ജപമാല പ്രാര്‍ത്ഥന നമുക്കെങ്ങനെ കൂടുതല്‍ ഭക്തിയോടെ ചൊല്ലാം?

ലൂര്‍ദ്ദ്, ഫാത്തിമ പോലെയുള്ള നിരവധി സ്ഥലങ്ങളില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം ഒരേ ഒരു കാര്യം തന്നെയാണ് ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതെന്ന് നമുക്കറിയാം, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. മറ്റൊരുതരത്തിലുള്ള ആത്മീയാഭ്യാസവും ശീലിക്കണമെന്ന് മാതാവ് ആവശ്യപ്പെടുകയുണ്ടായിട്ടില്ല. സഭയിലെ അനേകം വിശുദ്ധരുടെയും പ്രിയപ്പെട്ട പ്രാര്‍ത്ഥനകളിലൊന്ന് ജപമാല തന്നെയായിരുന്നു.

ക്രിസ്തീയതയുടെ കേന്ദ്രഭാഗത്തുള്ള ഒരു പ്രാര്‍ത്ഥനയാണ് ജപമാല എന്നതാണ് സത്യം. വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തിലുള്ള പ്രാര്‍ത്ഥന കൂടിയാണ് ഇത്. പക്ഷേ ഇതൊന്നും മനസ്സിലാക്കാതെയാണ് നാം ജപമാല ചൊല്ലുന്നത്. അലക്ഷ്യമായും അശ്രദ്ധമായും ജപമാല ചൊല്ലുന്നവര്‍ ധാരാളം. പക്ഷേ ജപമാല പ്രാര്‍ത്ഥനയ്ക്ക് നാം വേണ്ടത്രഗൗരവവും ശ്രദ്ധയും കൊടുക്കേണ്ടതുണ്ട്. അതിനായി ജപമാല ചൊല്ലുന്നതിന് നാം ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കൃത്യസമയം ജപമാലയ്ക്കായി നീക്കിവയ്ക്കുക

ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനും കൃത്യമായ സമയം കണ്ടെത്തുന്നവരാണ് നാം. എങ്കില്‍ ജപമാല പ്രാര്‍ത്ഥനയ്ക്കായും കൃത്യമായ സമയം കണ്ടെത്തുക. നീക്കിവയ്ക്കുക, പ്രയോജനപ്പെടുത്തുക. എല്ലാദിവസവും കൃത്യസമയത്ത് തന്നെ ജപമാല ചൊല്ലുക. 24 മണിക്കൂറുള്ള ദിവസത്തില്‍ 20-30 മിനിറ്റ് ഇതിനായി നീക്കിവയ്ക്കുക എന്ന് പറയുന്നത് ആര്‍ക്കും സാധിക്കുന്ന കാര്യമാണ്.

തിരക്കുപിടിക്കരുത്

ഓടിച്ചിട്ട് ജപമാല ചൊല്ലിതീര്‍ത്ത് ടിവിക്ക് മുമ്പിലേക്കോ മൊബൈലിലേക്കോ ഓടിപ്പോകേണ്ടവരല്ല നമ്മള്‍. ഓരോ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കൃത്യമായ സമയമുണ്ടല്ലോ. ഒരു ഓഫീസ് ജോലിക്കോ അധ്യാപനത്തിനോ എല്ലാം ഇത് ബാധകമാണ്. നിശ്ചിതസമയം കൊണ്ടാണ് നാം ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. അതുപോലെ ജപമാല പ്രാര്‍ത്ഥനയും അത് അര്‍ഹിക്കുന്ന രീതിയില്‍ വേണ്ടത്ര സമയവും ശ്രദ്ധയും കൊടുത്ത് ചൊല്ലുക.

മാതാവും ഈശോയും കാണുന്നുണ്ട്

മാതാവും ഈശോയും നമ്മെ നോക്കുന്നുണ്ട് എന്ന ചിന്ത ജപമാല ചൊല്ലുമ്പോഴുണ്ടാകട്ടെ. സ്‌നേഹത്തോടും സന്തോഷത്തോടും കൂടിയാണ് മാതാവും ഈശോയും നമ്മെ നോക്കുന്നത്. സ്‌നേഹത്തോടെ നമ്മെ നോക്കിനില്ക്കുന്നവരെ വേദനിപ്പിക്കാന്‍ വിഷമിപ്പിക്കാന്‍ നമുക്കാവുമോ. ഒരിക്കലുമില്ല. അതുകൊണ്ട് അവരെ വിഷമിപ്പിക്കാത്ത രീതിയില്‍ ജപമാല ചൊല്ലുമെന്ന് നമുക്ക് ഇന്നുമുതല്‍ തീരുമാനമെടുക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.