കരട് ദേശീയ വിദ്യാഭ്യാസനയം പ്രതികരണ കാലാവധി നീട്ടണം: ലെയ്റ്റി കൗണ്‍സില്‍


കൊച്ചി: കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ട കരട് ദേശീയ വിദ്യാഭ്യാസനയത്തിന്മേലുള്ള പ്രതികരണങ്ങള്‍ ലഭ്യമാക്കുന്ന കാലാവധി ജൂണ്‍ 30 ആയി നിജപ്പെടുത്തിയത് നീട്ടിവെയ്ക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2019 മെയ് 30നാണ് ഡോ.കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ എതിര്‍പ്പ് വന്നപ്പോള്‍ തിരുത്തലുകള്‍ നടത്തി കരട് വീണ്ടും അവതരിപ്പിച്ചു. 2016 മെയ് 27ന് ഒന്നാം മോദിസര്‍ക്കാരിന്റെ കാലത്ത് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍.സുബ്രഹ്മണ്യന്‍ അധ്യക്ഷനായുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ രാജ്യത്തുടനീളം വലിയ എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് വെളിച്ചം കണ്ടില്ല. ഇതിനെത്തുടര്‍ന്നാണ് 2017 ജൂണില്‍ കസ്തൂരിരംഗന്‍ സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്.

ഇന്ത്യയുടെ വിദ്യാഭ്യാസനിലവാരം രാജ്യാന്തരനിലവാരത്തിലേയ്ക്കുയര്‍ത്തുവാനോ മൂല്യാധിഷ്ഠിതവും പുരോഗമാത്മകവുമായ ക്രിയാത്മകനിര്‍ദ്ദേശങ്ങള്‍ കരട് നിര്‍ദ്ദേശങ്ങളില്‍ ഒറ്റനോട്ടത്തില്‍ വ്യക്തമല്ല. ജനാധിപത്യ മതേതരത്വ വൈവിധ്യപൂര്‍ണ്ണമായ ഭാരതത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ കോര്‍പ്പറേറ്റുവല്‍ക്കരണവും മതകേന്ദ്രീകൃതവും അതിതീവ്ര ദേശീയതയും കൂട്ടിച്ചേര്‍ത്ത് മാറ്റങ്ങള്‍ വ്യക്തമായി നിര്‍ദ്ദേശിക്കുന്ന കരടുനയം പൊതുസമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടത് അടിയന്തരമാണ്. അതിനാല്‍ കരടുനയത്തിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന കാലാവധി നീട്ടിവെയ്ക്കുവാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം തയ്യാറാകണമെന്ന് വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.