പ്രത്യക്ഷീകരണം തട്ടിപ്പെന്ന് മെത്രാന്‍, മെത്രാനെ സാത്താന്‍ വഴിതെറ്റിച്ചിരിക്കുന്നുവെന്ന് വിശ്വാസികള്‍ ടെക്‌സാസിലെ മരിയന്‍ പ്രത്യക്ഷീകരണം വിവാദങ്ങളിലേക്ക്

ടെക്‌സാസ്: പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതായുള്ള പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് സ്ഥലത്തെ മെത്രാന്റെ പ്രസ്താവന. എന്നാല്‍ പ്രത്യക്ഷീകരണത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത് സാത്താന്‍ ഈ പ്രത്യക്ഷീകരണത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. ഫോര്‍ട്ട് വര്‍ത്തില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണമാണ് ഇപ്പോള്‍ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങളുമായി വിവാദത്തിലായിരിക്കുന്നത്.

നടന്നതായി പറയപ്പെടുന്ന മരിയന്‍ പ്രത്യക്ഷീകരണവും സന്ദേശങ്ങളും വ്യാജമാണെന്ന് ബിഷപ് മൈക്കല്‍ ഓല്‍സണ്‍ എഴുതിയ കത്തില്‍ പറയുന്നു. ഇതിന് മുമ്പ് ഈ മാസം തന്നെ അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ കത്തില്‍ കുറെക്കൂടി വ്യക്തതയോടെയാണ് പ്രത്യക്ഷീകരണത്തിന്റെ പിന്നിലെ വളച്ചൊടിക്കലിനെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത്. വീഡിയോ പരിശോധിച്ചതില്‍ നിന്ന് താന്‍ മനസ്സിലാക്കിയത് ഇത് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മാതാവ് പ്രത്യക്ഷീകരണം നല്കി എന്ന് അവകാശപ്പെടുന്ന സ്ത്രീ പറയുന്നത് 2017 മെയ് മുതല്‍ മാതാവ് തനിക്ക് സന്ദേശങ്ങള്‍ നല്കുന്നുണ്ട് എന്നാണ്. വിശുദ്ധരും മാലാഖമാരും തനിക്ക് പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും അവര്‍ പറയുന്നു.

ഈ ദര്‍ശനങ്ങളെയും സന്ദേശങ്ങളെയും വിശ്വസിക്കുന്നവര്‍ പറയുന്നത് മെത്രാന്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുവയക്കുന്നുവെന്നാണ്. അതുകൊണ്ട് അദ്ദേഹം സ്ഥാനം ഒഴിയണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതിന് വേണ്ടി വ്യാപകമായ പ്രചരണങ്ങളും ഒരു വശത്ത് നടക്കുന്നു. മെത്രാനെ സ്ഥലം മാറ്റുന്നതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍പ്രചരണങ്ങളില്‍ ഇതിനകം 1500 പേര്‍ ഒപ്പിട്ടുകഴിഞ്ഞു. 1,200,000 കത്തോലിക്കരാണ് ഫോര്‍ത്ത് വര്‍ത്ത് രൂപതയിലുള്ളത്‌.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.