അസ്സീസിയിലെ ക്ലാര: ഇന്നും പ്രകാശം പരത്തുന്ന വിശുദ്ധ

അസ്സീസിയിലെ വിശുദ്ധ ക്ലാര ഇന്നും ലോകത്തിനു മുഴുവൻ ദൈവീക പ്രകാശം പരത്തുന്ന ഒരു വിശുദ്ധയാണ്‌. വിശുദ്ധ ക്ലാരയുടെ ജീവിതത്തെ അടുത്തറിയുമ്പോൾ ഈ ഈ വിശേഷണം വളരെ സത്യമാണെന്ന്‌ മനസിലാകുകയും ചെയ്യും. വിശുദ്ധ ക്ലാരയുടെ ജീവിതത്തിനും മരണത്തിനും ശേഷം നൂറ്റാണ്ടുകൾ പലത്‌ കഴിഞ്ഞിട്ടും ഈ പുണ്യവതിയിൽനിന്നും ഏറെ കാര്യങ്ങൾ ഈ കാലഘട്ടത്തിലും പഠിക്കാനുണ്ട്‌ എന്നത്‌ ഒരു ശുഭകരമായ കാര്യമാണ്‌. ഒരു പ്രഭുകുടുംബത്തിന്റെ എല്ലാ ആഡംബരത്തിലും ആഘോഷത്തിലും ഭാഗമായിരുന്നവൾ എല്ലാം ഉപേക്ഷിച്ചുകൊണ്ട്‌ ദാരിദ്ര്യത്തിന്റെ ഏറ്റവും തീവ്രമായ രൂപത്തെ ആശ്ളേഷിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്തു എന്നത്‌ ഇപ്പോഴും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്‌.

ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവ്‌ ഏറ്റവും പ്രകടമായിരുന്ന ആ നാളുകളിൽ, അതിന്ന്‌ വിപരീതമായ ദിശയിൽ ജീവിതത്തെ കൊണ്ടുപോകുക ആർക്കും ദുഷ്കരമായിരുന്നു. എന്നാൽ ക്ലാര എന്ന പെൺകുട്ടി വിശുദ്ധ ഫ്രാൻസീസിന്റെ ജീവിതത്താൽ ആകൃഷ്ടയാവുകയും വീടുവിട്ടിറങ്ങുകയും ഒരു ജീവിതം ആരംഭിക്കുകയും ചെയ്യുമ്പോൾ, അവൾ രൂപപ്പെടുത്തുന്നത്‌ ഒരു പുതിയ ആത്മീയ ജീവിതം തന്നെയാണ്‌. അന്നത്തെ സാഹചര്യത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും പിൽക്കാലത്ത്‌ അനേകർക്ക്‌ സഹായകമായിത്തീർന്ന ഒരു ചുവടുവയ്പുകൂടിയായിരുന്നത്‌. താൻ ഉപേക്ഷിച്ച തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചോ, തന്റെ സമ്പത്തിനേക്കുറിച്ചോ ഒരിക്കലും ക്ലാര പരിതപിച്ചതായി എവിടേയും വായിച്ചിട്ടില്ല. ആ ഉപേക്ഷയിൽ ആത്മീയമായ ആനന്ദം കണ്ടെത്താൻ ക്ലാരയ്ക്ക്‌ കഴിഞ്ഞിരുന്നു എന്ന്‌ സാരം.

വിശുദ്ധ ക്ലാരയുടെ നാമകരണത്തിനായി നൽകിയ സാക്ഷ്യപത്രത്തിൽ ഒരു കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ട്‌, മറ്റുള്ളവരുടെ ആത്മീയ നന്മകൾ വർദ്ധിതമാക്കുന്നതിനും അവരിൽ ആനന്ദം നിറയുന്നതിനും ക്ലാര ഏറെ ശ്രദ്ധചെലുത്തിയിരുന്നു. ഇത്തരം പുണ്യങ്ങൾ ഇക്കാലത്ത്‌ അന്യമായിപ്പോകുന്നത്‌ നാം അറിയുന്നുണ്ട്‌. സ്വയം വിശുദ്ധിയിൽ ജീവിക്കുകയും അതോടൊപ്പം മറ്റുള്ളവരെ വിശുദ്ധിയിൽ വളർത്തുകയും ചെയ്ത ക്ളാരയെക്കുറിച്ച്‌ പിന്നീട്‌ നമ്മൾ മനസിലാക്കുന്നത്‌  സഭാ ചരിത്രത്തിൽത്തന്നെ സന്യാസിനികൾക്കായി രേഖാമൂലമുള്ള ഒരു നിയമം നിർമ്മിച്ച ആദ്യത്തെ സ്ത്രീയെന്നാണ്‌. അതുപോലെ ബെനെഡിക്ട്‌ പതിനാറാമൻ മാർപ്പാപ്പ ഒരിക്കൽ വിശുദ്ധ ക്ലാരയെക്കുറിച്ച്‌ പറഞ്ഞതിങ്ങനെയാണ്‌: “വിശ്വാസത്താൽ സമ്പന്നരായ ധീരരായ സ്ത്രീകളോട്‌ സഭ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നതിന്‌ തെളിവാണ്‌ ഈ പുണ്യവതി, അവളെപ്പോലെ, സഭയുടെ നവീകരണത്തിന്‌ നിർണ്ണായക പ്രേരണ നൽകാൻ കഴിവുള്ളവർ ചുരുക്കമാണ്‌”.

സ്ത്രീകളുടെ ധ്യാനാത്മക സമൂഹത്തെ നയിക്കുകയെന്ന ദൈനംദിന ജോലികളിൽ ക്ലാര സന്തോഷപൂർവം പങ്കെടുത്തു. അതുപോലെ സമൂഹത്തിലെ അംഗങ്ങളെ സേവിക്കാനുള്ള അവളുടെ സന്നദ്ധതയുടെ വ്യക്തമായ സൂചന അവളുടെ ജീവചരിത്രകാരൻ നൽകുന്നുണ്ട്‌. അപൂർവ്വമായി മാത്രമേ ക്ലാര ഉത്തരവുകൾ നൽകുമായിരുന്നുള്ളത്രേ, പകരം അവൾ സ്വമേധയാ കാര്യങ്ങൾ ചെയ്യും, സഹോദരിമാരോട്‌ ആജ്ഞാപിക്കുന്നതിനേക്കാൾ സ്വയം കാര്യങ്ങൾ ചെയ്യുന്നതിന്‌ അവൾ മുൻഗണന നൽകിയിരുന്നു. കുഷ്ഠരോഗികളെ ശുശ്രൂഷിച്ചശേഷം പുറമേനിന്ന്‌ മടങ്ങിയെത്തുന്ന സഹോദരിമാരുടെ കാലുകൾ അവൾ ഇടയ്ക്കിടെയും ഭക്തിപൂർവ്വം കഴുകുകയും കഴുകിയ ശേഷം അവരെ ചുംബിക്കുകയും ചെയ്തിരുന്നു എന്നൊക്കെ വായിക്കുമ്പോൾ, അധികാരത്തിൽ ഭ്രമിക്കാത്ത, എന്നാൽ ആഴത്തിൽ ക്രിസ്തുവിനെ മനസിലാക്കിയ ഒരു ജീവിതമായിരുന്നു ഈ പുണ്യവതിയുടേത്‌. വിശുദ്ധ പൗലോശ്ളീഹ ഗലാത്തിയക്കാർക്കുള്ള ലേഖനത്തിൽ പറയുന്നതുപോലെ, ”ക്രിസ്തുവിനോട്‌ ഐക്യപ്പെടാൻവേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്‌“(ഗലാത്തിയ 3:27-28). എന്ന ഈ വചനം ഓർമ്മിപ്പിക്കുന്നതുപോലെയുള്ള ജീവിതമായിരുന്നു ക്ലാരയും കൂട്ടരും ജീവിച്ചത്‌ എന്ന്‌ സാരം.

പല സമയങ്ങളിലായി ക്ളാരയോടൊപ്പം വന്നുചേർന്ന സഹോദരിമാർ ഓരോരുത്തർക്കും കർത്താവിൽ നിന്ന്‌ ലഭിച്ച ഏറ്റവും വലിയ ദാനമായ അവരുടെ ദൈവവിളി പരിപോഷിപ്പിക്കുന്നതിനും അതിൽ യഥാർത്ഥ സന്തോഷം കണ്ടെത്തുന്നതിനുമായി ക്ളാര വളരെയധികം ശ്രദ്ധകൊടുത്തിരുന്നു എന്നത്‌ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതായ കാര്യമാണ്‌. ഓരോ ദൈവവിളിയും, അത്‌ ഏത്‌ ജീവിതാന്തസ്സിലേക്കാകട്ടെ, അമൂല്യമാണ്‌. ഇന്നും വിശുദ്ധ ക്ലാരയെപ്പോലെ തങ്ങളുടെ സാന്നിധ്യത്താൽ ഒപ്പമുള്ളവരുടെ സന്തോഷം വർദ്ധിതമാക്കുന്ന ഉപകരണങ്ങളായി ഓരോരുത്തരും മാറിയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു. എന്നാൽ ഇതിനു വിപരീതമാകുന്ന കാര്യങ്ങൾ മുൻപത്തേക്കാൾ അധികമായി ഉയർന്നുവരുന്നു എന്നത്‌ വിസ്മരിക്കാനാവില്ല.

ആത്മീയതയെക്കുറിച്ചും അതിലെ നേതൃത്വത്തെക്കുറിച്ചും വിശുദ്ധ ക്ലാരയിൽ നിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? അവളുടെ ജീവിതവും സന്ദേശവും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ബാധകമാണോ? അതുപോലെ ഈ നൂറ്റാണ്ടിലെ ആളുകളോട്‌ വിശുദ്ധ ക്ലാരയ്ക്ക്‌ സംസാരിക്കാൻ കഴിയുമോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം വിശുദ്ധ ക്ലാരയുടെ ജീവിതത്തിലെ കുറച്ചുകാര്യങ്ങൾ പറഞ്ഞതിൽ നിന്നും നമുക്ക്‌ മനസിലാക്കിയെടുക്കാൻ പറ്റും.

വിശുദ്ധ ക്ളാരയെപ്പോലെ യേശുവിനെ പ്രതിഫലിപ്പിക്കുന്ന ഒരു നേതൃത്വ ശൈലിയിൽ ജീവിതത്തെ സമീപിക്കാൻ തയ്യാറുള്ളവരുണ്ടെങ്കിൽ, എല്ലാറ്റിലും തിരുഹിതം വെളിപ്പെടും. സ്വത്വബോധം കൈമോശം വരുമ്പോഴാണ്‌ പലരുടേയും ജീവിതത്തിന്റെ വഴിതെറ്റുന്നത്‌. വിശുദ്ധ ക്ലാര പൂർണമായും കർത്താവിൽ ആശ്രയിച്ചിരുന്നതിനാൽ അവളുടെ സ്വത്വത്തെക്കുറിച്ച്‌ വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതിനാൽ അവളുടെ ലക്ഷ്യം തെറ്റിയില്ല എന്നു മാത്രമല്ല ഇരുളിൽ അകപ്പെട്ടുപോയ അനേകരെ യഥാർത്ഥപ്രകാശമായ ഈശോയിലേക്ക്‌ നയിക്കുന്ന വിശൂദ്ധ സാന്നിധ്യമായി ഇന്നും നമുക്കൊപ്പമുണ്ട്‌.

തന്നോടൊപ്പമുള്ളവരെ ആദരിച്ചും സ്നേഹിച്ചും വിശുദ്ധ ക്ലാര ജീവിച്ചപ്പോൾ അവിടെ ദൈവം ധാരാളം നന്മകളാൽ അവരുടെ സന്യാസ സമൂഹത്തേയും നാടിനേയും അനുഗ്രഹിച്ചു. ഇത്തരത്തിൽ ദൈവവിശ്വാസികൾ ആയിരിക്കുന്ന എല്ലായിടങ്ങളും സ്നേഹത്തിന്റേയും നന്മയുടേയും ഇടങ്ങളായി മാറാൻ വിശുദ്ധ ക്ലാരയുടെ മാധ്യസ്ഥം നമുക്കപേക്ഷിക്കാം. അപ്രകാരം എല്ലായിടത്തും നന്മയുണ്ടാകട്ടെ.

പോൾ കൊട്ടാരം കപ്പൂച്ചിൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.