പെരിങ്ങഴ തീർത്ഥാടന പള്ളിയിൽ ഇടവക തിരുനാൾ: ജനുവരി 31ന് കൊടിയേറും

പെരിങ്ങഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രമായ കോതമംഗലം രൂപതയിലെ പെരിങ്ങഴ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ ജനുവരി 31, ഫെബ്രുവരി 01, 02 തീയതികളിൽ സംയുക്തമായി ആഘോഷിക്കും. ജനുവരി 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പൊതുവണക്കത്തിനായി ദേവാലയാങ്കണത്തിലേക്ക് ഇറക്കിവയ്ക്കും. 
തിരുനാൾ ദിവസങ്ങളിൽ ദേവാലയത്തിലേക്കെത്തുന്ന വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 03ന് രാവിലെ ഇടവകയിൽ നിന്നും മരണമടഞ്ഞവരെ അനുസ്മരിച്ചുകൊണ്ടുള്ള വി. കുർബാനയ്ക്ക് ശേഷമുള്ള സിമിത്തേരി സന്ദർശനത്തോടെ തിരുനാൾ ചടങ്ങുകൾ പൂർത്തിയാകും.. തിരുനാളിന് ഒരുക്കമായുള്ള നൊവേന ജനുവരി 23(തിങ്കളാഴ്ച്ച) മുതൽ ആരംഭിച്ചു.
പെരിങ്ങഴ പള്ളിയിലെ ഇടവക തിരുനാൾ സാധാരണ നിലയിൽ ഫെബ്രുവരി 1, 2 തീയതികളിൽ നിന്നും മാറ്റാറില്ല. കോവിഡിന്റെ പാരമ്യത്തിൽ പോലും തിരുനാൾ ചടങ്ങുകൾ മാറ്റം വരുത്താതെ ലളിതമായി നടത്തിയിരുന്നു.

AD 1864ലാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത്. വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയാണ് പെരിങ്ങഴ. 2020ൽ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷമായി ആചരിച്ചതിനോടനുബന്ധിച്ച് രൂപതയുടെ തീർത്ഥടനകേന്ദ്രമായി പെരിങ്ങഴ ഉയർത്തപ്പെട്ടു. പെരിങ്ങഴയിലെ ഈ തീര്‍ത്ഥാടന ദേവാലയത്തോട് ചേര്‍ന്നാണ് യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത്.മുവാറ്റുപുഴയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പെരിങ്ങഴ പള്ളി സ്ഥിതി ചെയ്യുന്നത്.

ഫെബ്രുവരി 01, 02 തിയതികളിൽ തിരുനാളിന്റെ പ്രധാന തിരുക്കർമ്മങ്ങൾ കോതമംഗലം രൂപതയുടെ ഔദ്യോഗിക മീഡിയ വിഭാഗമായ കാർലോ ടിവിയിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.