മണിപ്പൂരില്‍ സമാധാനത്തിന്റെ മണികള്‍ മുഴങ്ങട്ടെ

 ‘മണിപ്പര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ.’ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് ഏതാനും ദിവസം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികളാണ് ഇത്. മണിപ്പൂരില്‍ രണ്ടുസ്്ത്രീകളെ നഗ്നരാക്കി നടത്തിയസംഭവത്തോടുള്ള പ്രതികരണമായിട്ടായിരുന്നു സുരാജ് ഈ വാക്കുകള്‍ കുറിച്ചത്.

നടന്റെ വാക്കുകള്‍ മരിയന്‍പത്രവും ആവര്‍ത്തിക്കട്ടെ.

മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു.അപമാനം കൊണ്ട് തലകുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ. അതുകൊണ്ടാണ് വളരെ വൈകിയെങ്കിലും ഇങ്ങനെയൊരു കുറിപ്പെഴുതുന്നത്.

, മണിപ്പൂര്‍ ഇന്ന്  മനസ്സാക്ഷിയുള്ളവരുടെയെല്ലാം വേദനയും കണ്ണീരും സങ്കടവുമാണ്.  ആകുലതയും ആശങ്കയുമാണ്.. സംവരണപ്രശ്‌നം, ഭൂമിപ്രശ്‌നം.. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി  ഇത്തരം പലതും നിരത്തിവയ്ക്കപ്പെടുന്നുണ്ട്്. ഇവയെല്ലാം അതിന്റേതായഅര്‍ത്ഥത്തില്‍  ശരിവയ്ക്കപ്പെടുമ്പോഴും  ഇതിന് പിന്നില്‍ കൃത്യമായ രീതിയിലുള്ള ചില അജന്‍ഡകള്‍ ഉണ്ടെന്നതാണ് സത്യം. എന്താണ് ഈ അജന്‍ഡ? ക്രൈസ്തവ ഉന്മൂലനം തന്നെ. നിിശ്ചിതവര്‍ഷത്തിനുള്ളില്‍ ക്രൈസ്തവരെ മണിപ്പൂരില്‍ നിന്ന് ഇല്ലാതാക്കും എന്നതാണ് ചിലഭാഗത്തുനിന്നുള്ളപ്രഖ്യാപനങ്ങള്‍. ഈപ്രഖ്യാപനങ്ങള്‍ നടപ്പില്‍വരുത്തുന്ന മട്ടിലുള്ള ആക്രമണങ്ങളാണ് ഇപ്പോള്‍ മണിപ്പൂരില്‍  നടന്നുകൊണ്ടിരിക്കുന്നത്.

ഹൈന്ദവവിശ്വാസികളാണ് മെയ്തികള്‍. കുക്കികളാകട്ടെ ക്രൈസ്തവരും. വംശീയകലാപമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്നതിന് ചേരിതിരിഞ്ഞുള്ള ഈ തെളിവ്തന്നെ ധാരാളം.  കുക്കിസ്്ത്രീകളെ തിരഞ്ഞുപിടിഞ്ഞാക്രമിക്കുന്നതും പീഡിപ്പിക്കുന്നതും കൊന്നൊടുക്കുന്നതും ഇത്തരം സംശയങ്ങള്‍ക്ക് അടിവരയിടുന്നു.

 അതുകൊണ്ടുതന്നെ മനുഷ്യരും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷമായി കാണാതെ ഹിന്ദുക്കളും ക്രൈസ്തവരും തമ്മിലുളള സംഘര്‍ഷമായി മാറിനിന്നു കണ്ട് ആസ്വദിക്കുന്നവരുമുണ്ട്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും കള്ളികളില്‍ തളച്ചിടുന്ന അപക്വവും വികലവുമായ മാനസികാവസ്ഥയുടെ പ്രതിഫലനമാണ് ഇ്ത്തരം പ്രതികരണങ്ങളില്‍ തെളിയുന്നത്. കുക്കികളെപോലെ തന്നെ മെയ്തികള്‍ക്കിടയിലും ജീവഹാനി സംഭവിക്കുന്നുണ്ട്. കൊണ്ടുംകൊടുത്തും മുന്നേറുന്ന ഇക്കൂട്ടരെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിനും കഴിവില്ലെന്നതാണ് സത്യം.

ജനങ്ങളുടെ മേല്‍ സ്വാധീനമുള്ള ഭരണകൂടമല്ല മണിപ്പൂരിലേത്. ജനപ്രതിനിധികള്‍ പലരും ഒളിവിലാണ്. തങ്ങള്‍ കൊല്ലപ്പെട്ടേക്കുമെന്ന ഭയമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചവര്‍ തന്നെ ജനങ്ങളെ കൂട്ടക്കുരുതിക്ക് വിട്ടുകൊടുത്ത് മാളങ്ങളില്‍ പതുങ്ങിജീവിക്കുന്നത് ജനാധിപത്യത്തിന്റെ അപചയമാണ്, ജനാധിപത്യത്തിന് അത് അപമാനകരവുമാണ്.

 പൗരരെ മനുഷ്യരും സ്വതന്ത്രഇന്ത്യയുടെ ഭാഗവുമായി കാണാന്‍ കഴിയുമ്പോള്‍ മാത്രമേ ഭരണകൂടങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ക്രിയാത്മകമായി പ്രത്യുത്തരിക്കാനാവുകയുള്ളൂ. പക്ഷേ ഇവിടെ സംഭവിച്ചിരിക്കുന്നത് നേര്‍വിപരീതമാണ്.കഷ്ടമെന്നല്ലാതെ മറ്റൊന്നും പറയാനില്ല.

ക്രൈസ്തവരെ വകവരുത്തിയും അവരുടെ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കിയും ക്രൈസ്തവസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തും ക്രൈസ്തവമതത്തെ ഉന്മൂലനം ചെയ്തുകളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഇന്നലെത്തെ മഴയ്ക്ക് മുളച്ച തകരയല്ല ക്രൈസ്തവവിശ്വാസം. സുഗമമായ രാജവീഥിയിലൂടെയല്ല ക്രിസ്തുമതം വളര്‍ന്ന് ഇന്നത്തെ അവസ്ഥയിലെത്തിയിരിക്കുന്നതും.

രക്തസാക്ഷിത്വത്തിന്റെ ചുടുനിണം ക്രൈസ്തവമതത്തിന്റെ അന്തര്‍ധാരയാണ്. ക്രിസ്തുവിനോടുള്ളസ്‌നേഹത്തെ പ്രതി റോമന്‍ തെരുവീഥികളില്‍ പന്തങ്ങളായി കത്തിത്തീര്‍ന്നവര്‍ മുതല്‍ ഇങ്ങേയറ്റം കാണ്ടമാലിലെ ക്രൈസ്തവര്‌വരെ അതിന്റെതെളിവാണ്. വര്‍ത്തമാനകാല ഇന്ത്യയിലെ ഏറ്റവും കിരാതമായ ക്രൈസ്തവവേട്ടയാടലായിരുന്നുവല്ലോ കാണ്ടമാലില്‍ നടന്നത്. എന്നിട്ടും ഇന്ന് അവിടെ വിശ്വാസദീപ്തി കെട്ടടങ്ങിയിട്ടില്ല. ദൈവവിളികള്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നതും.

 എവിടെയൊക്കെ ക്രൈസ്തവവിശ്വാസം പീഡിപ്പിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ടോ അവിടെയെല്ലാം അതിന്റെ നൂറിരട്ടി ശക്തിയോടെ വളര്‍ന്നുപന്തലിച്ചതിന് ചരിത്രം സാക്ഷിയാണ്. അതുകൊണ്ട് ക്രൈസ്തവവിശ്വാസത്തെയും ക്രൈസ്തവരെയും ഇല്ലായ്മ ചെയ്യാനാണ് ഈ നെറികേടുകള്‍ ആസൂത്രിതമായി മണിപ്പൂരില്‍ നടപ്പിലാക്കുന്നതെങ്കില്‍ അതിന് വച്ച വെള്ളം വാങ്ങിവച്ചാല്‍ മതി. പക്ഷേ ഈ ക്രൈസ്തവകൂട്ടക്കുരുതിക്കെതിരെ ഭരണാധികാരികള്‍വച്ചുപുലര്‍ത്തുന്ന നിസ്സംഗത അപകടകരമാണ്.. ക്രൈസ്തവര്‍ക്കെതിരെ എന്തും ആകാം എന്ന ഭാവം ഇവിടെ പലര്‍ക്കുമുണ്ടെന്ന് തോന്നുന്നു. അതാണ് മണിപ്പൂര്‍ കലാപത്തെ ഒറ്റപ്പെട്ട സംഭവമായി കാണാതിരിക്കാന്‍ പ്രേരിപ്പിക്കുന്നതും.

 മണിപ്പൂര്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നിസ്സംഗരും നിശ്ശബ്ദരുമായി കഴിയുന്ന ഭരണാധികാരികളെ പരിഹസിച്ചുകൊണ്ട് ഇതിനകം നിരവധി ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഒരു സിനിമാപ്പേരിനെ അനുകരിച്ച് കലാപകാലത്ത് മയക്കം എന്ന ട്രോള്‍ അക്കൂട്ടത്തില്‍ സവിശേഷശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.  മണിപ്പൂരിലെ വീഡിയോ ഇതിനകം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞിട്ടും ഇന്നും നമ്മുടെ ഭരണാധികാരികള്‍ എന്ന് അവകാശപ്പെടുന്നവര്‍ അതിനെതിരെ ശബ്ദിക്കാന്‍ തയ്യാറായിട്ടില്ല.മയക്കം വിട്ടുണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാമിവിവേകാനന്ദന്‍ പറഞ്ഞതുപോലെ ഉത്തിഷ്ഠതാ ജാഗ്രതാ.. പ്രാപ്യവരാ നിബോധതാ..

അധികാരികളേ ഉറക്കത്തില്‍ നിന്നുണരൂ, നിങ്ങളുടെ നിശ്ശബ്ദത ഇനിയും ക്രൂരതകളുടെ തുടര്‍ച്ചയാകും. അതുണ്ടാവരുത്. അതോ നിങ്ങള്‍ ഉറക്കം നടിക്കുകയാണോ. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം പക്ഷേ ഉറക്കം നടിക്കുന്നവരെയോ.. മണിപ്പൂരിനെക്കുറിച്ച് അത്തരമൊരു ഭീതിയുമുണ്ട്.

തുടങ്ങിവച്ചതിലേക്ക് തന്നെ പോകട്ടെ. സുരാജ് വെഞ്ഞാറമ്മൂട് മണിപ്പൂരിനെക്കുറിച്ച് പങ്കുവച്ച ആധിയുടെ പോസ്റ്റ് ഏതാനും നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. നടന്‍തന്നെ നീക്കം ചെയ്തതാണ് എന്ന് സംശയിച്ചവര്‍ക്ക് മറുപടിയായി അദ്ദേഹം പിന്നീട് അറിയിക്കുകയുണ്ടായി  കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തന്റെ പോസ്റ്റ് നീക്കം ചെയ്തതാണെന്ന്.

അതായത് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പോലും പരസ്യപ്പെടുത്തുന്നത് ആരുടെയോ ഉറക്കം കെടുത്തുന്നു. ആരോ അത് ഭയക്കുന്നു. നിശ്ശബ്ദരാക്കാന്‍ വായ് മൂടിക്കെട്ടേണ്ടിവരുന്ന അവസ്ഥ. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു ജനാധിപത്യരാജ്യത്ത് നടക്കുന്നതാണെന്ന് പറയേണ്ടിവരുന്നതില്‍ ലജ്ജ തോന്നുന്നു.  ക്രൈസ്തവര്‍ രാജ്യത്ത് സുരക്ഷിതരാണെന്നായിരുന്നു ഇതുവരെയുള്ള നമ്മുടെ ധാരണ. ഒറ്റപ്പെട്ട ചില അനിഷ്ടസംഭവങ്ങള്‍ അവിടവിടെയായി അരങ്ങേറിയിട്ടും ആ ധാരണയ്ക്ക് അധികമൊന്നും ഇളക്കം തട്ടിയിട്ടുണ്ടായിരുന്നില്ല.

പക്ഷേ മണിപ്പൂര്‍.. അത് എല്ലാറ്റിന്റെയും അതിരുകള്‍ തകര്‍ത്തു.ഇത് ഏതെങ്കിലും ഒരു ദേശത്തിന്റെ മാത്രം അവസ്ഥയല്ല നാളെ മറ്റെവിടെയേക്കും പടര്‍ന്നുപിടിക്കാവുന്ന പകര്‍ച്ചവ്യാധികൂടിയാണ്. അതുകൊണ്ട് നിശ്ശബ്ദതയും നിഷ്‌ക്രിയതയും അവസാനിച്ചേ മതിയാവൂ.

മാസങ്ങള്‍ നീണ്ട രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ സര്‍വ്വരും ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കാം. മണിപ്പൂര്‍ ശാന്തമാവട്ടെ.. സമാധാനത്തിന്റെ മണിനാദങ്ങള്‍ മണിപ്പൂരില്‍ നിന്ന് മുഴങ്ങുന്ന ഒരു ദിവസത്തിനായി നമുക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കാം.
ഫാ.ടോമി എടാട്ട്
ചീഫ് എഡിറ്റര്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.