മാരോനൈറ്റ് സന്യാസിയായ വിശുദ്ധ ചാര്‍ബെല്‍ 1898 ലാണ് മരണമടഞ്ഞത്. ജീവിച്ചിരുന്നപ്പോഴും അദ്ദേഹം നിരവധിയായ അത്ഭുതങ്ങള്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാത്താന്റെ ഏറ്റവും വലിയ ശത്രു കുടുംബമാണ്.
അതുകൊണ്ട് കുടുംബത്തെ തകര്‍ക്കാന്‍ സാത്താന്‍ എന്തും ചെയ്യും. തന്റെ ശക്തി മുഴുവന്‍ സാത്താന്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കുടുംബത്തെ തകര്‍ക്കുന്നതിലാണ്. കാരണം ദൈവത്തിന്റെ സാദ്യശ്യത്തെയും അവിടുത്തെ പദ്ധതികളുടെയും പൂര്‍ത്തീകരണമാണ് കുടുംബം. ദൈവത്തിന്റെ പദ്ധതിയാണ് കുടുംബം എന്നതുകൊണ്ടാണ് സാത്താന്‍ അത് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. ദൈവത്തോട് യുദ്ധം ചെയ്യുന്നതിന് തുല്യമാണ് കുടുംബത്തോടുള്ള സാത്താന്റെ യുദ്ധങ്ങളും.
സാത്താന്‍ കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പോരാടാനുള്ള വിവേകം നമുക്കുണ്ടായിരിക്കണം. അതിനായി വിശുദ്ധ ചാര്‍ബെല്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.
കുടുംബത്തില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കണം. ദൈവാരൂപി നിലനിര്‍ത്തണം. സംഭാഷണവും പ്രാര്‍ത്ഥനയും കുടുംബത്തില്‍ അത്യാവശ്യമാണ്. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കണം,ക്ഷമിക്കാന്‍ പഠിക്കണം. വിശ്വസ്തതയും സത്യസന്ധതയും കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായിരിക്കണം. ഇതിനൊക്കെ പുറമെയാണ് ശ്രവിക്കല്‍. മറ്റേ ആള്‍ പറയുന്നത് കേള്‍ക്കാന്‍ മനസ്സ് കാണിക്കുക. ലോകാരൂപി കുടുംബത്തില്‍ കയറിയാല്‍ പിന്നെ അവിടെ നിന്ന് പോകാന്‍ ബുദ്ധിമുട്ടായിരിക്കും.
അതുപോലെ അലറല്‍, ശബ്ദമുയര്‍ത്തിയുള്ള സംസാരം ഇവയും കുടുംബത്തിലുണ്ടായിരിക്കരുത് എന്ന് വിശുദ്ധന്‍ ഓര്‍മ്മപ്പെടുത്തുന്നു അലറുന്ന സിംഹത്തെപോലെയാണല്ലോ സാത്താന്‍ നടക്കുന്നത്. അതുകൊണ്ട് കുട്ടികളോടോ ജീവിതപങ്കാളികളോടോ അലര്‍ച്ച പാടില്ല. അലറുമ്പോള്‍ അത് സാത്താന്റെ ശബ്ദമായി മാറുന്നു. സൗമ്യതയോടെ സംസാരിക്കുക. അപ്പോള്‍ കുടുംബത്തില്‍ പൊതുവെ ശാന്തത നിറയും.