ഹൃദയം കൊണ്ട് അപേക്ഷിച്ച്, പാദങ്ങളില്‍ ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ… ലോകം അമ്പരന്നുപോയ നിമിഷങ്ങള്‍


വത്തിക്കാന്‍ സിറ്റി: എന്റെ ഹൃദയത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്,സമാധാനത്തില്‍ ജീവിക്കുക. സൗത്ത് സുഡാന്‍ പ്രസിഡന്റ് സാല്‍വ ഖീറിന്റെയും വിമത നേതാവ് റെയ്ക് മാച്ചാറിന്റെയും ഷൂവില്‍ വീണു കിടന്ന് ചുംബിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ അത് പറഞ്ഞപ്പോള്‍ നേതാക്കന്മാരോ അതിന് സാക്ഷ്യം വഹിച്ചവരോ മാത്രമല്ല ആ ദൃശ്യം കണ്ട ലോകം മുഴുവന്‍ അമ്പരന്നുനില്ക്കുകയായിരുന്നു.

ഓര്‍മ്മിക്കുക, യുദ്ധങ്ങള്‍ എല്ലായ്‌പ്പോഴും നാശനഷ്ടം മാത്രമാണ് വരുത്തുന്നത്. മാര്‍പാപ്പ ഇരുനേതാക്കന്മാരോടുമായി പറഞ്ഞു. ഇന്നലെ വത്തിക്കാനില്‍ വച്ചാണ് അപ്രതീക്ഷിതവും നാടകീയവുമായ ഈ രംഗങ്ങള്‍ നടന്നത്.

120 കോടിയില്‍ പരം വിശ്വാസികളുടെ ആത്മീയനേതാവാണ് തന്റെ ശാരീരികവല്ലായ്മകള്‍ പരിഗണിക്കാതെ ഏറ്റവും വലിയ പാപിയെ പോലെ മറ്റൊരാളുടെ മുമ്പില്‍ കാല്‍ തൊട്ടു മാപ്പ് ചോദിച്ചത് എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തിയത്.

ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സുഡാനില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 10 നാണ് ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വാ ഖീറും വിമത നേതാവും റെയ്ക് മച്ചാറും മുന്‍ വൈസ് പ്രസിഡന്‌റ്, പ്രമുഖ സഭാ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കുമായി ധ്യാനം ആരംഭിച്ചത്. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ ആശയമാണ് ഇങ്ങനെയൊരു ധ്യാനം.

ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച ക്രിസ്തുനാഥന്‍ കാണിച്ചു തന്ന മഹത്തായ മാതൃകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അനുവര്‍ത്തിച്ചത്.

സുഡാനില്‍ നിന്ന് 2011 ല്‍ ആണ് സൗത്ത് സുഡാന്‍ സ്വാതന്ത്ര്യം നേടിയത്. 2013 ല്‍ ഇവിടെ ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെട്ടു. നാലു ലക്ഷത്തോളം ആളുകളാണ് ഇതിനകം ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.