സഭയുടെ ഐക്യം ആഭ്യന്തരസംഘര്‍ഷങ്ങളെക്കാള്‍ ശക്തം : പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍

വത്തിക്കാന്‍ സിറ്റി: ആഭ്യന്തര സംഘര്‍ഷങ്ങളെയും വെല്ലുവിളികളെയും കാള്‍ ശക്തമാണ് സഭയുടെ ഐക്യമെന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍. ഇറ്റാലിയന്‍ മാഗസിനായ corriere della sera യ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സഭയുടെ ഐക്യം അപകടത്തിലാക്കുന്ന നിരവധി സാഹചര്യങ്ങള്‍ നൂറ്റാണ്ടുകളായി നിലവിലുണ്ട്്. യുദ്ധങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, നിരീശ്വരവാദത്തിന്റെ ഭീഷണികള്‍. ഇങ്ങനെയൊക്കെയാണെങ്കിലും സഭയിലെ ഐക്യം സ്ഥിരതയോടെ നിലനില്ക്കും. സഭയുടെ ഐക്യം അത് നേരിടുന്ന മറ്റെല്ലാ പ്രശ്‌നങ്ങളെയും കാള്‍ ശക്തമാണ്.

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനില്‍ വച്ചായിരുന്നു അഭിമുഖം. നേരിട്ടുള്ള ഏതാനും ചോദ്യങ്ങള്‍ മാത്രമാണ് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2013 ഫെബ്രുവരിയിലാണ് ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് ബെനഡിക്ട് പതിനാറാമന്‍ രാജിപ്രഖ്യാപനം നടത്തിയത്. അറുനൂറ് വര്‍ഷത്തെ കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു ഒരു മാര്‍പാപ്പയുടെ രാജി. പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന് സ്‌ട്രോക്ക് ഉണ്ടായെന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ അടുത്തയിടെ പ്രസിദ്ധീകരിച്ചിരുന്നു.

ജൂണ്‍ 29 ബെനഡിക്ട് പതിനാറാമന്‍ വൈദികനായതിന്റെ അറുപത്തിയെട്ടാം വാര്‍ഷികം ആഘോഷിക്കുന്ന സുദിനം കൂടിയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.