വിളവധികം വേലക്കാരോ ചുരുക്കം അതിനാല്‍ കൊയ്ത്തിന് വേലക്കാരെ അയ്ക്കുവാന്‍ കൊയ്ത്തിന്റെ നാഥനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍ എന്നാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ വൈദികരുടെ വര്‍ദ്ധനവിനും അതില്‍ തന്നെ വിശുദ്ധരായ വൈദികര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. ദൈവഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട് അവിടുത്തെ ശുശ്രൂഷ ഏറ്റവും മനോഹരമായി നിര്‍വഹിക്കുവാന്‍ ഓരോ വൈദികനും സാധിക്കണം.
ഇക്കാര്യത്തില്‍ വൈദികരെ സഹായിക്കാന്‍ ഏറ്റവും കഴിയുന്നത് പരിശുദ്ധ അമ്മയ്ക്കാണ്. എല്ലാ വൈദികരെയും അമ്മ കാരുണ്യത്തോടെ, സ്‌നേഹത്തോടെ നോക്കിക്കൊണ്ടിരിക്കുകയാണ്. മാതാവിന്റെ മാധ്യസ്ഥം പൗരോഹിത്യത്തിന് ഏറെ ശക്തിയും ഗുണവും പ്രദാനം ചെയ്യുന്നുവെന്ന് വിശുദ്ധ പീറ്റര്‍ ജൂലിയന്‍ വിശ്വസിച്ചിരുന്നു. മേരിയുടെ പ്രത്യേക ആനൂകൂല്യമുള്ള പ്രിയപ്പെട്ട മക്കളാണ് വൈദികര്‍ എന്നായിരുന്നു വിശുദ്ധന്റെ പ്രഖ്യാപനം.
പൗരോഹിത്യത്തിന് വേണ്ടിയും ദൈവവിളിക്കുവേണ്ടിയും പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്ന് വിശുദ്ധന്റെ രചനകളില്‍ കാണാന്‍ കഴിയുന്നുണ്ട്. വൈദികരുടെ രാജ്ഞീ, അങ്ങേ പുത്രന്റെ മുന്തിരിത്തോപ്പിലേക്ക് ജോലിക്കാരെ അയ്ക്കണമേയെന്നായിരുന്നു വൈദികര്‍ക്കുവേണ്ടിയുള്ള വിശുദ്ധന്റെ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന നമുക്കേറ്റു ചൊല്ലി പ്രാര്‍ത്ഥിക്കാം.
നല്ല വൈദികരാല്‍ സഭ നിറയപ്പെടട്ടെ. ജീവിതവിശുദ്ധിയുള്ള വൈദികര്‍ രൂപപ്പെടട്ടെ. നമുക്ക് അറിവുള്ളതും പരിചയത്തിലുള്ളതും സുഹൃത്തുക്കളുമായ എല്ലാ വൈദികര്‍ക്കുവേണ്ടിയും നമുക്ക് പ്രത്യേകമായി പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം.