“മേരിമസ്” – സൂര്യന് മുൻപൊരു പ്രഭാതനക്ഷത്രത്തിന്‍റെ ജനനം


“എന്‍റെചിത്തം എന്‍റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്കാ 1: 47).

അമ്മ കുഞ്ഞിന് ജന്മം നൽകുന്നത് നമുക്ക് പരിചിതമാണ്. എന്നാൽ പരി. മറിയത്തിന്റെ കാര്യത്തിൽ മറ്റൊന്നുകൂടി സംഭവിച്ചു: വർഷങ്ങൾക്കു ശേഷം താൻ ആരിൽ നിന്ന് ജന്മമെടുക്കണമോ, ആ സ്ത്രീയെ, എല്ലാം സൃഷ്‌ടിച്ച വചനമായ പുത്രൻ തന്നെ ഈ ലോകത്തിലേക്കു ജനിപ്പിച്ചു. അത്യത്ഭുതകരമായ ഒരു ദൈവപദ്ധതിയിൽ മറിയം ഉത്ഭവപാപം ഇല്ലാത്തവളായി ജനിച്ചു. അതെ, ‘അമ്മ പുത്രനു ജന്മം നൽകുന്നതിന് മുൻപ്, പുത്രൻ അമ്മയ്ക്ക് ജന്മമേകുന്നു. നീതിസൂര്യനായ ക്രിസ്തുവിൻ്റെ ജനനം ‘ക്രിസ്തുമസ്’ ആണെങ്കിൽ, പ്രഭാതനക്ഷത്രമായ മറിയത്തിന്റെ പിറവി ‘മേരിമസ്’ ആണ്. 

പരി. അമ്മയെയും തൻ്റെ വളർത്തുപിതാവായ മാർ യൗസേപ്പിനെയും ഏറ്റവും ആദരിച്ചിരുന്ന മകനായിരുന്നു ഈശോ. താൻ ദൈവമായിരുന്നിട്ടും മനുഷ്യരായ തൻ്റെ മാതാപിതാക്കൾക്ക് ‘അവൻ വിധേയനായി ജീവിച്ചു’ (ലൂക്കാ 2; 51) എന്ന് സുവിശേഷം സാക്ഷിക്കുന്നു. കാനായിൽ മറിയത്തെ സ്ത്രീയെ എന്ന് വിളിച്ചതും ആരാണ് എന്റെ ‘അമ്മ എന്ന് ചോദിച്ചതും മറിയത്തെ ഈശോ ബഹുമാനിച്ചിരുന്നില്ല എന്നതിൻറെ തെളിവുകളാണെന്നു പറയുന്നവർ, ബൈബിൾ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാത്തവരും പഴയനിയമത്തിന്റെ പശ്ചാത്തലം അറിയാത്തവരുമാണ്. മരണം ഈ ലോകത്തിലേക്ക് കടക്കാൻ കാരണമായ പഴയ നിയമത്തിലെ ആദി’സ്ത്രീ’യായ ഹവ്വയ്ക്ക് പകരം, ജീവൻ സമൃദ്ധമായി നൽകാൻ വന്ന ഈശോയെ ഈ ലോകത്തിലേക്ക് കൊണ്ടുവന്ന പുതിയനിയമ ‘സ്ത്രീ’യായി ദൈവം മറിയത്തെ ബഹുമാനിക്കുന്നു. ‘ആരാണ് എന്‍റെ അമ്മ എന്ന് നിങ്ങൾക്ക് മനസ്സിലായോ എന്ന് ചോദിച്ച്, ദൈവവചനം ശ്രവിച്ചു അത് ജീവിതത്തിൽ പ്രവർത്തികമാക്കിയവളാണ് തൻ്റെ ‘അമ്മ എന് പറഞ്ഞു മറിയത്തെ മറ്റുള്ളവരുടെ മുൻപിൽ, ദൈവാനുസരണത്തിന്റെ ഏറ്റവും നല്ല മാതൃകയായി അവതരിപ്പിക്കുന്നു!

നന്മരണം വഴി വിശുദ്ധർ സ്വർഗ്ഗത്തിലേക്ക് ജനിക്കുന്നു എന്ന വിശ്വാസത്തിൽ, തിരുസഭയിൽ വിശുദ്ധരുടെയെല്ലാം തിരുനാളുകൾ അവരുടെ ഈ ഭൂമിയിലെ മരണദിവസം അനുസ്‌മരിക്കുമ്പോൾ, സവിശേഷമായ പ്രാധാന്യം മൂലം മൂന്നു വ്യക്തികളുടെ ജനനങ്ങളും തിരുനാളുകളായി സഭയിൽ ഓർക്കുന്നു: ലോകരക്ഷകനും ദൈവപുത്രനായ ഈശോയുടെ ജനനം (ഡിസംബർ 25), ഈശോയുടെ അമ്മയായ, ജന്മപാപമില്ലാതെ ജനിച്ച പരി. മറിയത്തിൻറെ ജനനം (സെപ്റ്റംബർ 8), ഈശോയ്ക്ക് വഴി ഒരുക്കാനായി ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തു നിയോഗിച്ച വി. സ്നാപകയോഹന്നാന്റെ ജനനം (ജൂൺ 24). 

ദൈവം ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി തിരഞ്ഞെടുക്കുന്ന ഒരാളുടെ ജീവിതം ദൈവം എങ്ങനെ ക്രമീകരിക്കുന്നു എന്നതിന്റെ സവിശേഷ ഉദാഹരണമാണ്അമലോത്ഭവത്തിൽ തുടങ്ങി, സ്വർഗ്ഗത്തിലെ കിരീടധാരണത്തിൽ എത്തിനിൽക്കുന്ന  പരി. മറിയത്തിൻറെ ജീവിതം. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, തൻ്റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു”. ദൈവപദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടതുകൊണ്ടുമാത്രം ജീവിതത്തിൽ എല്ലാം എപ്പോഴും നല്ലതാകണമെന്നില്ല. വിളിയെ സംശയിക്കാവുന്ന, വിളിച്ച ദൈവത്തോട് മറുതലിക്കാവുന്ന നിരവധി അവസരങ്ങൾ വരാം. എന്നാൽ, ദൈവത്തിൽ ആശ്രയിച്ചു ഉറച്ചു നിൽക്കുകയാണ് പ്രധാനം. പരി. മറിയം ജീവിതം കൊണ്ട് കാണിച്ചു തരുന്ന ഏറ്റവും വലിയ മാതൃകയും ഇത് തന്നെ.  ഒരു മനുഷ്യജീവിതത്തിന്റെ ഏതു വിഷമത്തിലൂടെയാണ് മറിയം കടന്നു പോകാതിരുന്നത്? വിശുദ്ധിയിൽ ജനിച്ച്, വിശുദ്ധയിൽ ജീവിച്ച്, വിശുദ്ധയിൽ മരിച്ചു എന്നതാണ് മറിയത്തിന്റെ ജീവിതത്തിന്റെ ആകെത്തുക. ഉത്ഭവപാപത്തിന്റെ കറ ഇല്ലാതെ നമുക്കാർക്കും ജനിക്കാൻ സാധിച്ചില്ലെങ്കിലും വിശുദ്ധിയിൽ ജീവിക്കാനും വിശുദ്ധിയിൽ വളരാനും നമുക്കും സാധിക്കുമെന്ന് നമ്മുടെ ഈ സ്വർഗ്ഗീയ അമ്മ ഓർമ്മിപ്പിക്കുന്നു. 

കേരളീയരെ സംബന്ധിച്ച് തിരുവോണത്തിന്റെ സന്തോഷവും നിറയുന്ന ആഴ്ചയാണിത്. ജനനപശ്ചാത്തലം കൊണ്ട് ഒരു അസുരനെങ്കിലും ജീവിതവും പ്രവൃത്തികളും കൊണ്ട് നന്മ നിറഞ്ഞവനായ മഹാബലിയെന്ന ഒരു രാജാവിനെയും, പിറവിയിൽ ദേവാംശം ഉണ്ടങ്കിലും കർമ്മത്തിൽ ആസുരഭാവം കാണിച്ച വാമനനെയും ഈ ഓണനാളിൽ ജനങ്ങൾ ഓർക്കുന്നു. ഒരാൾ തൻ്റെ ജനനത്തിന്റെ മഹിമകൊണ്ട് എന്നതിനേക്കാൾ, അയാളുടെ പ്രവൃത്തിയുടെയും ജീവിതത്തിന്റെയും നന്മകൊണ്ടാണ് മറ്റുള്ളവരാൽ ഓർമ്മിക്കപ്പെടുന്നത് എന്ന് ഈ രണ്ടു ജീവിതങ്ങൾ പഠിപ്പിക്കുന്നു. പലതരം വേർതിരിവുകൾ അതിർത്തിയിടുന്ന നമ്മുടെ സാമൂഹിക ജീവിതത്തിന്, എല്ലാ മനുഷ്യരും ഒരേ ദൈവത്തിൻ്റെ സൃഷ്ടികളാണെന്ന സമഭാവനയുടെയും സാഹോദര്യത്തിന്‍റെയും ഓർമ്മ ഉണർത്തുന്ന ഓണം ഈ ലോകസമൂഹത്തിന് നൽകുന്ന സന്ദേശം ചെറുതല്ല. ഏവർക്കും തിരുവോണത്തിൻ്റെ ആശംസകൾ!

പരി. മാമ്മോദീസായിലൂടെ ഉത്ഭവപാപത്തിന്‍റെ കറ കഴുകിക്കളഞ്ഞു പരി. മറിയത്തിന്റെ വിശുദ്ധിയിലേക്കുയർത്തപ്പെടുന്ന നമ്മൾക്ക് സുകൃതസമ്പന്നമായ ജീവിതത്തിലൂടെയും വിശുദ്ധമായ മരണത്തിലൂടെയും പരി. മറിയത്തെപ്പോലെ ദൈവത്തെ മഹത്വപ്പെടുത്താനാകട്ടെ.

ഏവർക്കും പരി. അമ്മയുടെ ജനനത്തിരുനാളിന്റെ മംഗളങ്ങളും തിരുവോണത്തിന്‍റെ സന്തോഷവും സ്നേഹപൂർവ്വം ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.