ഈജിപ്തില്‍ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടു, സാക്ഷികളായത് രണ്ടര ലക്ഷത്തോളം ആളുകള്‍


ഈജിപ്തിലെ സിയിടോണ്‍ സെന്റ് മേരീസ് കോപ്റ്റിക് ദേവാലയത്തിലാണ് ഈ അത്ഭുതം നടന്നത്. അതിന് സാക്ഷിയായതോ ഒരു മുസ്ലീം ബസ് മെക്കാനിക്കും. അയാള്‍ പളളിയുടെ മുകളിലേക്ക് നോക്കിയപ്പോള്‍ ആദ്യം തോന്നിയത് ആരോ ഒരാള്‍ ആത്മഹത്യ ചെയ്യാനായി നില്ക്കുന്നതായിട്ടാണ്. രാത്രിയായിരുന്നു സമയം. വിളക്കിന്റെ പ്രകാശത്തിലാണ് അയാള്‍ അത് കണ്ടത്.

പക്ഷേ സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി അതൊരു സ്ത്രീരൂപമാണെന്ന്. അയാള്‍ പെട്ടെന്ന് ആളുകളെ വിളിച്ചുകൂട്ടി. ഒരു ആള്‍ക്കൂട്ടം അവിടെ രൂപമെടുത്തു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ രൂപം മാഞ്ഞുപോയി.

എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകള്‍ അത്ഭുതപ്പെട്ടു. അടുത്ത ആഴ്ച ഈ സംഭവം ആവര്‍ത്തിക്കപ്പെട്ടു. പിന്നീട് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ എന്ന വിധം മൂന്നുവര്‍ഷത്തോളം ഈ ദൃശ്യം ആവര്‍ത്തിക്കപ്പെട്ടു. അപ്പോഴേയ്ക്കും മാതാവിന്റെ ദര്‍ശനമാണ് അതെന്ന് എല്ലാവരും വിശ്വസിച്ചുതുടങ്ങിയിരുന്നു.

1968 ഏപ്രില്‍ രണ്ടിനാണ് ആദ്യമായി ദര്‍ശനം ഉണ്ടായതെങ്കില്‍ 1971 ല്‍ ഈ ദര്‍ശനം അവസാനിച്ചു. മാതാവിന്റെ ഈ ദര്‍ശനത്തിന് മുസ്ലീമുകളും ക്രിസ്ത്യാനികളും സാക്ഷികളായി. കോപ്റ്റിക് സഭയുടെ തലവന്‍ ഇതേക്കുറിച്ച് പിന്നീട് അന്വേഷണം നടത്തുകയും ഇത് മാതാവിന്റെ ദര്‍ശനവും പ്രത്യക്ഷപ്പെടലുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

വത്തിക്കാന്‍ പ്രതിനിധി കെയ്‌റോയിലെത്തുകയും ഇതേക്കുറിച്ച് തങ്ങളുടേതായ അന്വേഷണം നടത്തുകയും ചെയ്തു. രണ്ടരലക്ഷത്തോളം ആളുകള്‍ വരെ ഈ അത്ഭുതത്തിന് സാക്ഷികളായിട്ടുണ്ട്.

മാതാവിന്റെ പ്രത്യക്ഷപ്പെടലില്‍ പ്രത്യേക സന്ദേശമൊന്നും ലഭിക്കുകയുണ്ടായിട്ടില്ല. എങ്കിലും മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് മാതാവിന്റെ ദര്‍ശനം ഉണ്ടായത് എന്ന കാര്യം ശ്രദ്ധേയമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.