ്കിലും കണ്ടില്ല. ഞങ്ങള്‍ പള്ളിപൂട്ടി മടങ്ങിപ്പോയി. ആറുമാസമായി അവിടെ തിരുവോസ്തിയുണ്ടെന്ന് മോണ്‍, നരികുളമോ അവിടെ താമസിക്കുന്ന കൊച്ചച്ചന്മാരോ എന്നോട് പറഞ്ഞിട്ടില്ല. മൂന്നാഴ്ചയ്ക്ക് ശേഷമാണ് താക്കോല്‍ കിട്ടുന്നത്.

ഞാന്‍ അവിടേയ്ക്ക് ചെല്ലുന്ന കാര്യം ആരെയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല.പക്ഷേ അവിടെയെത്തിയപ്പോള്‍ ഓഫീസിലും അവിടെയുണ്ടായിരുന്നവരോടും കാര്യംപറഞ്ഞു. തിരുവോസ്തി ഉണ്ടെങ്കില്‍ അതെടുക്കാനായിട്ടാണ് വന്നിരിക്കുന്നതെന്ന്. ഓഫീസിലുള്ള സിഎംസി സിസ്റ്ററെയും കൂട്ടി തിരുവോസ്തി എടുക്കാനായിരുന്നു പദ്ധതിയിട്ടതെങ്കിലും സിസ്റ്റര്‍ ആ സമയം മഠത്തിലേക്ക് പോയിരുന്നു. കൂടുതല്‍ അവിടെ നിന്നാല്‍ ആരെങ്കിലും പ്രശ്‌നമുണ്ടാക്കുമെന്ന് ഞാന്‍ കരുതി.

ഞാന്‍ വന്ന കാര്യവും തിരുവോസ്തി ഉണ്ടെങ്കില്‍ അതെടുക്കുമെന്ന കാര്യവും നരികുളം അച്ചനോട് പറയണമെന്നും ഞാനാവശ്യപ്പെട്ടിരുന്നു. അവരത് പറഞ്ഞതുകൊണ്ടായിരിക്കണമല്ലോ സിസിടിവി ദൃശ്യങ്ങള്‍ അവര്‍ പരിശോധിച്ചതും വീഡിയോ പുറത്തുവിട്ടതും. തുണിസഞ്ചിയായിരുന്നു എന്റെ കയ്യിലണ്ടായിരുന്നത്. ഊറാല ഉണ്ടായിരുന്നില്ല. ആറുമാസമായതുകൊണ്ട് തീര്‍ച്ചയായും പൂപ്പല്‍പിടിച്ചിട്ടുണ്ടാവും. ഭക്ഷ്യയോഗവ്യവുമായിരിക്കില്ല. ഭക്ഷ്യയോഗ്യമല്ലാത്ത ഒരു സാഹചര്യത്തില്‍ ക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നില്ല.യേശു അപ്പത്തിന്‌റെ രൂപത്തില്‍ വന്നത് നമ്മുടെ ശരീരത്തിന്‌റെയും രക്തത്തിന്റെയും ഭാഗമാകാന്‍ വേണ്ടിയാണ്.

യേശുവിന്റെ ശരീരം അപ്പത്തിന്റെ രൂപത്തില്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമല്ലേ അത് സംഭവിക്കുകയുള്ളൂ. ഉള്‍ക്കൊള്ളാത്ത അവസ്ഥയില്‍ യേശുവിന്റെ സാന്നിധ്യം ഉണ്ടായിരിക്കുകയില്ല. രണ്ടു കുസ്‌തോദിയാണ് ഞാന്‍ കണ്ടത്.പിന്നെ അരുളിക്കയില്‍ വയ്ക്കുന്ന വിധത്തിലുള്ള വലിയ ഓസ്തിയും. ഇത് ഞാന്‍ കൊണ്ടുവന്ന സഞ്ചിയിലാക്കി. ആരോടും സംസാരിക്കാന്‍ നിന്നില്ല. ഞാന്‍ കാറില്‍ കയറി. ഞാന്‍ താമസിക്കുന്ന സ്ഥലത്തെത്തി ഡിസ്‌പോസ് ചെയ്യാനാണ് പിതാവ് എന്നോട് പറഞ്ഞത്. ഞാന്‍ താമസിക്കുന്ന തൃക്കാക്കര പ്രീസ്റ്റ് ഹോമിലെത്തി മറ്റാരോടും പറയാന്‍ പോയില്ല. മുറിയിലെത്തി ഓസ്തിയുടെ ഫോട്ടോയെടുത്ത് ആന്‍ഡ്രൂസ് പിതാവിന് അയച്ചുകൊടുത്തു.

ബസിലിക്കയിലെ സഹവികാരിയായ ഫാ.ജിസ്‌മോനും ഈ ഫോട്ടോ അയച്ചുകൊടുത്തു. പൂത്തിരിക്കുന്ന തിരുവോസ്തി ഞാന്‍ കത്തിച്ചുകളഞ്ഞു. വെള്ളത്തിലിട്ട് അലിയിച്ചു കളയുക അല്ലെങ്കില്‍ കത്തിച്ചുകളയുക ഇതാണ് സഭ അനുശാസിക്കുന്ന നിര്‍ദ്ദേശം. ഇതില്‍ ഞാന്‍ ചെയ്തത് കത്തിച്ചുകളയുകയാണ്ഞാന്‍ സ്വീകരിച്ചത്. പിതാവിനോട് ഇക്കാര്യംപറയുകയും ചെയ്തു. ഇതാണ് സംഭവിച്ചത്.

ഞാനൊരിക്കലും കുര്‍ബാനയെ അവഹേളിച്ചിട്ടില്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്നെ മുള്‍മുനയില്‍ നിര്‍ത്തേണ്ടത് എനിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ത്തി സാധാരണക്കാരുടെ വിശ്വാസം ദുര്‍ബലപ്പെടുത്തേണ്ടത് ഈ വീഡിയോ ഇറക്കിയവരുടെ ലക്ഷ്യമായിരുന്നു. പുരോഹിതനായി 43 വര്‍ഷം കഴിഞ്ഞ ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ദൈവത്തോടും സഭയോടും സഭാനേതൃത്വത്തോടും വിശ്വസ്തത കാത്തുസൂക്ഷിക്കാന്‍സാധിക്കുന്നതുകൊണ്ടാണ് ഈ പരീക്ഷണങ്ങള്‍ ഉണ്ടാകുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.