ഓരോ രാത്രിയിലും വേശ്യകളെ മുറിയിലേക്ക് കൊണ്ടുവന്നിരുന്ന ഒരു വിശുദ്ധന്‍


എന്താ തലവാചകം കണ്ടിട്ട് നെറ്റി ചുളിയുന്നുണ്ടോ? സത്യമാണത്. ഓരോ രാത്രിയിലും ഓരോ വേശ്യകളെ തന്റെ മുറിയിലെത്തിച്ചിരുന്ന ഒരു വിശുദ്ധനുണ്ടായിരുന്നു. വിശുദ്ധ വിറ്റാലിസ്. പാലസ്തീന്‍ ഗാസയിലെ ഒരു സന്യാസിയായിരുന്നു അദ്ദേഹം.

അറുപത് വയസ് പ്രായമുള്ള അവസരത്തിലായിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തിരുന്നത്. അലക്‌സാണ്ട്രിയായിലേക്ക് പോയി അവിടെയുള്ള വേശ്യകളെയായിരുന്നു അദ്ദേഹം നിത്യവും മുറിയിലെത്തിച്ചിരുന്നത്. അവിടെയെത്തി അദ്ദേഹം ആദ്യം ചെയ്തിരുന്നത് നഗരത്തിലെ വേശ്യകളുടെയെല്ലാം പേരുകള്‍ ശേഖരിക്കുകയായിരുന്നു.

അതിന് ശേഷം എന്തെങ്കിലും ജോലി അന്വേഷിച്ചിറങ്ങും. ഒരു കൂലിത്തൊഴിലാളിയായിട്ടാണ് വിറ്റാലിസ് അധികവും ജോലി ചെയ്തിരുന്നത്. പാറ പൊട്ടിക്കല്‍ പോലെയുള്ള കഠിനമായ ജോലികളാണ് വിറ്റാലിസ് ചെയ്തിരുന്നത്. അങ്ങനെ കിട്ടുന്ന പണം കൊണ്ടാണ് അദ്ദേഹം വേശ്യാവൃത്തിയെടുത്ത് ജീവിച്ചിരുന്ന സ്ത്രീകളെ തന്റെ മുറിയിലെത്തിച്ചിരുന്നത്.

ഇതുവരെ വായിച്ചപ്പോള്‍ ഈ വിശുദ്ധനെക്കുറിച്ച് പല ചിന്തകളും ധാരണകളും നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവാം. പക്ഷേ എന്തിനായിരുന്നു അദ്ദേഹം കഠിനാദ്്ധ്വാനം ചെയ്തതെന്നും സ്ത്രീകളെ മുറിയിലെത്തിച്ചതെന്നും അറിയുമ്പോള്‍ ആകാംക്ഷ നടുക്കമായി മാറും.

ശരീരം വിറ്റ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ആ സ്ത്രീകള്‍ക്ക് ദിവസം തോറും അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന തുക കൊടുത്ത് അവരോട് ഈ വിശുദ്ധന്‍ രാത്രി മുഴുവന്‍ ക്രിസ്തുവിനെക്കുറിച്ച് സംസാരിച്ചു, ശരീരത്തെയും ലൈംഗികതൃഷ്ണകളെയും കാള്‍ വലുതാണ് ആത്മാവും സ്വര്‍ഗ്ഗവുമെന്നും പഠിപ്പിച്ചു. ഓരോ മനുഷ്യശരീരത്തിന്റെയും മാന്യത പഠിപ്പിച്ചു.

വിശുദ്ധന്റെ ഈ വാക്കുകള്‍ അവരില്‍ മാനസാന്തരത്തിന്റെ ഫലം ഉളവാക്കി. പലരും തങ്ങളുടെ പാപവഴികള്‍ ഉപേക്ഷിച്ചു. ക്രിസ്തുവിന്റെ അനുയായികളായി.

വിശുദ്ധ വിറ്റാലിസിന്റെ ഈ ശുശ്രൂഷകളെക്കുറിച്ച് അറിയുമ്പോള്‍ നാം ഓരോരുത്തരും തീര്‍ച്ചയായും അത്ഭുതപ്പെട്ടുപോകും. ഹൗ! എത്രയോ മഹത്തായ ശുശ്രൂഷയാണ് അദ്ദേഹം നിര്‍വഹിച്ചിരുന്നത്.

ക്രിസ്തുവിനെ കൊടുക്കാന്‍ എത്രയോ വ്യത്യസ്തമായ വഴികളാണുള്ളത്. അല്ലേ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.