പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമാകുന്നു: ആര്‍ച്ച് ബിഷപ് സെബാസ്റ്റ്യന്‍

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ് സെബാസ്റ്റ്യന്‍ ഷാ.

വിവിധതരത്തിലുള്ള അക്രമങ്ങള്‍ക്കാണ് ക്രൈസ്തവര്‍ വിധേയരാകുന്നതെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനിലെ ദൈവനിന്ദാക്കുറ്റത്തിന്റെ മറവിലാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നടക്കുന്നത്.

ഇതിന് പുറമെ പെണ്‍കുട്ടികളെതട്ടിക്കൊണ്ടുപോയി മതം മാറ്റുക,പാഠ്യപദ്ധതിയില്‍ ഇസ്ലാം മതമൗലികവാദത്തിന് അനുകൂലമായ വിധത്തില്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയും നേരിടുന്നുണ്ട്.

എന്നാല്‍ ഇതില്‍ വച്ചേറ്റവും വലിയ വെല്ലുവിളി ദൈവനിന്ദാക്കുറ്റമാണെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. സെക്ഷന്‍ 295-ബി, 295-സി എന്നിവപ്രകാരം ജീവപര്യന്തമോ വധശിക്ഷയോ ആണ് വിധിക്കുന്നത്. നിരവധി ക്രൈസ്തവര്‍ അകാരണമായി ഇതിന്റെ ഇരകളാകുന്നു. വ്യക്തിവിദ്വേഷം തീര്‍ക്കുന്നതിന് പോലും ഈ നിയമം ഉപാധിയാക്കുന്നു. ന്യൂയോര്‍ക്കിലേക്കുളള യാത്രയ്ക്കിടയില്‍ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ്ിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പാക്കിസ്ഥാനിലെ ജനസംഖ്യയില്‍ 96.5 ശതമാനവും മുസ്ലീമുകളാണ്. പാക്കിസ്ഥാനില്‍ നേരിടുന്ന ഇത്തരം വിഷയങ്ങളില്‍ ഡിബേറ്റല്ല ഡയലോഗാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിബേറ്റില്‍ ഒരാള്‍ പരാജയപ്പെടുകയും മറ്റെയാള്‍വിജയിക്കുകയും ചെയ്യുന്നു. എന്നാല്‍ സംവാദത്തില്‍ രണ്ടാളും വിജയിക്കുന്നു. രണ്ടുപേരും രണ്ടുപേരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നു. ഇവിടെ പരസ്പരാദരവുണ്ട്. മനുഷ്യത്വമാണ് ഏറ്റവും വലിയ മതം. നാം അതിനെയാണ് പിന്തുടരേണ്ടത്. അദ്ദേഹം വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.