ശ്രീലങ്കയില്‍ പള്ളികളില്‍ പോകാന്‍ ഇപ്പോഴും വിശ്വാസികള്‍ക്ക് ഭയം


കൊളംബോ: ചാവേറാക്രമണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ശ്രീലങ്കയിലെ ക്രൈസ്തവവിശ്വാസികള്‍ക്ക് തിരുക്കര്‍മ്മങ്ങള്‍ക്കായി ദേവാലയങ്ങളില്‍ പോകാന്‍ ഭയവും ആശങ്കയും.

പല ക്രൈസ്തവരും ഇപ്പോഴും ദേവാലയങ്ങളില്‍ പോകാന്‍ ഭയക്കുകയും മടിക്കുകയും ചെയ്യുന്നതായി കാത്തലിക് ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാത്തലിക് ചാരിറ്റി എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ശ്രീലങ്കയിലെ പ്രോജക്ട് ഓഫീസര്‍ വോഗലിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പള്ളിമണികള്‍ മുഴങ്ങുമ്പോള്‍ ദേവാലയത്തിലേക്ക് പ്രവേശിക്കാന്‍ ഇപ്പോഴും തങ്ങള്‍ക്ക് ഭയമാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. വോഗല്‍ പറയുന്നു.

ഏപ്രില്‍ 21 ന് ആയിരുന്നു ലോകമനസ്സാക്ഷിയെ നടുക്കിയ ചാവേറാക്രമണം കൊളംബോയില്‍ അരങ്ങേറിയത്. അന്ന് 250 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഹോട്ടലുകളും ദേവാലയങ്ങളും ലക്ഷ്യമാക്കിയുള്ളതായിരുന്നു ആക്രമണം.

കൊളംബോയില്‍ മാത്രമല്ല ശ്രീലങ്കയില്‍ പലയിടത്തും ഇതുതന്നെയാണ് അവസ്ഥ. രാജ്യമെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ആളുകള്‍ കൂടുന്ന എല്ലായിടങ്ങളിലും സെക്യൂരിറ്റി ഫോഴ്‌സും മിലിട്ടറിയുമുണ്ട്.എന്നാല്‍ ജനങ്ങളെ അല്പമെങ്കിലും ആശ്വസിപ്പിക്കുന്നത് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ വാക്കുകളുംഇടപെടലുകളുമാണ്. തനിക്ക് മാത്രമായി പ്രത്യേക സുരക്ഷ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വോഗലിനെ ഉദ്ധരിച്ച് വാര്‍ത്തയില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.