വിവാഹജീവിതത്തെ തിന്മയില്‍ നിന്ന് രക്ഷിക്കാനുള്ള പ്രാര്‍ത്ഥന

സാത്താന്‍ ഇന്ന് ഏറ്റവും അധികം നോട്ടമിട്ടിരിക്കുന്നത് ദമ്പതികളെയാണ്. കുടുംബജീവിതം തകര്‍ക്കുക എന്നതാണ് അവന്റെ ലക്ഷ്യം. നല്ല ദമ്പതികളും നല്ല കുടുംബങ്ങളും തന്റെ ലക്ഷ്യസാധ്യത്തിന് വിഘാതങ്ങളാണെന്ന് അവനറിയാം. കുടുംബത്തില്‍ അസ്വസ്ഥതകള്‍ സമ്മാനിച്ചുകൊണ്ട് ദമ്പതികളെ തമ്മില്‍ അകറ്റുക, ദൈവികപദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുക. ഇതാണ് അവന്റെ ഗൂഢലക്ഷ്യം. ഇതിന് വേണ്ടി അവന്‍ പല മാര്‍ഗ്ഗങ്ങളും സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ തിന്മയുടെ ഈ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ദമ്പതികള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.

കുടുംബജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവിധ തിന്മയുടെ ശക്തികളില്‍ നിന്നും രക്ഷനേടാന്‍ തിരുക്കുടുംബത്തോടും മാലാഖമാരോടും വിശുദ്ധരോടും പ്രാര്‍ത്ഥിക്കുന്നത് ഏറെ ശക്തിദായകമാണ്. ഇതാ കാത്തലിക് മാര്യേജ് മാനുവല്‍ പ്രസിദ്ധീകരിച്ച ഒരു പ്രാര്‍ത്ഥനയുടെ സ്വതന്ത്രവിവര്‍ത്തനം.

ഓ കൃപയുടെയും കരുണയുടെയും മാതാവേ ഞങ്ങളുടെ കുടുംബജീവിതത്തെ തിന്മയില്‍ നിന്ന് രക്ഷിക്കണമേ. ലൗകികാരൂപികളില്‍ നിന്ന് കാത്തുകൊള്ളണമേ. വിശുദ്ധ യൗസേപ്പേ, തിരുക്കുടുംബത്തിന്റെ പാലകാ പരിശുദ്ധ അമ്മയുടെ സംരക്ഷകാ, അങ്ങയുടെ മാധ്യസ്ഥശക്തി ഞങ്ങളുടെ കുടുംബജീവിതത്തിനുണ്ടാകണമേ. ഞങ്ങളുടെ കുടുംബജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവിധ ദുഷ്ടശക്തികളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

സകലവിശുദ്ധരേ ഞങ്ങളുടെ കുടുംബജീവിതത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമേ.
വിശുദ്ധ മിഖായേലേ, വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റഫായേലേ തിന്മയുടെ ശക്തികളെ ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് നിര്‍വീര്യമാക്കുകയും ദൈവേഷ്ടപ്രകാരം കുടുംബജീവിതം നയിക്കാനും ഞങ്ങളുടെ കുടുംബജീവിതത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.