ഒക്ടോബര്‍ എങ്ങനെ എല്ലാ മാസങ്ങളിലും വച്ച് കൂടുതല്‍ മരിയസ്‌നേഹത്തോടുള്ള ഭക്തിയാല്‍ നിറയപ്പെടുന്ന മാസമാക്കാം

ഒക്ടോബര്‍ ഒരു പുണ്യമാസമാണ്. കാരണം പതിവിലും കൂടുതലായി ലോകത്തിലെ എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും സന്യാസസമൂഹങ്ങളിലും ജപമാല പ്രാര്‍ത്ഥനകള്‍ ഉയരും. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള അപദാനങ്ങള്‍..ഗീതങ്ങള്‍.. എല്ലാം ഈ മാസത്തില്‍ വ്യാപകമാകും.ഒക്ടോബര്‍ അങ്ങനെ എല്ലാ മാസങ്ങളിലും വച്ച് കൂടുതല്‍ മരിയസ്‌നേഹത്തോടുള്ള ഭക്തിയാല്‍ നിറയപ്പെടുന്ന മാസമാകും.

സാത്താനോടുള്ള പോരാട്ടത്തില്‍, പാപത്തില്‍ നിന്ന് അകന്നുജീവിക്കാന്‍ ജപമാല പ്രാര്‍ത്ഥന ഏറെ സഹായിക്കും. പിയൂസ് പതിനൊന്നാമന്‍ പാപ്പ പറയുന്നത് ഹൃദയത്തിലും സമൂഹത്തിലും രാജ്യത്തിലും കുടുംബത്തിലും സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാ വൈകുന്നേരങ്ങളിലും ജപമാല ചൊല്ലണമെന്നാണ്.

ജപമാലയിലൂടെ മണികളിലൂടെ നമ്മുടെ വിരലുകള്‍ ചരിക്കുന്നത് മാതാവിന്റെ കൈവിരല്‍ത്തുമ്പ് പിടിച്ച് നടക്കുന്നതിന് തുല്യം തന്നെയാണ്. ഈ മാസം മാതാവിനോടുള്ള സ്‌നേഹം വര്‍ദ്ധിക്കുന്നതിനായി ഏതാനും ചില ഭക്ത്യാഭ്യാസങ്ങള്‍ കൂടി നിര്‍ദ്ദേശിക്കട്ടെ

പതിവുപോലെ സന്ധ്യാപ്രാര്‍ത്ഥനയിലുള്ള ജപമാല പ്രാര്‍ത്ഥനയ്ക്ക് പുറമെ ഈ മാസം അവസാനം വരെ എല്ലാദിവസവും അധികമായി ഒരു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമെന്ന് തീരുമാനമെടുക്കുക.

ദിവസം ആരംഭിക്കുന്നത് കുടുംബാംഗങ്ങള്‍ ഒന്നിച്ചുളള ജപമാല പ്രാര്‍ത്ഥനയോടെയാവട്ടെ. ഇത്തിരി ത്യാഗം ഇക്കാര്യത്തില്‍ എല്ലാവരും കാഴ്ചവയ്ക്കണം. നേരത്തെ എണീല്ക്കുന്നതുപോലെയുള്ള ചില സന്നദ്ധതകള്‍ക്ക് കുടുംബാംഗങ്ങള്‍ തയ്യാറായാല്‍ ഇക്കാര്യം നിഷ്പ്രയാസം നടക്കാവുന്നതേയുള്ളൂ.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂട്ടംകൂടിയുള്ള ജപമാല പ്രാര്‍ത്ഥനകള്‍ക്ക് സാധ്യത കുറവാണ്. അതുകൊണ്ട് ഓണ്‍ലൈന്‍ വഴിയുള്ള ജപമാല പ്രാര്‍ത്ഥനകളില്‍ പങ്കുചേരുക.

മാതാവിന്റെ രൂപം പ്രത്യേകമായി പ്രതിഷ്ഠിച്ച് അലങ്കരിക്കുകഎന്നതാണ് മറ്റൊന്ന്.

മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാനും മാതാവിനോടുള്ള ഭക്തിയില്‍ വളരാനും സഹായകരമായ പുസ്തകങ്ങള്‍ വായിക്കുകയും മറ്റുള്ളവര്‍ക്ക് നല്കുകയും ചെയ്യുക.

യാത്രയ്ക്കിടയിലോ ജോലിസമയത്തോ ഇടയ്ക്കിടെ നന്മ നിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലി പ്രാര്‍ത്ഥിക്കുക.

കൊന്തമാസത്തോട് അനുബന്ധിച്ച് പ്രത്യേകമായി കാരുണ്യപ്രവൃത്തികള്‍ ചെയ്യുക. കോവിഡ് മൂലംഎത്രയോ വ്യക്തികളാണ് സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കുന്നത്.! അവരെയെല്ലാം സഹായിക്കാന്‍ സാധിക്കില്ലെങ്കിലും അടുത്തുള്ള,സഹായം അര്‍ഹിക്കുന്ന ആരെയെങ്കിലും സഹായിക്കാന്‍ സന്നദ്ധത കാണിക്കുക



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.