മരിയഭക്തി അപകടം നിറഞ്ഞതാകരുത്: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍


പരിശുദ്ധ മറിയത്തെ സഭ കണ്ടതുപോലെ നാം കാണണമെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. വാഗ്ദാനപേടകമായ മറിയത്തെ യോഹന്നാന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറെ നാള്‍ അവിടെ ജീവിച്ചിരുന്നു.പിന്നെ ആര്‍ക്കും അറിയാന്‍ പാടില്ല ആ വാഗ്ദാനപേടകം എവിടെയാണെന്ന്.

വിശ്വസിച്ച സഭ പിന്നെ കണ്ടെത്തിയത് മാതാവ്‌സ്വര്‍ഗ്ഗത്തിലാണ് എന്നാണ്. അതായത് സ്വര്‍ഗ്ഗാരോപണം. ഇതൊക്കെ ദൈവികജ്ഞാനത്തിന്റെ അടിയില്‍ കിടക്കുന്ന മുത്തുകളാണ്. അത് ഗ്രഹിച്ചിട്ടുവേണം നാം മാതാവിനെ മനസ്സിലാക്കേണ്ടത്. രക്ഷയ്ക്കുവേണ്ടി ദൈവം ഒരുക്കിയ സ്വര്‍ഗ്ഗത്തിന്റെ മഹാറാണിയാണ് മാതാവ്.

അമ്മ റാണി, ദൈവമാതാവ്, വാഗ്ദാനപേടകം,പരിശുദ്ധ കന്യാമറിയം, പരിശുദ്ധ രാജ്ഞി ഈശോയുടെ അമ്മ.രണ്ടാം ഹവ്വ. ഇങ്ങനെ പലതരം വിശേഷണങ്ങള്‍ മാതാവിന് സഭ നല്കുന്നുണ്ട് ഈ ബഹുമാനം കണ്ടുകൊണ്ടാണ് മാതാവിനോട് നാം പ്രാര്‍ത്ഥിക്കേണ്ടത്. ബഹുമാനിക്കുന്നത്. അങ്ങനെ ആ ബോധ്യത്തിലും സ്‌നേഹത്തിലും നിന്നുകൊണ്ട് നാം പ്രാര്‍ത്ഥിക്കുമ്പോള്‍ പുതിയ ഉടമ്പടിയുടെ മക്കളാകാന്‍ അമ്മ നമ്മെ സഹായിക്കും.

എന്റെ ഒരു സങ്കടം ഇതൊന്നും ആര്‍ക്കും വേണ്ട, ആര്‍ക്കും അറിയുകയും വേണ്ട എന്നതാണ്. ആര്‍ക്കും പുതിയ മനുഷ്യരും ആകണ്ട, പുതിയ രക്ഷ അനുഭവിക്കുകയും വേണ്ട പലരും മറിയത്തോട് പ്രാര്‍ത്ഥിക്കുന്നത് ഉദ്ദിഷ്ടകാര്യസാധ്യത്തിന് വേണ്ടി മാത്രമാണ്. കുറെ അനുഗ്രഹങ്ങള്‍ കിട്ടാന്‍ വേണ്ടി മാത്രമാണ്. ഇത് മാതാവിനെ തരംതാഴ്ത്തുകയാണ് ചെയ്യുന്നത്. മാതാവിനെ സഭ ഒരിക്കലും ഇങ്ങനെ കണ്ടിരുന്നില്ല.

മാതാവിനെ കച്ചവടക്കാരിയായി കാണരുത്. കാരണം മാതാവ് ഒരിക്കലും ദേവിയല്ല. ഐഈഎല്‍റ്റിഎസ് പാസാകാനും ഒഈറ്റി പാസാകാനും മാത്രമായിരിക്കരുത് നാം മാതാവിനോട് പ്രാര്‍ത്ഥിക്കേണ്ടത്. ആര്‍ക്കും മാതാവില്‍ നിന്ന് മാനസാന്തരപ്പെടല്‍ വേണ്ട. വെറും അനുഗ്രഹങ്ങള്‍ മാത്രം മതി. നമ്മുടെ ആത്മീയതയെ വലിച്ചുവലിച്ചുതരം താഴ്ത്തിക്കളയുകയാണ് അതിലൂടെ ചെയ്യുന്നത്. മരിയഭകതി അപകടകരമാകുന്നത് ഉദ്ദിഷ്ടകാര്യസാധ്യത്തിന് വേണ്ടി മാത്രം മാതാവിനോട് പ്രാര്‍ത്ഥിക്കുന്ന്പോഴാണ്

. ഈശോയെ സീരിയസായി എടുക്കാന്‍ ഈ മാതാവ് നിങ്ങളെ സഹായിക്കട്ടെ. വിശുദ്ധ കുര്‍ബാന നല്ലതുപോലെ അര്‍പ്പിക്കാന്‍ നിങ്ങളില്‍ എത്ര പേര്‍ മാതാവിനോട് സഹായം ചോദിച്ചിട്ടുണ്ട്. എന്‍റെ അസൂയ, എന്‍റെ ദേഷ്യം ഇതൊക്കെ തീരാന്‍ വേണ്ടി എത്ര പേര്‍ മാതാവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്? നിങ്ങളില്‍ എത്ര പേര്‍ മാനസാന്തരത്തിന് വേണ്ടി മാതാവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്? അല്ലെങ്കില്‍ നല്ല കുമ്പസാരത്തിന് വേണ്ടി പത്തുനന്മ നിറഞ്ഞ മറിയമേ ചൊല്ലി മാതാവിനോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നുണ്ട്. കൂടുതല്‍ നല്ല മനുഷ്യനാകാന്‍, ആസക്തികള്‍ വിട്ടുപോകാന്‍ ഇതിനൊക്കെ വേണ്ടി എത്ര പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.

എല്ലാവരും പ്രാര്‍ത്ഥിക്കുന്നത് കുറെ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ വേണ്ടി മാത്രമാണ്. മാതാവിനോട് പ്രാര്‍ത്ഥിക്കുന്നത് തെറ്റാണ് എന്നല്ല അതിനര്‍്ഥം. മക്കളുടെ പരീക്ഷയുടെ ജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. വിവാഹം നടക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം. എന്നാല്‍ അതുമാത്രം മതിയോ..അല്ല. എന്നാല്‍ അതിനെല്ലാം അപ്പുറമായിരിക്കണം മാതാവിന് ഹൃദയത്തില്‍ കൊടുക്കേണ്ട സ്ഥാനം.

മാതാവിനെ സ്നേഹിക്കണം, ബഹുമാനിക്കണം. പക്ഷേ മരിയഭക്തിയെ സഭ കണ്ടതുപോലെ നാം കാണണം. രക്ഷയുടെ മാധ്യസ്ഥയായി കാണണം. മാനസാന്തരപ്പെടുവിന്‍ എന്നാണ് മാതാവ് പ്രത്യക്ഷീകരണത്തിലൂടെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പക്ഷേ ആര്‍ക്കും മാനസാന്തരം വേണ്ട.

നമുക്ക് കുറെക്കൂടി നല്ല മനുഷ്യരാകാന്‍ മാതാവിനോട് പ്രാര്‍ത്ഥിക്കാം. നമ്മളിലേക്ക് യേശുക്രിസ്തുവിന്‍റെ രക്ഷയും കരുണയും കടന്നുവരാന്‍ വേണ്ടിയുള്ള മാധ്യസ്ഥയാണ് മാതാവ്. കാര്യസാധ്യത്തിനു വേണ്ടി മാത്രം മാതാവിനെ സമീപിക്കരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.