പാദ്രെ പിയോയുടെ തിരുനാള്‍ ദിനത്തില്‍ പാദ്രെ പിയോ താമസിച്ചതിന്‍റെ സമീപമുറിയില്‍ നിന്ന് എഴുതുന്നത്…

പാദ്രേപിയോ എന്ന ജനപ്രിയനും, ലോകപ്രശസ്തനുമായ ഈ വിശുദ്ധനെക്കുറിച്ച്‌ ഞാനീ കുറിപ്പ്‌ തയ്യാറാക്കുന്നത്‌ അദ്ദേഹത്തിന്റെ ജീവിതത്താൽ ലോകം അറിഞ്ഞ സാൻ ജൊവാന്നി റൊത്തോന്തോയിലെ കപ്പൂച്ചിൻ ആശ്രമത്തിലിരുന്നാണ്‌. അദ്ദേഹം ജീവിച്ച അതേ ആശ്രമത്തിലെ മുറിയുടെ അടുത്തുള്ള മറ്റൊരു മുറിയിൽ താമസിക്കുകയും, അദ്ദേഹം സഞ്ചരിച്ച ഇടനാഴികളിലൂടെ നടക്കുകയും, അദ്ദേഹം ബലിയർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ദൈവാലയത്തിൽ ബലിയർപ്പിക്കുകയും, കുമ്പസാരിപ്പിക്കുകയുമൊക്കെ ചെയ്ത്‌ ആത്മീയമായ കൃപകൾ സായത്തമാക്കികൂടിയാണ്‌ ഞാനിപ്പോൾ കഴിയുന്നത്‌ എന്നത്‌ എന്റെ സന്തോഷം വർദ്ധിപ്പിക്കുന്നു. 

സെപ്റ്റംപർ 23നാണ്‌ പാദ്രേപിയോയുടെ തിരുനാൾ അതിനാൽ ധാരാളം ആത്മീയ തീർത്ഥാടകർ ഈ ദിവസങ്ങളിൽ വന്നുചേരുന്നത്‌ കാണുന്നത്‌ ഒരു നല്ല അനുഭവം കൂടിയാണ്‌. ചിലർ തനിച്ച്‌ വരുന്നു, ചിലർ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം വരുന്നു, മറ്റു ചിലർ ഇടവക കൂട്ടായ്മയോടൊപ്പം വരുന്നു അതുപോലെ ചില രൂപതകൾ അവരുടെ ഇടയന്മാരോടൊപ്പം വരുന്നു.

ഒരു പ്രാവശ്യം ഇറ്റലിയിലെ ഒരു രൂപതയിൽ നിന്നും അവരുടെ മെത്രാനും നൂറ്‌ വൈദീകരും അയ്യായിരം വിശ്വാസികളും വന്നത്‌ ഒരു ഉദാഹരണം മാത്രം. അങ്ങനെ ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള പല ഭാഷക്കാരായ തീർത്ഥാടകരാൽ സമ്പന്നമാണീ ഇടം.പാദ്രേപിയോ വളരെ തീക്ഷ്ണതയേറിയ ഒരു സന്യാസിയായിരുന്നു എന്നാണ്‌ കൂടെ ജീവിച്ചിട്ടുള്ളതും ഇവിടെവച്ച്‌ ഞാൻ കണ്ടുമുട്ടിയിട്ടുള്ളതുമായ മുതിർന്ന കപ്പൂച്ചിൻ സഹോദരന്മാർ പറഞ്ഞുതന്നിരിക്കുന്നത്‌.

1903ൽ തന്റെ പതിനാറാമത്തെ വയസിൽ കപ്പൂച്ചിൻ സഭയിൽ ചേർന്ന്‌ സന്യാസ പരിശീലനം തുടങ്ങുകയും ഇതിലൂടെയാണ്‌ താൻ ദൈവത്തിലേക്ക്‌ എത്തിച്ചേരേണ്ടതെന്ന്‌ കൃത്യമായും തിരിച്ചറിയുകയും ചെയ്തവനാണ്‌ ഈ വിശുദ്ധൻ. തനിക്ക്‌ ലഭിച്ച പഞ്ചക്ഷതങ്ങളെക്കുറിച്ചും, തന്നിലുടെ ദൈവം വിശ്വാസികളിലേക്ക്‌ അനവധിയായ അത്ഭുതങ്ങൾ ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ സംശയങ്ങൾ ഉയരുകയും പരസ്യമായ എല്ലാ ശുശ്രൂഷകളും സഭ വിലക്കുകയും ചെയ്ത കാലത്തും, താൻ ജീവിതംകൊണ്ട്‌ ഏറ്റു പറഞ്ഞ്‌ സ്വന്തമാക്കിയ അനുസരണ വ്രതത്തിന്റെ ആന്തരീകാർത്ഥം മനസിലാക്കി, പരാതികളില്ലാതെ ജീവിച്ചവനാണ്‌ വി. പാദ്രേ പിയോ.

തന്റെ ജീവനും ജീവിതവും ഈ സന്യാസത്തിലാണെന്നും, സംഭവിക്കുന്ന എല്ലാക്കാര്യങ്ങളും തന്റെ സന്യാസത്തേയും ആത്മീയതയേയും  ബലപ്പെടുത്തുന്നതിനാണെന്നും ആശങ്കയ്ക്കിടമില്ലാത്തവിധം കണ്ടെത്തിയവനുമാണ്‌ ഈ വിശുദ്ധൻ.ആധുനിക കാലഘട്ടത്തിലെ അത്ഭുതപ്രവർത്തകനായ വിശുദ്ധൻ എന്ന പേരിലാണ്‌ പാദ്രേപിയോയെ അനേകർ  മനസിലാക്കിയിരിക്കുന്നത്‌.

ജീവിച്ചിരുന്ന കാലത്തും ഇപ്പോഴും ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിശുദ്ധനാണ്‌ പാദ്രേപിയോ. വിശുദ്ധ പാദ്രേപിയോയെ ആധുനിക കാലഘട്ടത്തിലെ വിശുദ്ധൻ എന്ന്‌  അഭിസംബോധന ചെയ്യുന്നതിനു കാരണം, ഈ കാലഘട്ടത്തിൽ പാദ്രേപിയോയോളം വിശ്വാസികളെ ഇത്രമാത്രം ആകർഷിച്ച മറ്റൊരു വിശുദ്ധനെക്കുറിച്ച്‌ എനിക്കറിയില്ല. ഞാനിപ്രകാരം പറയാൻ കാരണം ഇവിടെ വന്നുചേരുന്ന ആത്മീയതീർത്ഥാടകരെ ഒരൽപമെങ്കിലും മനസിലാക്കുന്നതിനാലാണ്‌. ചെറുതും വലുതുമായ അത്ഭുതങ്ങളെക്കുറിച്ചുള്ള  ധാരാളം സാക്ഷ്യങ്ങൾ അനുദിനം ഇവിടെനിന്നും കേൾക്കാറുണ്ട്‌.

.ഈശോ തന്റെ ശരീരത്തിൽ പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയത്‌ മാനവരക്ഷ സാധ്യമാക്കുന്നതിനായിരുന്നു എന്ന്‌ നമുക്കറിയാം. രണ്ടാം ക്രിസ്തുവെന്ന്‌ സഭ വിശേഷിപ്പിച്ച അസ്സീസിയിലെ ഫ്രാൻസീസ്‌ കർത്താവിനോടുള്ള ആഴമേറിയ സ്നേഹത്തിലാണ്‌ പഞ്ചക്ഷതങ്ങൾ സ്വന്തമാക്കിയത്‌. അതേ ഫ്രാൻസീസിന്റെ പാതയിലൂടെ, ഫ്രാൻസീസ്കൻ സന്യാസവഴിയിലൂടെ ക്രിസ്തുവിനെ അനുധാവനം ചെയ്താണ്‌ വി.പാദ്രേപിയോയും തന്റെ ശരീരത്തിൽ പഞ്ചക്ഷതങ്ങൾ സംവഹിച്ചത്‌. അദ്ദേഹത്തിന്‌ ലഭ്യമായ പഞ്ചക്ഷതം ഈശോയോട്‌ കുറേക്കൂടി ഒപ്പമാകാൻ കഴിഞ്ഞു എന്നതിന്റെ തെളിവുകൂടിയാണ്‌.

സെപ്റ്റംബർ മാസം 17നാണ്‌ അസ്സീസിയിലെ വി.ഫ്രാൻസീസിന്‌ പഞ്ചക്ഷതങ്ങൾ ലഭിച്ചത്‌, അതായത്‌ വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ്‌ മൂന്നാം ദിവസം. പാദ്രേ പിയോയ്ക്ക്‌ പഞ്ചക്ഷതം ലഭിച്ചത്‌ ഫ്രാൻസീസിന്‌ പഞ്ചക്ഷതം ലഭിച്ച തിയതിയുടെ മൂന്നാം ദിവസം. അൻപത്‌ വർഷങ്ങൾ അദ്ദേഹം ഈ പഞ്ചക്ഷതങ്ങളോടുകൂടിയായിരുന്നു ജീവിച്ചിരുന്നത്‌. മരിച്ചപ്പോൾ ക്രിസ്തുവിൽനിന്നും കിട്ടിയ ഈ അടയാളങ്ങൾ എല്ലാം അപ്രക്ത്യക്ഷമാവുകയും ചെയ്തു.

അതുപോലെ പാദ്രേപിയോ പഞ്ചക്ഷതധാരിയായ ഒരു വിശുദ്ധനാണെന്നത്‌ അദ്ദേഹം കടന്നുപോയ സഹനങ്ങളേയും വേദനകളേയുംകൂടി ഓർമ്മിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്‌. സഹനങ്ങൾക്കും വേദനകൾക്കും ജീവിതംകൊണ്ട്‌ എപ്രകാരം പ്രതികരിക്കാം എന്നതിന്റെ നല്ല മാതൃകകൂടിയാണീ  വിശുദ്ധൻ.

എല്ലാവർഷവും സെപ്റ്റംബർ 20ന്‌ പാദ്രേപിയോയുടെ പഞ്ചക്ഷത തിരുനാൾ പ്രാർത്ഥനാപൂർവ്വം ഇവിടെ ആഘോഷിക്കാറുണ്ട്‌. ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന ഒരു കുമ്പസാരക്കാരനായിരുന്നു പാദ്രേപിയോ. അദ്ദേഹത്തിന്റെ പക്കൽ കുമ്പസാരിക്കാനായി മാത്രം ദൂരങ്ങൾ താണ്ടി അനേകർ വന്നിട്ടുമുണ്ട്‌, ഇന്നും വന്നുകൊണ്ടുമിരിക്കുന്നു. വിശുദ്ധ പാദ്രേപിയോയുടെ നാമത്തിലുള്ള ഈ തീർത്ഥാടനകേന്ദ്രത്തിൽ വന്നുചേരുന്നവരിൽ ഭുരിപക്ഷവും ഇപ്പോഴും വിശുദ്ധ കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്നത്‌ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്‌. കുമ്പസാരിക്കാൻ വേണ്ടിവന്നതല്ല, വെറുതെ ഒന്ന്‌ കണ്ട്പോകാൻ മാത്രമായിരുന്നു ആഗ്രഹിച്ചത്‌, എന്നാൽ ഇവിടെ വന്നുകഴിഞ്ഞപ്പോൾ കുമ്പസാരിക്കണമെന്ന വലിയ ഒരു പ്രചോദനമുണ്ടായി എന്നുപറയുന്നവർ അനേകരാണ്‌.

പാദ്രേ പിയോയുടെ കബറിടം സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും, കൂദാശകൾ സ്വീകരിക്കുകയും ചെയ്യുന്നതിനായി എത്തുന്നവർ അദ്ദേഹം സ്ഥാപിച്ച എല്ലാ സൗകര്യങ്ങളുമുള്ള ഒരു വലിയ ആശുപത്രിയും ഇവിടെ കാണാറുണ‍്ട് (ഇപ്പോൾ വത്തിക്കാന്റെ കീഴിലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌). 1925ൽ ഒരു ചെറിയ ആശുപത്രിയായി ആരംഭിച്ചു, പിന്നീട്‌ വർഷങ്ങൾക്ക്‌ ശേഷം ആവശ്യങ്ങൾ കൂടിവന്നപ്പോൾ 1947ൽ അവിടെ ഒരു വലിയ ആശുപത്രി പണിയാൻ തുടങ്ങുകയും 1956ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഈ ആശുപത്രി പാദ്രേ പിയോ സ്ഥാപിച്ചതാണ്‌ എന്നറിയുമ്പോൾ ചിലരൊക്കെ നെറ്റി ചുളിക്കാറുണ്ട്‌. കാരണം അതുപോലെ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുള്ള, അതിലൂടെ അനവധിയായ രോഗികളെ സുഖപ്പെടുത്തിയിട്ടുള്ള ഈ വിശുദ്ധൻ എന്തിനാണ്‌ ഈ ആശുപത്രി സ്ഥാപിച്ചത്‌?

വളരെ ലളിതമായ ഉത്തരമാണ്‌ പാദ്രേ പിയോയ്ക്കുള്ളത്‌: ഇന്ന്‌ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്‌ തന്നിലൂടെ മാത്രമല്ല ഡോക്ടർമാരിലുടേയുമാണ്‌. അതിനാണ്‌ ഈ ആശുപത്രി. രോഗാവസ്ഥയിൽ ആരും ആശുപത്രിയിൽ പോകരുതെന്നോ, ഡോക്ടർമാരെ കാണരുതെന്നോ അല്ല അദ്ദേഹം പഠിപ്പിച്ചത്‌. അതായത്‌ അന്ധവിശ്വാസത്തെയല്ല ആഴമാർന്ന ദൈവവിശ്വാസമാണ്‌ പാദ്രേ പിയോ വളർത്താൻ ഇഷ്ടപ്പെട്ടത്‌.അത്ഭുതങ്ങളുടേയും അടയാളങ്ങളുടേയും പിന്നാലെ മാത്രം പോകുമ്പോൾ, അല്ലെങ്കിൽ അത്തരം കാര്യങ്ങൾ സംഭവിക്കുന്ന വേളകളിലും ഇടങ്ങളിലും മാത്രം ദൈവസാന്നിധ്യം കണ്ടെത്താൻ പരിശ്രമിക്കുമ്പോൾ ഞാൻ ഒരു പരാജയമാണ്‌ എന്ന് സമ്മതിച്ചേ തീരൂ. എല്ലായിടത്തുമുള്ള, എല്ലാവരിലുമുള്ള ദൈവസാന്നിധ്യം തിരിച്ചറിയാനും, ആദരിക്കാനും ബഹുമാനിക്കാനുമൊക്കെ കഴിയുന്ന ഒരു തലത്തിലേക്ക് നമ്മുടെ ആത്മീയത ഉയരുന്നതിനായി ഈ വിശുദ്ധന്റെ മാധ്യസ്ഥം നമുക്കപേക്ഷിക്കാം.

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.