എ പ്ലസിനും മുകളിൽ ചിലതുണ്ട് !


പരീക്ഷകളുടെയും  തിരഞ്ഞെടുപ്പിന്റെയുമൊക്കെ ഫലം (റിസൾട്ട്) വരുന്ന കാലമാണിത്. വിദ്യാർത്ഥികളെ സംബന്ധിച്ചു്, സുദീർഘ വർഷങ്ങളുടെ കഠിനാദ്ധ്വാനവും ശ്രദ്ധയും  സമർപ്പണവുമെല്ലാം പരീക്ഷാഫലങ്ങളായി, മാർക്കുകളായി, ഗ്രേഡുകളായി വന്നുകൊണ്ടിരിക്കുന്നു. നല്ലൊരുശതമാനം കുട്ടികളും മികവാർന്ന വിജയത്തോടെ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. ചിലർക്ക് പ്രതീക്ഷിച്ചത്ര നേടാനായിക്കാണില്ല. നൂറു ശതമാനവും എ പ്ലസുകളുമായി മികച്ച വിജയങ്ങൾ നേടിയ സ്കൂളുകളും വിദ്യാർത്ഥികളും നാടിൻറെയും വീടിൻറെയും അഭിമാനം വാനോളമുയർത്തി. ഈ ഉജ്ജ്വല വിജയങ്ങൾ നേടിയരെ എത്രകണ്ട്  അഭിനന്ദിച്ചാലും മതിയാവില്ല; കാരണം, മഹത്തായ ഒരു വിജയം മുന്നിൽകണ്ട് അത്യദ്ധ്വാനം ചെയ്ത, രാവുകൾ പകലുകളാക്കിയ ഒരുകൂട്ടം അധ്യാപകരുടെയും മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും സമർപ്പണത്തിൻറെ ദിനരാത്രങ്ങൾ ഇതിനുപിന്നിലുണ്ട്. 

വാർത്താമാധ്യമങ്ങളും മറ്റു സാമൂഹിക മാധ്യമങ്ങളും നൂറു ശതമാനക്കാരുടെയും എ പ്ലസ് വിജയങ്ങൾ നേടിയവരുടെയും പുറകെയാണിപ്പോൾ. ഉന്നത വിജയങ്ങൾ നേടിയവരുടെ ഫ്‌ളെക്‌സ്‌കളും മാർക്ക് ഷീറ്റുകളും അഭിന്ദനപ്രവാഹങ്ങളും നമ്മുടെ പൊതുനിരത്തുകളിലും സാമൂഹ്യമാധ്യമങ്ങളിലും ഇടം പിടിച്ചു കഴിഞ്ഞു. നമ്മുടെ പൊതുസമൂഹം വിദ്യാഭ്യാസത്തിനു കൊടുക്കുന്ന ഉയർന്ന ആദരവും ആധുനികലോകത്തിൽ അക്ഷരാഭ്യാസത്തിനും അറിവിനുമുള്ള പ്രാമുഖ്യവുമെല്ലാം ഈ സന്തോഷത്തിലും അനുമോദന വാക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. അത് തീർത്തും നല്ലതും ആവശ്യവും തന്നെ. എന്നാൽ, ഈ വിജയാഘോഷങ്ങളെകൂടാതെ ഈ അവസരത്തിൽ  ഉയർന്നുകേട്ട മറ്റു ചില പ്രതികരണങ്ങളെക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

എസ് എസ്‌ എൽ സി പരീക്ഷയ്ക്ക് ആറു വിഷയങ്ങൾക്ക് എ പ്ലസ് കിട്ടിയെങ്കിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയില്ല എന്നതിന്റെ പേരിൽ മകനെ മൺവെട്ടിയുടെ കൈകൊണ്ട് ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ് ചെയ്തതും ഈ നാളുകളിൽത്തന്നെയാണ്. ഇത്രയും വിഷയങ്ങൾക്ക്  ഉയർന്ന മാർക്ക് കിട്ടിയിട്ടും അത് കാണാൻ പറ്റാതെ കുറഞ്ഞുപോയ വിഷയങ്ങളിലേക്ക് മാത്രം ശ്രദ്ധപോയ ആ പിതാവിനെപ്പോലെയുള്ളവർ നമ്മുടെ നാട്ടിൽ വേറെയുമുണ്ടാവാം.  ഇവർ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇവരുടെ മക്കൾ ഇപ്പോൾ നേടിയ മാർക്കിന്‍റെ പകുതിപോലും നേടാൻ പറ്റാതെ പോയവരാണ്, മക്കൾ പൊൻ മുട്ടകളിടുന്ന താറാവുകളായിരിക്കണമെന്ന് വാശിപിടിക്കുന്നത്. ലഭിച്ചിരിക്കുന്ന കഴിവിനനുസരിച്ചു പഠിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യണം എന്ന കാര്യത്തിൽ തർക്കമില്ലാത്തപ്പോൾത്തന്നെ, പഠിക്കാനുള്ള കഴിവിന്റെ കാര്യത്തിൽ എല്ലാവരും ഒരുപോലെ മിടുക്കരല്ല എന്ന സത്യം അംഗീകരിച്ചുകൊണ്ടു മാർക്കുകളെയും ഗ്രേഡുകളെയും വിലയിരുത്തുന്നിടത്തേ ഓരോ കുട്ടിയുടെയും വ്യക്തിത്വംകൂടി അംഗീകരിക്കപ്പെടുന്നുള്ളു. 

സന്തോഷകരമായ ഒരു കാര്യം, ഈ സത്യം ചിന്തിക്കുന്ന, മനസ്സിലാക്കാൻ കഴിയുന്ന ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് എന്നതാണ്. ‘കളക്ടർ ബ്രോ’ എന്ന പേരിൽ അറിയപ്പെടുന്ന പ്രശാന്ത് നായർ ഐ എ എസ് പറയുന്നു, ‘എ പ്ലസ് നല്ലതുതന്നെ, എന്നാൽ മാർക്ക് ഷീറ്റ് പ്രദർശിപ്പിക്കുന്നതിനോട് യോജിപ്പില്ല. വലിയ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളിൽ ഈ മാർക്ക് ഷീറ്റ് പ്രദർശനം ഇടുന്ന പ്രഷർ എന്തായിരിക്കും? വലിയ ഹൈപ്പ് അർഹിക്കാത്ത ഈ പരീക്ഷയ്ക്ക് ജീവിതവിജയവുമായി നേരിട്ട് ബന്ധമൊന്നുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത്, കുട്ടികളെ സാമൂഹികമായി വേർതിരിക്കാനല്ല, ഭാവിയിലേക്കുള്ള അക്കാഡമിക് ചോയ്‌സുകൾ പ്രാവർത്തികമാക്കാൻ മാത്രമാണ്.’ 

ഒരിക്കൽ, പരീക്ഷയിൽ വിജയികളെ അനുമോദിക്കാൻ കൂടിയ ചടങ്ങിൽ, പ്രൊഫ. എം. എൻ. വിജയൻമാഷ് പറഞ്ഞു: “ജയിച്ചവരെ കാണുമ്പോൾ തോറ്റവരെവിടെ എന്ന അന്വേഷണം കൂടി നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിച്ചപ്പോൾ, വേണ്ടത്ര വിവരമില്ല എന്ന് പറഞ്ഞു പരിഗണിക്കാതിരുന്ന ‘മണ്ടനായ’ ചങ്ങമ്പുഴയുടെ പേരിൽ, അതെ കോളേജിൽ ജോലി ചെയ്ത പലരും, പിന്നീട് പ്രബന്ധം എഴുതി ഡോക്ടറേറ്റ് നേടി. ഗാന്ധിജിയും ഐൻസ്റ്റീനും ഒന്നും ക്‌ളാസിൽ ഒന്നാമതായിരുന്നില്ല. ഇടപ്പള്ളി രാഘവൻപിള്ള എസ് എസ്‌ എൽ സി ഉൾപ്പെടെ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയായിരുന്നു. ജയിച്ചവരെപ്പോലെതന്നെ, പരാജയപ്പെട്ടവരെയും ലോകത്തിനാവശ്യമാണെന്നുള്ള ബോധം നമുക്കുണ്ടാകണം.”

ആദൂർ സി. ഐയായ എം. വി. ജോൺ എഴുതിയ വ്യത്യസ്തമായൊരു ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ വൈറൽ ആണ്. ചില വിഷയങ്ങൾക്ക് എ പ്ലസ് നഷ്ടപ്പെട്ടുപോയ തന്റെ മകനെ കുറ്റപ്പെടുത്താതെ, അഭിനന്ദിച്ചുകൊണ്ടു അദ്ദേഹം കുറിച്ചവരികളാണിത്: മോനേ, ഫുൾ എ പ്ലസ് കിട്ടാതെ രണ്ടെണ്ണം എ ഗ്രേഡ് ആയതിൽ നീ ഒട്ടും വിഷമിക്കണ്ട. ഇനിയും പരീക്ഷകൾ വരും, ഇത്  നിന്റെ കുറവല്ല. പോലീസ് ആയ എന്റെ ജോലിത്തിരക്കുമൂലം എനിക്ക് നിന്റെ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പി. ടി. എ. മീറ്റിങ്ങുകൾക്കുപോലും എനിക്ക് വരാൻ പറ്റിയില്ല. എന്നിട്ടും നിനക്ക് ഇത്രയും നല്ല ഒരു വിജയം നേടാൻ കഴിഞ്ഞല്ലോ. നിനക്ക് നേടാൻ കഴിയാത്തതായി യാതൊന്നുമില്ല. അഭിനന്ദനങ്ങൾ, എന്റെ പൊന്നു മോന്.” 

യു എൻ പരിസ്ഥിതി ദുരന്ത നിവാരണ സംഘത്തിന്റെ തലവൻ മുരളി തുമ്മാരുകുടിക്ക് പഠനകാലത്തു, എഞ്ചിനീറിറിംഗ് പ്രവേശനം കിട്ടില്ലന്നറിഞ്ഞു വിഷമിച്ചിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ മനസ്സ് മനസ്സിലാക്കി അച്ഛൻ പറഞ്ഞു, ‘സാരമില്ല, നീ പോയി ഒരു സിനിമ കണ്ടിട്ട് വാ…’.  എസ്. എസ്‌. എൽ. സി. പരീക്ഷയ്ക്ക് 42% മാത്രം മാർക്ക് നേടിയ വ്യക്തിയായിരുന്നു പിന്നീട് കഠിനാദ്ധ്വാനത്തിലൂടെ ഐ. എ. എസ്. പദവിയിലെത്തുകയും ഇപ്പോൾ കേന്ദ്രമന്ത്രിയായിരിക്കുകയും ചെയ്യുന്ന അൽഫോൻസ് കണ്ണന്താനം. ഉപജീവനത്തിനായി ഹൈസ്കൂൾ പഠനകാലത്തു കൂലിപ്പണിക്കിറങ്ങേണ്ടിവന്ന പി. വി. വിജയൻ നിശ്ചയദാർഢ്യത്തിലൂടെ നേടിയെടുത്തത് സാമ്പത്തിക ശാസ്ത്രത്തിൽ എം. എ. യും എം. ഫിലും മാത്രമല്ല, കേരള പോലീസ് ഐ. ജി. പദവികൂടിയുമാണ്. 

ഒരു പരീക്ഷയുടെ പേരിലോ കുറഞ്ഞു പോയ ഏതാനും മാർക്കുകളുടെ പേരിലോ നിങ്ങളുടെ കുട്ടികളുടെ ആത്‌മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നു സാരം. കുട്ടികളും അവരുടെ കഴിവുകളും അളക്കപ്പെടേണ്ടത് പഠനത്തെ മാത്രം ആശ്രയിച്ചല്ല. വ്യത്യസ്തമായ ചെടികളും പൂക്കളും ഒരു പൂന്തോട്ടത്തിനു കൂടുതൽ അഴകുനൽകുന്നതുപോലെ, വിവിധങ്ങളായ കഴിവുകളുള്ള മനുഷ്യരാണ് ഈ ലോകം മുൻപോട്ടു പോകാൻ സഹായിക്കുന്നത്. ഒരു കാര്യത്തിലെങ്കിലും കഴിവില്ലാത്തവരായി ആരുമില്ല. ബൈബിളിലെ താലന്തിന്റെ ഉപമയിൽ പറയുന്നതുപോലെ, ഓരോരുത്തരുടെയും കഴിവനുസരിച്ചു അഞ്ചും, മൂന്നും ഒന്നും താലന്തുകൾ കൊടുത്തതുപോലെ (മത്തായി 25: 15), എല്ലാവർക്കും വ്യത്യസ്ത അളവിലും കാര്യങ്ങളിലും ദൈവം കഴിവുകൾ നൽകിയിരിക്കുന്നു.  ഓരോരുത്തരും അവരവരുടെ കഴിവിന്റെ മേഖലകൾ കണ്ടെത്തി അതിൽ മുന്നേറി ജീവിതം വിജയിപ്പിക്കുകയാണ് പ്രധാനം. ക്രിക്കറ്റ് കളിക്കാരനായ സച്ചിൻ തെണ്ടുൽക്കർ, തനിക്കു യേശുദാസിനെപ്പോലെ പാടാൻ കഴിവില്ല എന്ന് പറഞ്ഞു വിഷമിക്കുകയോ, യേശുദാസിനു സച്ചിനെപ്പോലെ കളിക്കാൻ കഴിയുന്നില്ലെന്ന് സങ്കടപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല, രണ്ടുപേരും അവരവരുടെ കഴിവുകൾ വികസിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 

സിംഗപ്പൂരിലെ ഒരു സ്കൂൾ ഹെഡ്മാസ്റ്റർ കുട്ടികളുടെ പരീക്ഷാക്കാലത്തു അയച്ച ഒരു കത്ത് പ്രസിദ്ധമാണ്. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിക്കാൻ പ്രാപ്തിയുള്ള കുട്ടികളുടെ മനസ്സുകണ്ട ഒരധ്യാപകന്റെ കത്താണത്. വിഖ്യാത ശാസ്ത്രജ്ഞൻ തോമസ് ആൽവാ എഡിസൺ കുട്ടിയായിരുന്ന കാലത്തു അദ്ദേഹത്തിന്റെ അദ്ധ്യാപകൻ, ഇത് പഠിക്കാൻ തീരെ കഴിവില്ലാത്ത കുട്ടിയാണെന്ന് പറഞ്ഞു അവന്റെ മാതാവിനെഴുതിയ കത്ത് വായിച്ച ആ ‘അമ്മ എഡിസനോട് പറഞ്ഞു, ‘നീ വളരെ കഴിവുള്ള കുട്ടിയായതിനാൽ നിന്നെ പഠിപ്പിക്കാൻ ആ സ്കൂളിൽ അത്രയും കഴിവുള്ളവരില്ല. അതിനാൽ നിന്നെ വീട്ടിൽ വച്ച് പഠിപ്പിക്കണമെന്ന് നിന്റെ ടീച്ചർ പറഞ്ഞിരിക്കുന്നു.’ അതിൻ പ്രകാരം വീട്ടിലിരുന്നു പഠിച്ച എഡിസൺ നൂറിലധികം കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാവായി. വര്ഷങ്ങള്ക്കു ശേഷം അമ്മയുടെ മരണത്തിനു ശേഷം എഡിസൺ ആ പഴയ കത്ത് അമ്മയുടെ പെട്ടിയിൽ നിന്ന് യാദൃശ്ചികമായി കണ്ടെത്തുകയും അതിലെ യഥാർത്ഥ കാര്യം വായിക്കുകയും ചെയ്തപ്പോൾ, തന്റെ അമ്മയുടെ വർഷങ്ങൾക്കുമുന്പുള്ള വിവേകപൂര്ണമായ പെരുമാറ്റത്തെ ഓർത്തു സ്നേഹം കൊണ്ട് പൊട്ടിക്കരഞ്ഞു. 

പഠനത്തിൽ മാത്രമല്ല, മറ്റുചില കാര്യങ്ങളിലെ എ പ്ലസ് ആണ് കൂടുതൽ പ്രധാനം. നല്ല സ്വഭാവം, സത്യസന്ധത, ഹൃദ്യമായ പെരുമാറ്റം, സഹാനുഭൂതി, സഹകരണമനോഭാവം, മാന്യമായ സംസാരം, മുതിർന്നവരോടുള്ള ബഹുമാനം, കരുണ, സ്നേഹം, വിനയം തുടങ്ങിയ കാര്യങ്ങളിലെ എ പ്ലസ് അല്ലേ കുറച്ചുകൂടി പ്രധാനപ്പെട്ടത്? മറ്റു വാക്കിൽ പറഞ്ഞാൽ, നല്ല ഒരു മാന്വഷ്യനാണെന്നു പറയാൻ പറ്റുന്നതല്ലേ കൂടുതൽ വിലമതിക്കപ്പെടേണ്ടത്‌ ? അങ്ങേയറ്റം വികൃതിയായി ക്രിക്കറ്റ് കളിച്ചു മാത്രം നടന്നിരുന്ന കൊച്ചു സച്ചിനോട് ചെറുപ്പത്തിൽ അവന്റെ അച്ഛൻ പറഞ്ഞത്രേ: “നീ ഒരു നല്ല ക്രിക്കറ്റ് കളിക്കാരൻ എന്ന് അറിയപ്പെടുന്നതിനേക്കാൾ, നീ ഒരു നല്ല മനുഷ്യനാണെന്ന് കേൾക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം.” ആ ഉപദേശം അതീവ ഗൗരവമായെടുത്ത സച്ചിൻ, പിന്നീട് നല്ല മനുഷ്യനും നല്ല കളിക്കാരനുമായി. 

ഒറ്റ പരീക്ഷകൊണ്ട് എല്ലാവരുടെയും കഴിവുകൾ അളക്കാനാവില്ല. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു കാട്ടിലെ മൃഗങ്ങൾക്കെല്ലാം ‘മരം കയറ്റമത്സരം’ സംഘടിപ്പിച്ചാലെന്നപോലിരിക്കുമത്. വെള്ളത്തിൽ കിടക്കുന്ന മൽസ്യത്തിനും, കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്കുമൊന്നുമതു ചേരുന്ന മത്സരങ്ങളല്ല. ഈ ഒരു പരീക്ഷകൊണ്ട് ജീവിതം സുരക്ഷിതമായെന്നോ തീർന്നെന്നോ ആരും കരുതേണ്ടതില്ല. ‘മനുഷ്യജീവിതം മാർക്കുകൊണ്ടല്ല (സമ്പത്തുകൊണ്ടല്ല) ധന്യമാകുന്നത്’ (ലൂക്കാ 12: 15) എന്ന് തിരുവചനത്തെ പുതിയരീതിയിൽ വായിച്ചെടുക്കാം. 

നിതാന്തപരിശ്രമവും നിശ്ചയദാർഢ്യമുള്ള മനസ്സും സ്വന്തമാക്കി ഇനിയുള്ള പരീക്ഷകളെ സമർത്ഥമായി നേരിടാനും ഉന്നത ജീവിതവിജയം നേടാനും എല്ലാവര്ക്കും സാധിക്കട്ടെയെന്ന പ്രാർത്ഥനയോടെ, എല്ലാ വിജയികൾക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങളും പിന്നിലായിപ്പോയവർക്കു ശക്തമായ തിരിച്ചുവരവിനുള്ള മാനസിക – ആത്‌മീയ ഊർജ്വവും ആശംസിക്കുന്നു. 
ഈ ആഴ്ച അനുഗ്രഹങ്ങൾ നിറഞ്ഞതാകട്ടെ.

സ്നേഹപൂർവ്വം, 

ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.