ആത്മശക്തിയാല്‍ എന്നെ നിറയ്ക്കണമേ, പുതിയൊരു പെന്തക്കുസ്തായ്ക്ക് ഒരുക്കുന്ന ഗാനം

കേള്‍ക്കുമ്പോള്‍ ആത്മാവു നിറയുകയും പാടുമ്പോള്‍ അഭിഷേകം നിറയുകയും ചെയ്യുന്ന ഒരു ഭക്തിഗാനമാണ് ഇന്ന് രാവിലെ ആറുമണിക്കൂ കാന്‍ഡില്‍സ് ബാന്‍ഡിലൂടെ റീലിസ് ചെയ്തിരിക്കുന്ന ആത്മശക്തിയാല്‍ എന്നെ നിറയ്ക്കണമേ എന്ന ഗാനം. പെന്തക്കോസ്തുതിരുനാളിന് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിലാണ് ഗാനം റീലിസ് ചെയ്തിരിക്കുന്നത് എന്നതാണ് ഒരു പ്രത്യേകത. പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ ഒരു ഗാനമാണ് ഇത്.

നിരവധി ഭക്തിഗാനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ എസ്. തോമസും ലിസി സന്തോഷും ചേര്‍ന്നാണ് ഈ ഗാനം രചിച്ച് ഈണം നല്കി അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ ഗാനങ്ങളിലൂടെ കടന്നുപോയിട്ടുള്ളവര്‍ക്കറിയാം ലളിതം സുന്ദരം എന്ന പ്രയോഗം തികച്ചും അന്വര്‍ത്ഥമാക്കുന്നതാണ് അവരുടെ ഓരോ ഗാനങ്ങളുമെന്ന്.

ലളിതമായ വരികള്‍. ആത്മനിറവിന്റെ അഭിഷേകമുളള ഈണം. ശ്രോതാക്കളെ ആത്മീയമായ ഉണര്‍വിലേക്കും ദൈവികാനുഭവത്തിലേക്കുമാണ് ആ ഗാനങ്ങള്‍ കൊണ്ടുപോകുന്നത്. ആ പതിവ് ഈ പുതിയ ഗാനത്തിലും ആവര്‍ത്തിക്കുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ സാന്നിധ്യം വ്യക്തിപരമായ അനുഭവമായി ഓരോരുത്തര്‍ക്കും അനുഭവിക്കാന്‍ സാധിക്കുന്നുമുണ്ട്.

ആത്മശക്തിയാലെന്നെ നിറയ്ക്കണമേ
അതുമതിയെനിക്കെന്റെ തമ്പുരാനേ
ആത്മശക്തിയാലേ നിറഞ്ഞിടുമ്പോള്‍
വചനം പാലിച്ചെന്നും ജീവിച്ചിടും ഞാന്‍
പരിശുദ്ധാത്മാവേ എന്റെ നല്ല ദൈവമേ
അനുദിനമെന്നെ വഴിനടത്തിടണേ

എന്ന ഈ ഗാനത്തിലെ വരികള്‍ നമ്മുടെ പ്രാര്‍ത്ഥനയായി മാറുകതന്നെ ചെയ്യും. ഇതിലൂടെ പുതിയൊരു പെന്തക്കുസ്തായിലേക്കാണ് നാം പ്രവേശിക്കുന്നത്.

കാന്‍ഡില്‍ ബാന്‍ഡ് ക്വയര്‍ ഗ്രൂപ്പ് അംഗങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.