ബെനഡിക്ട് പാപ്പ ഇനി സ്വര്‍ഗ്ഗത്തില്‍

വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗത്തില്‍ നമുക്കൊരു വിശുദ്ധന്‍കൂടി ഉണ്ടായിരിക്കുന്നു. പോപ്പ് എമിരത്തൂസ് ബെനഡിക്്ട് പതിനാറാമന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നു. ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസംവത്തിക്കാന്‍ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പാപ്പയ്ക്കുവേണ്ടിയുള്ള പ്രത്യേകപ്രാര്‍ത്ഥനകളും തയ്യാറാക്കിയിരുന്നു. ഇതുകൂടാതെ ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചരയ്ക്ക് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ പോപ്പ് എമിരത്തൂസ് ബെനഡിക്ടിന് വേണ്ടി പ്രത്യേക ദിവ്യബലിയും അര്‍പ്പിച്ചിരുന്നു.

1927 ഏപ്രില്‍ 16 ന്ജര്‍മ്മനിയിലെ ബവേറിയായിലായിരുന്നു ജനിച്ചത്. ജോസഫ് അലോഷ്യസ് റാറ്റ്‌സിംങര്‍ എന്നായിരുന്നു പേര്. പോലീസ് ഓഫീസറായിരുന്ന ജോസഫ് റാറ്റ്‌സിംങര്‍സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തേതും ഇളയതുമായ കുട്ടിയായിരുന്നു. സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിംങര്‍ വൈദികനായി. സഹോദരി മരിയ അവിവാഹിതയായിരുന്നു.

1945 ലാണ് ജോസഫ് റാറ്റ്‌സിംങര്‍ സെമിനാരിയില്‍ ചേര്‍ന്നത്. അഞ്ചാം വയസില്‍ മനസ്സില്‍ മൊട്ടിട്ട ആഗ്രഹത്തിന്റെ ആദ്യപടിയായിരുന്നു അത്. കര്‍ദിനാള്‍ മൈക്കല്‍ വോണിനെ ബൊക്കെ നല്കി സ്വീകരിച്ചപ്പോഴായിരുന്നു ആദ്യമായി ജോസഫിന്റെ മനസ്സിലേക്ക് വൈദികനാകണമെന്ന ആഗ്രഹം കടന്നുവന്നത്. അതിന്റെ സാക്ഷാത്ക്കാരമാണ് 1951 ജൂണ്‍ 29 ന് സംഭവിച്ചത്. 1977 ല്‍ മെത്രാനും അതേവര്‍ഷംതന്നെ കര്‍ദിനാളുമായി ഉയര്‍ത്തപ്പെട്ടു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദിവംഗതനായപ്പോള്‍ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത് റാറ്റ് സിംങറായിരുന്നു. 265 ാമത്തെ മാര്‍പാപ്പയായിട്ടായിരുന്നു ആ തിരഞ്ഞെടുപ്പ്. അന്ന് അദ്ദേഹത്തിന് 78 വയസായിരുന്നു. ക്ലെമന്റ് മാര്‍പാപ്പയ്ക്ക് ശേഷം മാര്‍പാപ്പയായിതിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ബെനഡിക്ട്. ബെനഡിക്ട് പതിനഞ്ചാമനോടുംനര്‍സിയായിലെ ബെനഡിക്ടിനോടുമുള്ള ആദരസൂചകമായിട്ടാണ്അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥമുള്ള ബെനഡിക്ട് എന്ന പേര് കര്‍ദിനാള്‍ റാറ്റ്‌സിംങര്‍ സ്വീകരിച്ചത്. പ്രക്ഷുബ്ധമായ യുദ്ധസമയങ്ങളില്‍ സഭയെ നയിച്ച സമാധാനത്തിന്റെ ധീരപ്രവാചകനായിരുന്നു ബെനഡിക്ട് പതിനഞ്ചാമന്‍. അതിന്റെ തുടര്‍ച്ച ബെനഡിക്ട് പതിനാറാമന്റെ പേപ്പസിയിലും നമുക്ക് കാണാന്‍ കഴിയും,

2005 ഏപ്രില്‍ 19 ന് മാര്‍പാപ്പപദവിയിലെത്തിയ. 2013 ഫെബ്രുവരി 28 ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ സ്ഥാനം രാജിവച്ചു. ആധുനികകാലത്തെ ആദ്യസംഭവമായിരുന്നു ഇത്. ഇതിന് മുമ്പ് 1415 ല്‍ ഗ്രിഗറി പന്ത്രണ്ടാമനായിരുന്നു രാജിവച്ച ആദ്യ മാര്‍പാപ്പ.

മാറ്റര് എക്ലേസിയായില്‍വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു പോപ്പ് എമിരത്തൂസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.