എയ്‌ൽസ്‌ഫോർഡിൽ ആദ്യബുധനാഴ്ച ശുശ്രൂഷക്ക്  ഇന്ന്   തുടക്കം 

എയ്‌ൽസ്‌ഫോർഡ്: വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്‌ൽസ്‌ഫോർഡ്  മരിയൻ തീർത്ഥാടനത്തിന് ശേഷം കർമ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6  മുതൽ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ൽസ്‌ഫോർഡിലെ സീറോ മലബാർ മിഷൻ നേതൃത്വം നൽകും. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന്  പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ  സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. 

വൈകിട്ട് 4 മണിക്ക് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ സൗഖ്യ ജപമാല ശുശ്രൂഷ ആരംഭിക്കും. വൈകിട്ട്  5 മണിക്ക് സെന്റ് ജോസഫ് ചാപ്പലിൽ വിശുദ്ധകുർബാനയും തുടർന്ന് കർമ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധകുർബാനയുടെ ആശീർവാദത്തോടുകൂടി ശുശ്രൂഷകൾക്ക് സമാപനമാകും. 

എയ്‌ൽസ്‌ഫോർഡിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ  സീറോമലബാർ  മിഷൻ ഈ ശുശ്രൂഷകൾക്ക്  നേതൃത്വം നൽകും. കർമ്മലമാതാവിന്റെ ശക്തമായ സാന്നിധ്യം നിലകൊള്ളുന്ന ഈ ആത്മീയ  സങ്കേതത്തിൽ തുടക്കം കുറിക്കുന്ന ആദ്യബുധനാഴ്ച തിരുക്കർമ്മങ്ങളിലേക്കും ദിവ്യകാരുണ്യ ആരാധനയിലേക്കും എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ  ഫാ. ടോമി എടാട്ട് അറിയിച്ചു. 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.